‘32,000 സ്ത്രീകളെ മതപരിവർത്തനം നടത്തി ഐ.എസ്. തീവ്രവാദികളാക്കി’ എന്ന പ്രമേയത്തിലൂടെ ദി കേരള സ്റ്റോറി എന്ന ചിത്രമിറക്കി മലയാള മണ്ണിനെ താറടിക്കാൻ ശ്രമം. ഹിന്ദി സിനിമയായ കേരള സ്റ്റോറിയുടെ ടീസർ എത്തിയതോടെയാണ് ഒളിഞ്ഞിരിക്കുന്ന സംഘപരിവാറിൻ്റെ നീക്കം വെളിപ്പെട്ടത്. സിനിമയ്ക്കെതിരെ ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാർദം തകർക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന പരാതി.
പരിശോധനയിൽ പരാതി ശരിവെക്കുന്നതാണെന്നും കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവിക്ക് കൈമാറിയ കേസ് ഹൈടെക് എൻക്വയറി സെൽ പ്രാഥമിക പരിശോധന നടത്തി. തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസ്സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ കമ്മിഷണർ ജി. സ്പർജൻ കുമാർ നിർദേശം നൽകുകയും ചെയ്തു.
കേരളത്തിൻ്റെ മതസൗഹാർദവും ഒത്തൊരുമയും മുൻപോട്ടുള്ള കുതിപ്പിനെയും തുരങ്കം വെയ്ക്കുക എന്നതാണ് ഈ ചിത്രത്തിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ വീഡിയോ പ്രചരിപ്പിച്ച് രാജ്യത്താകെ കേരള വിരുദ്ധ വികാരം ഉണ്ടാക്കുകയാണ് സംഘപരിവാർ ലക്ഷ്യം. വിദ്യാഭ്യാസ രംഗത്തും വളർച്ചയിലും കേരളം ഒന്നാമത് എത്തുകയും ബിജെപി ഭരണ സംസ്ഥാനങ്ങൾ പിന്നോക്കം നിൽക്കുന്നതും കേരളത്തിൽ ഭരണം പിടിക്കാൻ സാധിക്കാത്തതുമെല്ലാം സംഘപരിവാറിനെ ചൊടിപ്പിക്കുന്നു എന്നതിന് തെളിവ് കൂടിയാവുകയാണ് ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിൻ്റെ ടീസർ. ശാലിനി ഉണ്ണികൃഷ്ണൻ എന്ന ഹിന്ദു വിദേശത്ത് നേഴ്സ് ആകാൻ ആഗ്രഹിച്ച് ഐഎസിൽ എത്തിയ കഥ വിവരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി എന്ന പേരിൽ ഒരുങ്ങുന്നത്.
ടീസർ വൻ തോതിൽ പ്രചരിക്കുന്നതിന് പിന്നിലും സംഘപരിവാറിൻ്റെ ചരടു വലി ഉണ്ടെന്നതിൽ സംശയമില്ല. ശാലിനി ഉണ്ണികൃഷ്ണൻ ഐഎസിൽ ചേർന്ന് ഫാത്തിമ ആയെന്നും ഇപ്പോൾ അഫ്ഗാനിൽ ജയിലിൽ ആണെന്നും ബുർഖ ധരിച്ചു കൊണ്ട് പറയുന്ന രംഗമാണ് ടീസറിൽ ഉള്ളത്. 32,000 ഓളം സ്ത്രീകൾ കേരളത്തിൽ നിന്ന് ഇത്തരത്തിൽ മതപരിവർത്തനം നടത്തി ഐഎസിൽ ചേർന്നുവെന്നും സിനിമയുടെ ടീസർ ആരോപിക്കുന്നു. നേരത്തെ സിനിമയുടെ സംവിധായകനായ സുദീപ്തോ സെന്നിൻ്റെ അഭിമുഖവും ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
2009 മുതൽ കേരളത്തിൽ നിന്ന് 32000 സ്ത്രീകൾ ഐഎസിൽ ചേർന്നു എന്നാണ് സംവിധായകൻ സുദീപ്തോ സെൻ അഭിമുഖത്തിൽ ആരോപിച്ചത്. യാതൊരു വസ്തുതയും ഇല്ലാതെയുള്ള ഈ പരാമർശവും വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു. ഈ നുണക്കഥയാണ് സിനിമയായി എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ദേശീയ തലത്തിൽ തന്നെ തല ഉയർത്തി നിൽക്കുന്ന കേരളത്തെ വീഴ്ത്താൻ ഇത്തരം നുണക്കഥയിലൂടെ അല്ലാതെ സാധ്യമല്ല എന്ന തിരിച്ചറിവാണ് സംഘപരിവാറിനെ ഈ വിധം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.