അടിയും പിടിയും രൗദ്രവും കലർന്ന ലുക്ക് വിട്ട് വേറിട്ട വേഷത്തിലെത്തി ആരാധകരെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് നടൻ ആൻ്റണി വർഗീസ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ വിനീത് വാസുദേവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പൂവൻ ചിത്രത്തിലാണ് താരം നായകനായി എത്തുന്നത്.
ഏറെ കൗതുകങ്ങൾ നിറയ്ക്കുന്നതാണ് ചിത്രം. ഈ മാസം 28-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു സംഘം ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്തെ ആസ്പദമാക്കിയിട്ടുള്ളതാണ് കഥ. ഹരി എന്ന യുവാവിനെ കേന്ദീകരിച്ചു കൊണ്ടാണ് ചിത്രം മുൻപോട്ട് പോകുന്നത്.
ഈ കഥാപാത്രത്തെയാണ് ആൻ്റണി അവതരിപ്പിക്കുന്നത്. റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ. വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്. വരുൺ ധാരയാണ് പൂവൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആന്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് പൂവൻ നിർമ്മിക്കുന്നത്.