താരരാജാവ് മോഹൻലാലിൻ്റെ മോൺസ്റ്റർ ഇപ്പോൾ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൻ്റെ വലിയ വിജയം നേടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് നടി ഹണി റോസ്. കരിയറിൽ ചെയ്ത ഏറ്റവും വലിയ കഥാപാത്രവും മോൺസ്റ്ററിലെ ഭാമിനിയാണെന്നും, വലിയൊരു ടീമിനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷവതിയാണെന്നും ഹണി റോസ് പറയുന്നു. ചിത്രം പ്രേക്ഷകർക്കൊപ്പം കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ഹണി റോസിൻ്റെ വാക്കുകൾ;
എൻ്റെ തന്നെ സിനിമ ഞാൻ തിയറ്ററിൽ എത്തി കാണുന്നത് ഏകദേശം മൂന്നു വർഷത്തിനു ശേഷമാണ്. ഇത്രയും വലിയൊരു കഥാപാത്രത്തെ വലിയൊരു ടീമിനൊപ്പം ചേർന്ന് അഭിനയിക്കാൻ സാധിച്ചതിലും ഏറെ സന്തോഷം. ചിത്രം കണ്ടിറങ്ങിയിട്ടും ആ വിറയൽ ഇപ്പോഴുമുണ്ട്. ഞങ്ങൾ വിചാരിച്ചതിനും അപ്പുറം ഈ സിനിമ വന്നിട്ടുണ്ടെന്ന് സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലായത്. ഞാൻ കരിയറിൽ ചെയ്ത വലിയ കഥാപാത്രവും സിനിമയുമാണ്.
ദൈവം തന്ന അനുഗ്രഹമാണ് ഈ കഥാപാത്രം. മോഹൻലാലിനോടൊപ്പം ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പെയ്സ് കിട്ടിയ കഥാപാത്രം മോൺസ്റ്ററിലാണ്. നന്ദി പറയാനുള്ളത് മോഹൻലാൽ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി ചേട്ടനോടുമാണ്. ഏറെ വ്യത്യസ്തമായ ചിത്രമാണ്. ഏവർക്കും ചിത്രം ഇഷ്ടപ്പെടും. കഥ കേട്ടപ്പോൾ യാതൊരു വിധ ടെൻഷനും ഇല്ലായിരുന്നു. എന്നിലെ ആത്മവിശ്വാസം കണ്ടാണ് വൈശാഖേട്ടൻ ഈ കഥാപാത്രത്തെ എന്നിലേൽപ്പിച്ചത്.