അഭിനയ മികവ് ഒന്ന് കൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമ ലോകത്ത് ചുവടുറപ്പിക്കാൻ കഴിഞ്ഞ നടനാണ് രാജേഷ് മാധവൻ. കുഞ്ചാക്കോ ബോബൻ്റെ “ന്നാ താൻ കേസ് കൊട്” എന്ന ഹിറ്റ് ചിത്രത്തിൽ നിന്ന് തന്നെ നടൻ്റെ റേഞ്ച് ആരാധകർക്കും ബോധ്യപ്പെട്ടതാണ്. അതിന് തെളിവാണ് തീയേറ്ററുകളിൽ നിന്നും ലഭിച്ച കൈയടികൾ. ഇപ്പോഴിതാ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്.
എസ്‍ടികെ ഫ്രെയിംസിൻ്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങള്‍ 22നാണ് പുറത്ത് വിടുക. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ‘മഹേഷിൻ്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്. ദിലീഷ് പോത്തനെയും ശ്യം പുഷ്‍കരനെയും കഥ കേള്‍പ്പിക്കാൻ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവൻ അന്ന് പറഞ്ഞിരുന്നത്.
‘തിങ്കളാഴ്‌ച നിശ്ചയ’ത്തിൻ്റെയും കാസ്റ്റിംഗ് ഡയറക്‌ടറായും രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘തിങ്കളാഴ്‌ച നിശ്ചയത്തിൻ്റെ ക്രിയേറ്റീവ് ഡയറക്‌ടറായും രാജേഷ് മാധവൻ പ്രവര്‍ത്തിച്ചു. ചിരിയുടെ മുഖമായ രാജേഷ് മാധവൻ സംവിധായകനാകുമ്പോള്‍ ഏതുതരം ചിത്രമായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.