കേരളത്തിൽ ആദ്യ ഐ മാക്സ് തീയേറ്റർ തലസ്ഥാനത്ത് വരുന്നു. ലുലുമാളിലാണ് പുത്തൻ ദൃശ്യാനുഭവം ഒരുങ്ങുന്നത്. ഡിസംബറിലാണ് തീയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. ‘അവതാർ ദ വേ ഓഫ് വാട്ടർ’ ചിത്രമാണ് ആദ്യം പ്രദർശനത്തിന് എത്തുന്നത്. ഐ മാക്സിൻ്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയലാണ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
‘ഡിസംബറിൽ തിരുവനന്തപുരം ലുലുമാളിൽ ഐമാക്സ് തുറക്കുകയാണ്. അവതാർ ആദ്യ പ്രദർശനം. കേരളത്തിലെ ആദ്യ ഐമാക്സ് ഞങ്ങൾ ആരംഭിക്കുകയാണ്’. പ്രീതം ഡാനിയൽ ട്വിറ്ററിലൂടെ അറിയിച്ചു. വാർത്ത ലുലു ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, തീയതി പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരത്തിന് പുറമെ കൊച്ചി സെന്റർ സ്ക്വയർ മാളിലെ സിനിപോളിസിലും ലുലു മാളിലെ പിവിആറിലും ഐമാക്സ് കൊണ്ടുവരുന്നതിനെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഇവിടങ്ങളിൽ സന്ദർശനം നടത്തിയതായും പ്രീതം ഡാനിയൽ അറിയിച്ചു. പുതുകാലത്ത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിൽ വലിയ കൗതുകം ഉണർത്തിയ തീയേറ്റുകളാണ് ഐമാക്സ്.