ലാൽ ജോസ് സംവിധാനം ചെയ്ത്, 2006 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിൻ്റെ പശ്ചാത്തലത്തിലുള്ള കഥ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. വർഷങ്ങൾക്കിപ്പുറവും ഈ ചിത്രം നെഞ്ചിലേറ്റിയവരാണ് അധികവും. ഈ ചിത്രത്തിൻ്റെ റിലീസോടെയാണ്, പൂർവ്വ വിദ്യാർത്ഥി മീറ്റിംഗുകൾ എന്ന ആശയം കേരളത്തിൽ വൻ തോതിൽ ആഘോഷിക്കപ്പെട്ടത്. പൂർവ്വ വിദ്യാർത്ഥികളെ പരസ്പരം സമ്പർക്കം പുലർത്താൻ സഹായിക്കുന്നതിനായി സ്‌കൂളുകളും കോളേജുകളും അത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കാൻ തുടങ്ങി.
ഈ ചിത്രം ഇപ്പോൾ മലയാള സിനിമയിലെ ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ ഉയരുന്ന ചോദ്യം ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടോ എന്നതാണ്. ഈ വാർത്തയെ കുറിച്ചും ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തെ കുറിച്ചും മനസ് തുറക്കുകയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ നരേൻ. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിന് പാർട്ട് 2 ഉണ്ടാകുമോ എന്ന് ചോദിച്ചാൽ പാർട്ട് 2 വേണ്ടാ എന്നാണ് തൻ്റെ അഭിപ്രായമെന്ന് നരേൻ പറയുന്നു.
എവിടെ പോയാലും ആരെങ്കിലുമൊക്കെ ക്ലാസ്‌മേറ്റ്‌സിൻ്റെ പാർട്ട് 2 ഉണ്ടാകുമോ എന്ന് ചോദിക്കാറുണ്ട്. പാർട്ട് 2 വന്നാൽ ഞാൻ ഉണ്ടാവില്ലല്ലോ സിനിമയിൽ. അതുകൊണ്ട് വേണ്ട എന്നാണ് എൻ്റെ അഭിപ്രായമെന്ന് നടൻ പറയുന്നു. തൃശൂർ കേരളവർമ്മ കോളജിലാണ് പഠിച്ചത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രം ഹൃദയത്തോട് അടുത്ത് നിൽക്കുന്നതാണ്.
സിനിമയിൽ കഥാപാത്രത്തിനുണ്ടാകുന്ന മരണം ഒഴിച്ച് കഴിഞ്ഞാൽ മുരളിയേ പോലെ ഒരാളായിരുന്നു ഞാനും. കോളജ് ലൈഫിൽ എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. എല്ലാ പ്രശ്‌നങ്ങളും സോൾവ് ചെയ്യുന്ന എസ്എഫ്‌ഐയോടും കെഎസ്യുവിനോടും അടുത്ത് നിൽക്കുന്ന ഒരാളായിരുന്നു. എൻ്റെ കോളേജ് ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെടുത്താൻ കഴിഞ്ഞ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ഇപ്പോഴും എവിടെ ചെല്ലുമ്പോഴും ക്ലാസ്‌മേറ്റ്‌സിലെ പാട്ട് പറഞ്ഞു എന്നെ പരിചയപ്പെടുത്താറുണ്ടെന്ന് നരേൻ കൂട്ടിച്ചേർത്തു.