ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിൻ്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിച്ച് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ഒരുമിച്ചെത്തിയ ചിത്രമാണ് ജയ ജയ ജയ ജയഹേ. ഒക്ടോബർ 28 വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലേയ്ക്ക് എത്തിയത്. ഇറങ്ങും മുൻപേ ഹിറ്റടിച്ച ചിത്രം ആണ് ഒരു പക്ഷേ ജയ ജയ ജയ ജയഹേ എന്ന് പറയാൻ സാധിക്കും. കാരണം, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെയും ടീസറിലെയും വ്യത്യസ്തത പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു.
കൂടാതെ പിന്നാലെ എത്തിയ ഗാനവും ട്രെയിലറും സോഷ്യൽമീഡിയയിലും തരംഗം തീർത്തിരുന്നു. ഇൻസ്റ്റഗ്രാം റീൽസുകളിലും മറ്റും ബേസിലും ദർശനയുമാണ് ഇടംപിടിച്ചത്. ഇരുവരും ഒരുമിച്ച് ചെയ്ത റീൽസ് തീർത്ത ഓളം ചെറുതല്ല. വെള്ളിയാഴ്ച പ്രദർശനത്തിന് എത്തിയ ചിത്രം തീയേറ്റുകളിൽ ചിരിയുടെ മാലപ്പടക്കമാണ് തീർത്തത്. വലിയ താരനിരകളെ അണിനിരത്താതെ നർമത്തിലൂടെ പ്രേക്ഷകരിലേയ്ക്ക് ജയ ജയ ജയ ജയഹേ എത്തിക്കുന്നത് നാളിത്രയും സമൂഹത്തിന് നൽകാത്ത ഒരു പ്രമേയവും സന്ദേശവും കൂടിയാണ്.
ഒരു പെൺകുട്ടി ജനിച്ചു വീഴുന്ന നാൾ മുതൽ അവൾ എങ്ങനെ വളരണം, പഠിക്കണം, ആരോട് സംസാരിക്കണം എന്ത് ധരിക്കണം എന്ന് തുടങ്ങി അവളിൽ അധികാരം തീർക്കുന്ന ആൺ മേൽകോയ്മകളെ പാടെ പൊളിച്ചെഴുതുകയാണ് ചിത്രം. നൂൽ കെട്ടിയ പട്ടത്തെ നിയന്ത്രിക്കും പോലെ ജയഭാരതിയെ മുറുകെ പിടിക്കുന്ന മാതാപിതാക്കളിലൂടെയും അവളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ പിന്നീടുള്ള ജീവിതം തീരുമാനിക്കുന്ന ഭർത്താവിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്.
മകൻ തട്ടിമുട്ടി ജയിച്ച് പോകുമ്പോൾ അവന് ഇഷ്ടമുള്ളത് പഠിക്കാൻ അവസരം നൽകുകയും എന്നാൽ ഉയർന്ന മാർക്കോടെ പാസായി ഇഷ്ടമുള്ള വിഷയം പഠിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന ജയഭാരതിയാണ് ചിത്രത്തിൻ്റെ തുടക്കം. പിന്നീട് അവിടെ നിന്നങ്ങോട്ട് മാതാപിതാക്കളും അമ്മാവനും പറയുന്നത് മാത്രം കേട്ട് കിട്ടിയ പഠനം പോലും മുഴുവിപ്പിക്കാനാകെ മറുത്തൊരു വാക്ക് പറയാനാകാതെ ചായകുടിച്ച് ഓകെ പറഞ്ഞ് പോകുന്ന യുവാവിൻ്റെ കൈ പിടിച്ച് മറ്റൊരു ജീവിതത്തിലേയ്ക്കാണ് ജയഭാരതി കടക്കുന്നത്.
എന്നാൽ, അവിടെയും ജയഭാരതിയുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഭർത്താവും അവരുടെ സ്വഭാവവും വിലങ്ങ് തടിയാവുകയാണ്. അനങ്ങിയാലും തിരിഞ്ഞാലും പ്രഹരങ്ങൾ ഏറ്റ് മറുത്ത് സംസാരിക്കാതെ ജീവിക്കുകയാണ് ജയഭാരതി എന്ന ജയ. തനിക്കേൽക്കുന്ന പീഡനങ്ങൾ അറിയിക്കുമ്പോൾ പോലും വിവാഹ ജീവിതത്തിൽ ഇതെല്ലാം സർവ സാധാരണം, പെണ്ണിന് ക്ഷമയാണ് വേണ്ടതെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സ്വന്തം വീട്ടുകാരെയും നമുക്ക് ചിത്രത്തിൽ കാണാൻ സാധിക്കും.
പിന്നീട് അവൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തിന് മറ്റാരും പരിഹാരം കാണില്ലെന്ന തിരിച്ചറിവിൽ അവൾ എടുക്കുന്ന തീരുമാനങ്ങളും പിന്നീടുള്ള പ്രവർത്തികളുമാണ് ചിത്രത്തിൻ്റെ കാതൽ. അപ്രതീക്ഷിത മാറ്റം കാണികളിൽ ആവേശവും അതുപോലെ നർമത്തിനും ഹർഷാരവങ്ങളിലേയ്ക്കും വഴിവെയ്ക്കുന്നു. വീടിന് പുറത്ത് പോലും ഇറങ്ങാൻ സാധിക്കാത്ത ജയയുടെ മാറ്റത്തിലേയ്ക്ക് വഴിവെയ്ക്കുന്നതിൽ സ്മാർട്ട് ഫോണിൻ്റെയും പങ്ക് ചെറുതല്ല.
പിന്നീടുള്ള അവളുടെ പോരാട്ടം ഇന്ന് വിവാഹം കഴിഞ്ഞ് വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ കരഞ്ഞ് തീർക്കുന്ന ഒരു വിഭാഗം പെൺകുട്ടികൾക്കുള്ള സന്ദേശം കൂടിയാണ്. ക്ഷമിച്ചും സഹിച്ചും പൊറുത്തും പുഞ്ചിരി നിറച്ച് പൂമുഖത്ത് കാത്തിരിക്കേണ്ട ഭാര്യ സങ്കൽപ്പത്തെ നിഷ്കരുണം പൊളിക്കുകയാണ് ചിത്രം. സ്വന്തം നിലപാടിലും വ്യക്തിത്വത്തിലും ഉറച്ച് നിന്ന് സ്വന്തം കാലിൽ നിൽക്കാൻ ഇനിയുള്ള കാലഘട്ടത്തിലെ പെൺകുട്ടികൾക്ക് കഴിയണം എന്ന് വരച്ചു കാണിക്കുന്ന, ഉത്തമ ഉദാഹരണം കൂടിയാണ് ജയ ജയ ജയ ജയഹേ എന്ന ചിത്രം.
കുടുംബ ജീവിതത്തിൽ സ്ത്രീകൾക്ക് സംസ്കാരം, പാചകം, അനുസരണ തുടങ്ങിയവയാണ് വേണ്ടത് എന്ന പുരുഷ ഗണങ്ങളുടെ ചിന്തകളോട് നീതി, സമത്വം, സ്വാതന്ത്യം എന്നിവയാണ് വേണ്ടതെന്നും ഈ ചിത്രം പറഞ്ഞ് പഠിപ്പിക്കുന്നു. തുടക്കം മുതൽ ഒടുക്കും വരെ ചിരിപ്പിക്കുന്ന ജയയും കൂട്ടരും സമൂഹത്തിന് നൽകുന്നത് വലിയ സന്ദേശം തന്നെയാണെന്ന് ഉറപ്പിച്ച് പറയാം.