നരേൻ, ജോജു ജോർജ്, ഷറഫുദീൻ, ആനന്ദി, പവിത്ര ലക്ഷ്മി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അദൃശ്യം എന്ന ചിത്രം നവംബർ 18നാണ് തീയേറ്ററുകളിൽ എത്തിയത്. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രത്തിൻ്റെ സംവിധാനം. മലയാളത്തിൻ്റെ പ്രിയ താരങ്ങളുടെ കൂട്ടുകെട്ട് കാത്തിരുന്ന പ്രേക്ഷകർക്ക് മികച്ചൊരു കാഴ്ച അനുഭവം തന്നെയാണ് സമ്മാനിച്ചത്. പേര് പോലെ തന്നെ അദൃശ്യമായി നിൽക്കുന്ന സത്യത്തെ തേടിയുള്ള, മൂന്ന് വഴിക്കുള്ള അന്വേഷണം കാണികളെ പിടിച്ചിരുത്തുന്നു.
സ്വാമിയായി എത്തുന്ന നടൻ ജോജു ജോർജ് സിബിഐ ഉദ്യോഗസ്ഥനാണ്. തന്നെ ഏൽപ്പിക്കുന്ന ജോലി സ്വാമിയായി തന്നെ അന്വേഷിച്ച് ജോജു മുന്നേറുമ്പോൾ, മറ്റൊരു വഴിക്ക് ഡിറ്റക്ടീവായി നടൻ നരേനും പ്രത്യക്ഷപ്പെടുന്നു. ഇരുവരുടെയും ഓരോ നീക്കം കാണികളിൽ ആവേശം നിറയ്ക്കുന്നു. നരേൻ്റെ ടീമിൽ നിൽക്കുന്ന ഉദ്യോഗസ്ഥനായിട്ടാണ് ഷറഫുദ്ദീൻ എത്തുന്നത്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നരേൻ മലയാളത്തിൽ തിരികെ എത്തി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് ടീമുകളായി മൂവരും നടത്തുന്ന അന്വേഷണത്തിൻ്റെ തുടക്കമാണ് ആദ്യപകുതിയിൽ. ഒരു കൊലപാതകവും, പെൺകുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണവുമാണ് ചിത്രം പറയുന്നത്.
തമിഴും മലയാളവും ഇടകലർത്തിയുള്ള അവതരണം പ്രേക്ഷകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. പതിഞ്ഞതാളത്തിലുള്ള ആദ്യപകുതി നിരാശയാണ് സമ്മാനിക്കുന്നത്. തിരക്കഥയിലും മേക്കിംഗിലും എൻഗേജിംഗ് ആയ അവതരണം കൊണ്ടുവരാൻ സാധിച്ചില്ല എന്നതും സിനിമയുടെ പോരായ്മയാണ്.
രണ്ടാം പകുതിയിൽ പ്രേക്ഷകരിൽ ഉദ്വേഗം നിറയ്ക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. വില്ലനാര്, നായകനാര് എന്ന പ്രേക്ഷകൻ്റെ ധാരണകളെ രണ്ടാം പകുതി പൊളിച്ചെഴുതുന്നുണ്ട്. അവസാന നിമിഷം വരെ പിടിതരാതെ ആകാംക്ഷയിലാഴ്ത്താൻ അദൃശ്യം എന്ന ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ സിനിമ ഫോറൻസിക്, കള എന്നീ ചിത്രങ്ങൾ നിർമിച്ച ജുവിസ് പ്രൊഡക്ഷനും യുഎഎൻ ഫിലിം ഹൗസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നിവരും ചേർന്നാണ് നിർമിക്കുന്നത്. മലയാളത്തിനൊപ്പം തന്നെ ഈ ചിത്രം തമിഴിലും പ്രദർശിപ്പിക്കുന്നുണ്ട്. തമിഴ് പതിപ്പിന് യുഗി എന്നാണ് നൽകിയിരിക്കുന്ന പേര്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.