പേരിൽ തുടങ്ങി പോസ്റ്ററുകളിൽ വരെ വ്യത്യസ്തത പുലർത്തിയ ചിത്രമാണ് റോഷാക്ക്. അതുപോലെ തന്നെ പ്രതികാരത്തിൻ്റെ ഇതുവരെ കാണാത്ത കഥയാണ് ചിത്രത്തിലും പറയുന്നത്. അവതരണ ശൈലിയും പ്രേക്ഷകർക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. കൊവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന് അക്ഷരാർത്ഥത്തിൽ കൈപിടിച്ചുയർത്തുകയായിരുന്നു റോഷാക്ക്. പ്രായത്തിനെ പോലും വെല്ലുന്ന പ്രകടനമാണ് മമ്മൂട്ടി ചിത്രത്തിൽ കാഴ്ചവെച്ചത്.
താരത്തിൻ്റെ അഭിനയത്തിനും നിരവധി പേർ കൈയ്യടിക്കുന്നുണ്ട്. ചിത്രത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. സിനിമയിലെയും കാലത്തിലെയും മാറ്റത്തിനൊപ്പം സഞ്ചരിച്ച മമ്മൂട്ടിയെന്ന നടനെയാണ് ചിത്രത്തിലുടനീളം കാണാൻ സാധിക്കുക. മോഹൻലാലിൻ്റെ മോൺസ്റ്ററും നിവിൻ പോളിയുടെ പടവെട്ടും ഇറങ്ങി വിജയം തീർക്കുമ്പോഴും റോഷാക്കിൻ്റെ അലയൊലികൾ അവസാനിക്കുന്നില്ല. ഇരുസിനിമകളുടെയും വിജയം റോഷാക്കിൻ്റെ വിജയത്തിന് മങ്ങൽ പോലും ഏൽപ്പിച്ചിട്ടില്ല.
ഇപ്പോഴും വിജയകരമായി കുതിക്കുകയാണ് ചിത്രം. വിജയകരമായ 20 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് റോഷാക്ക്. ഈ സന്തോഷം നടൻ മമ്മൂട്ടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ നിറഞ്ഞാടിയത്. ഇപ്പോൾ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
ഒക്ടോബർ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ് ചിത്രം. ആദ്യ വാരാന്ത്യം കേരളത്തിൽ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു കളക്ഷൻ. ഇതേകാലയളവിൽ ആഗോള മാർക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.