മൂന്നാം വിഭാഗക്കാർ എന്ന് പറയുന്ന ട്രാൻസ്ജെന്റേഴ്സ് ഇന്ന് സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. കാലമെത്ര പുരോഗമിച്ചാലും ഇടുങ്ങിയ ചിന്താഗതിയിൽ ജീവിക്കുകയാണ് ഇന്നും ലോകമെന്ന് അടിവരയിട്ട് പറയാൻ കഴിയും. അതിന് തെളിവാണ് ട്രാൻസ്ജെന്റേഴ്സ് നേരിടുന്ന അവഗണനകളും അവർക്കിടയിലെ ആത്മഹത്യകളും.
എത്രയേറെ ശബ്ദമുയർത്തിയിട്ടും ഒരു വിഭാഗം ഇത്തരക്കാരെ അംഗീകരിച്ച് ചേർത്തുപിടിക്കുമ്പോൾ മറ്റൊരു വിഭാഗം പരിഹസിച്ചും കാമകണ്ണുകളോടെയും നോക്കുകയാണ്. സ്വന്തം സ്വത്വത്തിൽ ജീവിക്കാൻ ആഗ്രഹിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും നേരിടുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ചെറുതല്ല. കൂടാതെ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സ്ത്രീ ആകാൻ ആഗ്രഹിക്കുന്ന പുരുഷനിൽ നിന്ന് മാറ്റം വരുമ്പോൾ സമൂഹം നൽകുന്നതും കടുത്ത അവഗണന മാത്രമാണ്.
എങ്കിലും ഇവയെല്ലാം മറികടന്ന് ജീവിത വിജയം നേടിയ ഒരുപാട് പേർ ഇന്ന് നമുക്കിടയിൽ ജീവിക്കുന്നുണ്ട്. എന്നിരുന്നാലും സമൂഹത്തിൻ്റെ കണ്ണുകളിൽ യാതൊരു ചലനവും സംഭവിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ വേളയിൽ മൂന്നാം വിഭാഗക്കാരുടെ ദുരിതവും വെല്ലുവിളി നിറഞ്ഞ ജീവിതവും വരച്ചു കാട്ടുകയാണ് ദർശ എന്ന ഷോർട്ട് ഫിലിമിലൂടെ. ട്രാൻസ്ജൻഡറുകളും മനുഷ്യരാണ് എന്ന ആശയത്തോടു കൂടിയാണ് ചിത്രം എടുത്തിരിക്കുന്നത്.
പുരോഗമന ചിന്താഗതിക്കാരാണ് എന്നു പുറമേ പറയുകയും, എന്നാൽ സ്വന്തം കാര്യം വരുമ്പോൾ അത്ര പുരോഗമനമില്ലാത്തവരെപ്പോലെ പെരുമാറുകയും ചെയ്യുന്ന ചിലരുടെ കഥ കൂടിയാണ് ഈ ദർശ പറയുന്നത്. തിയറ്ററിൽ നിന്നും സെക്കൻഡ് ഷോ സിനിമ കണ്ടുമടങ്ങുന്ന രണ്ടു ചെറുപ്പക്കാരിൽ ഒരാൾ സുഹൃത്തിനെ വഴിയിൽ ഇറക്കി ഒരു ട്രാൻസ്വുമണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നു.
അയാളുടെ ലക്ഷ്യം എന്താണെന്നോ, അയാൾ എന്തിനുവേണ്ടിയാണ് അവരെ ബൈക്കിൽ കയറ്റിയതെന്നോ പോലും ചോദിക്കാൻ തയ്യാറാകാതെ, ഏകപക്ഷീയമായ വിധിയെഴുതുന്ന സാമൂഹമാണ് ദർശയിൽ വെളിപ്പെടുന്നത്. ഡോ. അരുൺ ജാങ്കോ നിർമ്മിച്ച ചിത്രം അച്ചു സലീം ആണ് ദർശ സംവിധാനം ചെയ്തത്. വലിയ സന്ദേശം നൽകുന്ന ദർശയിൽ രാഹുൽ പ്രകാശ്, വിഷ്ണു ജെ എസ്, അഖിൽ ശിവകുമാർ, രോഹിത് നഹാസ്, മിഥുൻ അംബാലിക, അനന്തു സലിം, ആന്റണി സിബി, സ്നേഹ എസ്. പി, റസിയ ഖാൻ, ഡോ. അരുൺ ജാങ്കോ, രാകേഷ് വിശ്വരൂപൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.