മണിരത്നത്തിൻ്റെ ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിൻ സെൽവത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗം തീയേറ്ററിലെത്തുന്ന തീയതി ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം അടുത്ത വർഷം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിലൂടെ അറിയിച്ചത്. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ ഒന്നടങ്കം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ചിത്രം കൂടിയാണ് പിഎസ് 2.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ പ്രദർശനത്തിന് എത്തിയത്. സെപ്റ്റംബർ 30നായിരുന്നു ചിത്രം എത്തിയത്. ഏറ്റവും വേഗത്തിൽ തമിഴ്നാട്ടിൽ 100 കോടി നേടിയ ചിത്രമെന്ന റെക്കോർഡ് പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിരുന്നു. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഐശ്വര്യ റായി, വിക്രം, കാർത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ വൻതാരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.
സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിൻ്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ.