തമിഴ് താരം കാർത്തിയുടെ 25-ാമത്തെ ചിത്രമായ ജപ്പാൻ ചെന്നൈയിൽ തുടക്കമായി. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളികളുടെ പ്രിയങ്കരിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസ് നിർമിക്കുന്ന ആറാമത്തെ കാർത്തി ചിത്രം കൂടിയാണ് ജപ്പാൻ.
തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിലും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോലി സോഡ, കടുക് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.
വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തിലാണ് കാർത്തി എത്തുന്നത്. നവംബർ 12 മുതൽ തൂത്തുക്കുടിയിലും, കേരളം എന്നിവിടങ്ങളിലുമായി ചിത്രീകരണം പൂർത്തീകരിക്കും. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമനാണ് ഛായാഗ്രാഹകൻ. പിആർഒ: സി. കെ. അജയ് കുമാർ