മെഗാസ്റ്റാർ മമ്മൂട്ടി വെള്ളം പോലെയാണെന്ന് നടി ഗ്രേസ് ആൻ്റണി. തീയേറ്ററുകളിൽ എത്തിയ റോഷോ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ വേളയിലാണ് താരം മമ്മൂട്ടിയെ കുറിച്ച് ഗ്രേസ് ആൻ്റണി മനസ് തുറന്നത്. താൻ ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതെന്നും താരം പറയുന്നു. കൂടാതെ മമ്മൂക്ക വെള്ളം പോലെയാണെന്നും എൻ്റെ ഒപ്പം നിൽക്കുമ്പോൾ എൻ്റെ പ്രായത്തിലേയ്ക്ക് ഒഴുകുമെന്നും നടി പറയുന്നു.
ഇന്ന് തീയേറ്ററുകളിലെത്തിയ റോഷാക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഉയരുന്നത്. നടൻ്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ചിത്രത്തിലുടനീളം കാണുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഗ്രേസിൻ്റെ വാക്കുകൾ;
ഞാൻ ആദ്യമായാണ് മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. വളരെ സന്തോഷവും അഭിമാനവുമുണ്ട്. കൂടുതൽ സിനിമകൾ ചെയ്യാനും സിനിമയെക്കുറിച്ച് പഠിക്കാനും പ്രചോദനം തരുന്ന വ്യക്തിയാണ് മമ്മൂക്ക. മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നിർദ്ദേശിച്ചത്, അതറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. സിനിമാമേഖലയിൽ താരതമ്യേന പുതുമുഖമായ എന്നെ മമ്മൂക്ക നിർദേശിച്ചു എന്നത് വലിയൊരു അംഗീകാരമായിരുന്നു.
ലൊക്കേഷനിൽ ആയാലും ഒരു പുതിയ ആളെന്ന നിലയിൽ എന്നെ മാറ്റി നിർത്തിയിട്ടില്ല. ഏത് പ്രായക്കാരുടെ കൂടെയാണ് സംസാരിക്കുന്നത് അഭിനയിക്കുന്നത് എങ്കിലും മമ്മൂക്ക ആ പ്രായക്കാരനായി മാറും. ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക. എൻ്റെ അടുത്ത് നിൽക്കുമ്പോൾ വെള്ളം പോലെ എൻ്റെ പ്രായത്തിലേക്ക് ഒഴുകും, എന്നെ ചിരിപ്പിച്ച്, തമാശ പറഞ്ഞു സന്തോഷിപ്പിച്ച് നിൽക്കും.സീനിയർ ആയ ഒരാളോടൊപ്പമാണെങ്കിൽ അവരോടൊപ്പം കൂടും.
എല്ലാവർക്കും മമ്മൂക്കയുടെ അടുത്ത് നിൽക്കുമ്പോൾ ബഹുമാനത്തിൽ നിന്ന് വരുന്ന ഒരു ഭയമുണ്ടല്ലോ അത് കാണുമ്പൊൾ മമ്മൂക്ക ചോദിക്കും ‘ഞാൻ എന്താ നിങ്ങളെ പിടിച്ചു തിന്നുമോ’. എനിക്ക് മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ എക്സൈറ്റ്മെന്റ് ആയിരുന്നു. നമ്മൾ ചെയ്യുന്നത് ഇക്ക നോക്കി നിൽക്കും അപ്പോൾ നമുക്ക് ഒരു ചമ്മൽ ഉണ്ടാകുമല്ലോ.
പക്ഷേ അത് ആദ്യത്തെ ദിവസം മാത്രമേ ഉള്ളൂ. നോക്കി നിന്നിട്ടു വന്നു പറയും ”ആ ഷോട്ട് നന്നായിരുന്നു കേട്ടോ”. അത് കേൾക്കുമ്പോൾ വലിയൊരു പ്രചോദനമാണ്. നമ്മളെ നമ്മുടെ രീതിയിൽ ചെയ്യാൻ വിടും. ഞാൻ ഇക്കയുടെ കൈ പിടിച്ചു വലിക്കുന്ന ഒരു ഷോട്ട് ഉണ്ട് ഞാൻ പതിയെ അദ്ദേഹത്തിൻ്റെ കൈ പിടിച്ചു വലിച്ചു അപ്പൊ അദ്ദേഹം പറഞ്ഞു ‘എൻ്റെ കൊച്ചെ നീ മുറുക്കെ പിടിച്ചു വലിച്ചോ’, ഞാൻ പറഞ്ഞു ഇക്കായ്ക്ക് വേദനിച്ചാലോ.
അദ്ദേഹത്തെ സംബന്ധിച്ച് അടി കൊടുത്തും കൊണ്ടും പിടിച്ചുവലിച്ചും ഒക്കെ നല്ല പരിചയമുണ്ടല്ലോ. എന്നോട് പറഞ്ഞു ‘പിടിക്കുന്നെങ്കിൽ മര്യാദക്ക് പിടിച്ചോ കേട്ടോ’ എന്ന് കാരണം ആ ഷോട്ടിന് അങ്ങനെ ചെയ്താലേ ശരിയാകൂ എന്ന് അദ്ദേഹത്തിന് അറിയാം. സിനിമയുടെ പൂർണതയ്ക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത സൂപ്പർ താരമാണ് മമ്മൂക്ക.