കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27 -ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര വിഭാഗത്തിലേക്ക് മത്സരിക്കാൻ മലയാള സിനിമകൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തു മമ്മൂട്ടി അഭിനയിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതോടൊപ്പം മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വർഷം ഡിസംബർ 9 മുതൽ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള നടക്കുക. 12 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത്. സനൽകുമാർ ശശിധരൻ്റെ വഴക്ക്, താമർ കെ വിയുടെ ആയിരത്തൊന്ന് നുണകൾ, അമൽ പ്രാസിയുടെ ബാക്കി വന്നവർ, കമൽ കെ എമ്മിൻ്റെ പട, പ്രതീഷ് പ്രസാദിൻ്റെ നോർമൽ, അരവിന്ദ് എച്ചിൻ്റെ ഡ്രേറ്റ് ഡിപ്രഷൻ, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാർഥ ശിവയുടെ ആണ്, സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവരുടെ ഭർത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനൻ ടി ആറിൻ്റെ ധബാരി ക്യുരുവി, അഖിൽ അനിൽകുമാർ, കുഞ്ഞില മാസിലാമണി, ഫ്രാൻസിസ് ലൂയിസ്, ജിയോ ബേബി, ജിതിൻ ഐസക് തോമസ് എന്നിവർ ചേർന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി എസിൻ്റെ 19 1 എ എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.