അടുത്തിടെ മലയാള സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നാണ് ശ്രീനാഥ് ഭാസിയുടെ അഭിമുഖവും തുടർന്നുണ്ടായ വിവാദങ്ങളും. അഭിമുഖത്തിനിടെ ഉയർന്ന ചോദ്യങ്ങളും അതിൽ പ്രകോപിതനായ ശ്രീനാഥ് ഭാസി തെറിയഭിഷേകം നടത്തിയതും മറ്റുമാണ് ഏറെ ചർച്ചയായത്. ശേഷം അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ശ്രീനാഥാ ഭാസിയെ അഭിനയത്തിൽ നിന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ നടപടിയിൽ സിനിമാ ലോകത്ത് നിന്നും ഒരുപാട് വിമർശനങ്ങളും നേരിടുന്നുണ്ട്. ഒടുവിലായി നടപടിയെ വിമർശിച്ച് രംഗത്ത് വന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ആര് വിലക്കിയാലും തൊഴിൽ നിഷേധം തെറ്റ് തന്നെയാണെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. സംഭവത്തിൽ കൂടുതൽ ചർച്ചകൾ വരട്ടെയെന്നും നടൻ പറഞ്ഞിരുന്നു.
ഇപ്പോൾ അഭിമുഖ ചോദ്യങ്ങളുടെ നിലവാരത്തെ കുറിച്ച് പറയുകയാണ് മികച്ച നായികയ്ക്കുള്ള പുരസ്കാര തിളക്കത്തിൽ നിൽക്കുന്ന നടി അപർണ്ണ ബാലമുരളി. തീയ്യേറ്ററുകളിൽ എത്തിയ ഇനി ഉത്തരം എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം അഭിമുഖ ചോദ്യങ്ങളെ കുറിച്ച് വ്യക്തമായത്.
പുതിയ ചിത്രത്തെ കുറിച്ച് ചോദിക്കേണ്ടത് ചോദിക്കാം, എല്ലാവർക്കും എല്ലാ ചോദ്യങ്ങളും ഒരുപക്ഷേ ഇഷ്ടപ്പെടണമെന്നില്ല. തനിക്ക് ക്രഷ് ഉണ്ടോ, കല്യാണം കഴിക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ ചോദിക്കുന്നവർ അല്ലല്ലോ എന്റെ വിവാഹം നടത്തി തരുന്നത്. അതുകൊണ്ട് തന്നെ അവർ അത് ചോദിക്കേണ്ട കാര്യവുമില്ലെന്ന് അപർണ പറഞ്ഞു.
അത്തരത്തിൽ ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുമ്പോൾ സങ്കടവും ദേഷ്യവും തോന്നും, അത് പ്രകടിപ്പിക്കും. സ്വാഭാവികമായ കാര്യങ്ങളാണെന്നും അപർണ്ണ കൂട്ടിച്ചേർത്തു. അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കേണ്ട ബഹുമാനം ഒന്നാണെന്നും താരം പറഞ്ഞു. അഭിമുഖ ചോദ്യങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.