തീയേറ്ററുകളിൽ ആവേശം തീർത്ത് പ്രദർശനം തുടരുന്ന റോഷാക്കിലെ വിശേഷങ്ങൾ ഓരോന്നായി പുറത്ത് വരികയാണ്. ഇതിൽ ഏറെ ചർച്ചയാവുന്നത് ചിത്രത്തിൽ മുഴുനീളം പ്രത്യക്ഷപ്പെടുന്ന ഫോർഡ് മസ്താംഗ് കാർ ആണ്. മരത്തിൽ ഇടിച്ചു തകർന്ന കാർ തകർന്ന അവസ്ഥയിലാണ് മുഴുനീളെ എത്തുന്നത്. നേരത്തെ കാറിൻ്റെ അവസ്ഥയെ കുറിച്ച് മമ്മൂട്ടി തന്നെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. സിനിമയോടുള്ള ആഗ്രഹം കൊണ്ടാണ് പറഞ്ഞ ഉടനെ കാർ വിട്ടുതന്നതെന്നാണ് താരം പറഞ്ഞത്.
ഇപ്പോൾ കാർ നൽകാനുള്ള കാരണത്തെ കുറിച്ച് ഉടമ തന്നെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. മാത്യുവാണ് മസ്താംഗിൻ്റെ യഥാർത്ഥ ഉടമ. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്റെ സുഹൃത്താണ്. റോഷാക്ക് എന്നൊരു പടം വരുന്നുണ്ട്, ചിത്രത്തിലേക്ക് നിൻ്റെ വണ്ടി കൊണ്ടുവരാൻ പറ്റുമോ എന്നു ചോദിച്ചു. മമ്മൂക്കയുടെ സിനിമയെന്നു കേട്ടപ്പോൾ തന്നെ ഞാൻ ഓകെ എന്നു പറഞ്ഞുവെന്ന് യുവാവ് പറയുന്നു.
പല സിനിമകളിൽ നിന്നും മസ്താംഗിന് ഓഫർ വന്നിരുന്നെങ്കിലും ആർക്കും കൊടുത്തില്ലെന്നും മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് കാർ കൊടുത്തതെന്നും മാത്യു പറയുന്നു. തൻ്റെ പതിനെട്ടാം ജന്മദിനത്തിന് സഹോദരൻ പിറന്നാൾ സമ്മാനമായി നൽകിയതാണ് ഈ മസ്താംഗ് എന്നും മാത്യു കൂട്ടിച്ചേർത്തു. ചുവപ്പു നിറത്തിലുള്ള മസ്താംഗിനെ മോഡിഫൈ ചെയ്തും കളർ മാറ്റിയുമാണ് റോഷാക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിൻ്റെ കളർ ബ്രൈറ്റ് റെഡ് ആയിരുന്നു. സംവിധായകന് അൽപ്പം ഡൾ ലുക്കായിരുന്നു വേണ്ടിയിരുന്നത്. റോഷാക്കിനായി ചിത്രത്തിന് ഗ്രേ കളർ മാറ്റ് ഫിനിഷ് നൽകി. വണ്ടി കേടുപാടു വന്ന രീതിയിലാണ് സിനിമയിൽ ഉപയോഗിച്ചത്. ഇതിൻ്റെ ഒർജിനൽ പാർട്സ് എല്ലാം മാറ്റിവച്ചതിനുശേഷം ആർട്ട് വർക്ക് ചെയ്താണ് ചിത്രത്തിൽ കാറിനെ അവതരിപ്പിച്ചത്.
ആർട്ട് വർക്കെല്ലാം കഴിഞ്ഞ് മുൻഭാഗം പൊളിഞ്ഞ രീതിയിലുള്ള കാർ കണ്ടപ്പോൾ ആദ്യം സങ്കടം തോന്നിയെന്നും എന്നാൽ അതൊക്കെ ആർട്ട് വർക്ക് ആണല്ലോ എന്നോർത്ത് സമാധാനിച്ചതായും മാത്യു കൂട്ടിച്ചേർത്തു.