ചോള രാജാവായ രാജ രാജ ചോളനെ ഹിന്ദുവായി അവതരിപ്പിച്ചുവെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ച് കമൽ ഹാസനും. ചോളന്മാരുടെ കാലഘട്ടിൽ ഹിന്ദു മതം എന്ന പ്രയോഗം ഇല്ല, ആ കാലത്ത് ബ്രിട്ടീഷുകാർ ഉപയോഗിച്ച പ്രയോഗമാണ് ഹിന്ദു എന്നാണ് കമൽ ഹസൻ പ്രതികരിച്ചത്. മണിരത്നം ചിത്രം ‘പൊന്നിൽ സെൽവന്റെ’ റിലീസിന് ശേഷം തമിഴ് സംവിധായകൻ വെട്രിമാരന്റെ പ്രസ്താവന വിവാദമായിരുന്നു.
നമ്മുടെ പ്രതീകങ്ങളെല്ലാം തുടർച്ചയായി തട്ടിപ്പറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് ഒരു ചടങ്ങിനിടെ വെട്രിമാരൻ പറഞ്ഞത്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇത് അവതരിപ്പിച്ചു കഴിഞ്ഞു. ഇത് സിനിമയിലും സംഭവിക്കും. സിനിമ ഒരു പൊതുമാധ്യമമായതിനാൽ, ഒരാളുടെ പ്രാതിനിധ്യം സംരക്ഷിക്കാൻ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും വെട്രിമാരൻ പറഞ്ഞു. ഈ പരാമർശത്തെ പിന്തുണച്ചു കമൽ ഹാസനും രംഗത്തെത്തിയതോടെ പരാമര്ശത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചു ബിജെപി മുന്നോട്ട് വന്നിട്ടുണ്ട്.