ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തീയേറ്റുകളിലേയ്ക്ക് എത്തിയത്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്. ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് കൂമൻ. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാർ ആണ് തിരക്കഥ.
കേരള തമിഴ് നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്‌ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നു. അയാളുടെ കർക്കശ്യ സ്വഭാവം ആ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകൻ്റെയും ജീവിതത്തെ കീഴ്‌മേൽ മറിക്കുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
മനുഷ്യൻ്റെ പിറവിക്കൊപ്പം കൂടെ കൂടിയ ഒന്നാണ് വിശ്വാസങ്ങളും ഭക്തിയും. ഈ വിശ്വാസം കാലക്രമേണ ഓരോരോ മതങ്ങളായി തിരിഞ്ഞു. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം തുടങ്ങിയ വിവിധ മത വിഭാഗങ്ങളും ഇതിനുള്ളിലെ ജാതി വിഭാഗങ്ങളുമായി വിശ്വാസം മനുഷ്യൻ്റെ വളർച്ചയ്ക്കൊപ്പം അടിയുറച്ചു. അമ്പലങ്ങളും പള്ളികളും ഉയർന്നു, ഒപ്പം ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്രതങ്ങളും. എന്നാൽ, ഈ വിശ്വാസമാണ് ഇന്ന് മനുഷ്യ മനസിൻ്റെ ദൗർബല്യവും. ഇത്തരം സംഭവ വികാസങ്ങളിലൂടെയാണ് ആസിഫ് അലി നായകനായി എത്തുന്ന കൂമൻ ചിത്രം കടന്നുപോകുന്നത്.
ദൃശ്യം, ദൃശ്യം 2, മെമ്മറീസ് തുടങ്ങിയ ത്രില്ലർ ചിത്രങ്ങളുടെ തുടർക്കഥ തന്നെയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമനും. ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ല, മറിച്ച് ഓരോ നിമിഷവും ചങ്കിടിപ്പ് കയറ്റുന്ന നിമിഷത്തിലേയ്ക്കാണ് തള്ളിവിടുന്നത്. അന്വേഷണ ചിന്താഗതി ഏറെയുള്ള പോലീസ് കോൺസ്റ്റബിൾ ആയിട്ടാണ് ആസിഫ് അലി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തന്നെ കളിയാക്കുകയോ അഭിമാനത്തെ വ്രണപ്പെടുത്തുകയോ ചെയ്യുമ്പോൾ, ആ നിമിഷം മുഖത്ത് വിരിയുന്ന പുഞ്ചിരിയിലും കണ്ണിലെ തിളക്കത്തിലും ഗിരി എന്ന കഥാപാത്രത്തിന് ആസിഫ് അലി ജീവൻ നൽകി.
അവസരം വരുമ്പോൾ മനസിൽ കണക്ക് കൂട്ടിയിട്ട പ്രതികാരം തീർക്കുകയാണ് ഗിരി. വിദ്വേഷം മനസിൽ കൊണ്ടുനടക്കുന്ന ഈ പോലീസ് കഥാപാത്രം തനിക്ക് ‘ഇണങ്ങാത്ത വേഷം’ ധരിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ആദ്യ പകുതി. എന്നാൽ ഈ യാത്ര എത്തിപ്പെടുന്നതാകട്ടെ മനുഷ്യ മനസുകളുടെ കൈപ്പിടിയിൽ ഒതുക്കുന്ന മറ്റൊരു ലോകത്തിലേയ്ക്കും. രണ്ടാം പകുതിയിൽ, ഗിരി എന്ന കഥാപാത്രത്തിൻ്റെ നാട്ടിൽ തുടരെ നടക്കുന്ന ആത്മഹത്യകൾക്ക് കാരണം അന്വേഷിച്ചു പോകുന്നതാണ്.
ഈ ദുർമരണങ്ങളുടെ വേര് തേടി അന്വേഷിച്ചു പോകുന്ന പോലീസ് കോൺസ്റ്റബിൾ ഗിരിയുടെ യാത്ര പ്രേക്ഷകൻ്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. ചിത്രത്തിൻ്റെ പേര് പോലെ തന്നെ കൂമൻ ആവുകയാണ് ചിത്രത്തിൽ ആസിഫ് അലി. ഓരോ നിമിഷത്തിലും ഇവനാണ് എല്ലാത്തിനും പിന്നിലെന്ന ഹിന്റ് പ്രേക്ഷകനിൽ നൽകി ഉറപ്പിക്കുന്നിടത്ത് നടക്കുന്ന ട്വിസ്റ്റ് പ്രേക്ഷകനെ കുഴപ്പത്തിലാക്കുന്നു.
അവസാന നിമിഷം വരെ പിടിതരാതെ മുൻപോട്ട് പോകുന്ന ചിത്രം ക്ലൈമാക്‌സിൽ നല്ലൊരു കാഴ്ച വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. ചിത്രത്തിൽ ആസിഫ് അലിയുടെ പ്രകടനം പ്രശംസയർഹിക്കുന്നതാണ്. പ്രധാന സ്ത്രീ കഥാപാത്രമായെത്തിയ ഹന്ന റെജി കോശിയും മികച്ചുനിന്നു. മറ്റു കഥാപാത്രങ്ങളെയവതരിപ്പിച്ച രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, പൗളി വിൽസൻ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ പ്രേക്ഷകരുടെ മനസിൽ നിന്ന് മായാതെ നിൽക്കുന്നത് കള്ളൻ മണിയൻ എന്ന കഥാപാത്രത്തിൽ എത്തിയ ജാഫർ ഇടുക്കിയാണ്. ഈ കാഥാപാത്രം ഏറെ പ്രശംസയർഹിക്കുന്നു.