മലയാളത്തിലെ പ്രശ്സതമായ നടനാണ് അശോകൻ. പി. പത്മരാജൻ്റെ സംവിധാനത്തിൽ 1979-ൽ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’വായിട്ടാണ് താരം അഭിനയ ലോകത്തേയ്ക്ക് എത്തിയത്. പിന്നീട് തൻ്റെ അഭിനയ മികവുകൊണ്ട് മലയാള സിനിമാ ലോകത്ത് താരം ശ്രദ്ധേയമായി. മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ അഭിനയ ലോകത്ത് നിന്ന് മാറി സംഗീതത്തിലും തിളങ്ങാൻ ഒരുങ്ങുകയാണ് താരം. സിനിമ സംഗീത സംവിധായകനായി അരങ്ങേറ്റത്തിനാണ് അശോകൻ തയ്യാറെടുക്കുന്നത്. ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന ‘മനസ്’ എന്ന ചിത്രത്തിനാണ് താരം സംഗീതം ഒരുക്കുന്നത്. ‘മനസ്’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതും അശോകനാണ്. നടൻ്റെ 185-ാമത്തെ സിനിമ കൂടിയാണ് ‘മനസ്’.
ചിത്രത്തിൽ അഭിനയിക്കാനാണ് ആദ്യം ക്ഷണം ലഭിച്ചിരുന്നതെങ്കിലും ശേഷം, ബാബുവിന്റെ നിർബന്ധത്തിൽ സംഗീതം ചെയ്യുകയായിരുന്നുവെന്ന് അശോകൻ പറയുന്നു. ഇതിനു പുറമെ, 1996 ൽ റിലീസ് ചെയ്ത ‘പൂനിലാവ്’ എന്ന ചിത്രത്തനു വേണ്ടി ടൈറ്റിൽ സോങും താരം പാടിയിട്ടുണ്ട്. സംഗീത സംവിധാനത്തിൽ മുന്നേറാൻ കഴിയട്ടെ എന്ന് ആരാധകരും ആശംസിക്കുന്നു. ഇപ്പോൾ അശോകൻ ടെലിവിഷൻ രംഗത്തും സജീവമാണ്.