ബോസിൽ ജോസഫും ദർശന രാജേന്ദ്രനും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം ജയ ജയ ജയ ജയ ഹേ മികച്ച പ്രതികരണം തേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന ചിത്രത്തിലെ ഓരോ സീനുകളും വൻ തോതിലാണ് ചർച്ചയാകുന്നത്. ജീവിതത്തിൽ സ്വന്തമായി ഒരു തീരുമാനം എടുക്കാൻ പോലും അനുവാദമില്ലാതെ വീർപ്പുമുട്ടി ജീവിക്കുന്ന ജയഭാരതി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലുടനീളം കാണാൻ സാധിക്കുന്നത്. ദർശനയാണ് ജയഭാരതിയെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ ജയയുടെ കഥാപാത്രത്തെ തന്റെ കഥാപാത്രമായ രാജേഷ് പെണ്ണുകാണാൻ വരുന്ന രംഗം തന്നെ തെറ്റാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് തുറന്ന് പറയുകയാണ് നടൻ ബേസിൽ ജോസഫ്. പെണ്ണുകാണാൻ വരുന്ന ചെറുക്കനോടും വീട്ടുകാരോടും വിവാഹ ശേഷം പെൺകുട്ടിക്ക് പഠിക്കാൻ പോകാൻ അനുവാദം ചോദിക്കുന്ന രംഗമാണ് യഥാർത്ഥത്തിൽ അത് തെറ്റാണെന്ന് ബേസിൽ പറയുന്നത്.
ബേസിൽ ജോസഫിൻ്റെ വാക്കുകൾ;
ടീസറിൽ കാണുന്നത് പോലെ ദർശനയുടെ കഥാപാത്രമായ ജയ അല്ല പഠിക്കാൻ പൊയ്ക്കോട്ടെ എന്ന് ചോദിക്കുന്നത്. പെണ്ണുകാണാൻ വന്നിരിക്കുമ്പോൾ ജയയുടെ വീട്ടുകാർക്കൊക്കെ ഇത് ചോദിക്കാൻ മടി. ഒടുവിൽ കല്യാണം കഴിഞ്ഞാൽ ജയക്ക് പഠിക്കാൻ പോണം എന്നാണ് പറയുന്നത് എന്ന് ജയയുടെ ആങ്ങളയാണ് ചോദിക്കുന്നത്. അത്രയും ബിൽഡപ്പാണ് ഈയൊരു ചോദ്യം ചോദിക്കാൻ. ജയയ്ക്ക് ഇത് ചോദിക്കാൻ പറ്റുന്നില്ല.
ശരിക്ക് ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാൻ വന്നിരിക്കുന്നവൻ്റെ അടുത്ത് പഠിക്കാൻ പോകാൻ പെർമിഷൻ ചോദിക്കേണ്ട കാര്യമേയില്ല. പഠിക്കാൻ പോണമെങ്കിൽ പോണം, അത്രേയുള്ളൂ. പക്ഷെ ജയയുടെ കാര്യത്തിൽ ഈ പെർമിഷൻ ചോദിക്കുന്നു. അത് കേട്ടപ്പോൾ തന്നെ ചെറുക്കൻ്റെ വീട്ടുകാർ ഞെട്ടിയ ഒരു റിയാക്ഷൻ കൊടുക്കുന്നു. ചെറുക്കനും ദേഷ്യത്തിൽ റിയാക്ട് ചെയ്യുന്നു. എന്നിട്ട്, കുറച്ച് ആലോചിച്ച ശേഷം പി.എസ്.സി വല്ലതും എഴുതിക്കിട്ടുവാണെങ്കിൽ പൊയ്ക്കോട്ടെ എന്ന് അയാൾ പറയുന്നു. അപ്പൊഴാണ് ജയയുടെ വീട്ടുകാർക്ക് സമാധാനമാകുന്നത്.
ഇത് വളരെ സീരിയസായുള്ള കാര്യമാണ്. ഒന്നാമത് ഇയാളുടെ അടുത്ത് അനുവാദം ചോദിക്കേണ്ട കാര്യമില്ല. കല്യാണം കഴിഞ്ഞ് പരസ്പരം സംസാരങ്ങളുണ്ടാകണം എന്നതിനപ്പുറം ഇതിൽ അനുവാദം ചോദിക്കേണ്ടതില്ല. പക്ഷെ സിനിമയിൽ ഇത് നർമത്തിലൂടെയാണ് ട്രീറ്റ് ചെയ്യുന്നത്. കാണുന്നവർക്ക് ചിരി വരും. പക്ഷെ ഓ ഞാനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ എന്ന് എല്ലാവർക്കും തോന്നും. അങ്ങനെയാണ് ഈ സിനിമയുടെ ട്രീറ്റ്മെന്റ്.