ഓം റൗട്ട് സംവിധാനം ചെയ്ത 500 കോടി ബഡ്ജറ്റിൽ ഇറങ്ങുന്ന ആദിപുരുഷ് എന്ന ചിത്രം വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിൻ്റെ ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചത് നിരാശ മാത്രമായിരുന്നു. ചിത്രത്തിൻ്റെ ടീസറിൽ ഉപയോഗിച്ച വിഎക്‌സ് തന്നെയാണ് വലിയ തോതിൽ വിമർശനത്തിനും കൂടാതെ ട്രോളുകൾക്കും ഇരയാകാൻ ഇടയാക്കിയത്. കുട്ടികൾക്കായി ഒരുക്കുന്ന കാർട്ടൂണുകൾ ഇതിനേക്കാൾ നിലവാരം ഉയർത്തുന്നുണ്ടല്ലോ എന്ന പരിഹാസമാണ് ആദിപുരുഷ് ചിത്രത്തിൻ്റെ ടീസറിന് നേരെ ഉയർന്നത്.
സോഷ്യൽമീഡിയ ട്രോളുകൾക്ക് പിന്നാലെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നടൻ പ്രഭാസിനും അതൃപ്തിയുണ്ടെന്ന് വെളിപ്പെടുകയാണ് പുതിയ വീഡിയോയിലൂടെ. സിനിമയുടെ ടീസർ റിലീസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടിനെ തൻ്റെ മുറിയിലേക്ക് രോഷത്തോടെ വിളിക്കുന്ന പ്രഭാസിൻ്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ ട്രോൾ ഗ്രൂപ്പുകളിലും നിറഞ്ഞു കഴിഞ്ഞു.
‘പ്രഭാസിൻ്റെ ടീസർ റിയാക്ഷൻ’, ‘പ്രഭാസ് കലിപ്പാണെന്ന് തോന്നുന്നു’, ‘പ്രാഞ്ചിയേട്ടനിൽ മമ്മൂട്ടി ഇന്നസെന്റിനെ വിളിച്ചു മുറിയിൽ കേറ്റുന്ന സീൻ ഓർമ്മവന്നു’ എന്നിങ്ങനെ പോകുന്നു പരിഹാസങ്ങൾ. അതേസമയം, ടീസറിന് ട്രോളുകൾ കൂടി വന്നതോടെ പ്രമുഖ വിഎഫ്എക്‌സ് കമ്പിനിയായ എൻവൈ വിഎഫ്എക്‌സ് വാല രംഗത്തെത്തിയിരുന്നു.
സിനിമയുടെ വിഎഫ്എക്‌സ് ചെയ്തത് തങ്ങളല്ല എന്നും ടീസറിന് പിന്നാലെ നിരവധി മീഡിയകൾ തങ്ങളോട് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നത് എന്നും കമ്പനി അറിയിച്ചു. രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ 2023ൽ പ്രതീക്ഷിക്കുന്ന വമ്പൻ റിലീസുകളിൽ ഒന്നാണ്. 2023 ജനുവരി 12നാണ് ചിത്രത്തിൻ്റെ റിലീസ്. ചിത്രത്തെ പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരെ നിരാശരാക്കല്ലേ എന്ന അപേക്ഷയും ഇതിനോടൊപ്പം ഉയരുന്നുണ്ട്.