‘അന്‍പത് വര്‍ഷത്തെ നാടക -സിനിമ ജീവിതം, എഴുപതാം വയസില്‍ എൻ്റെ നായക വേഷം’ കോഴിക്കോടുകാരനായ പി. പി ജയരാജന് എന്ന മനുഷ്യന് തൻ്റെ കലാ ജീവിതത്തില്‍ നടന്നു തീര്‍ത്ത ദൂരം മുഴുവന്‍ കാണാന്‍ കഴിയും അദ്ദേഹത്തിൻ്റെ ഈ ഫേസ്ബുക്ക് കുറിപ്പിലൂടെ. ഒരു അഭിഭാഷകൻ്റെ കേസ് ഡയറി എന്ന ചിത്രത്തിലൂടെ കള്ളൻ്റെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ അദ്ദേഹത്തിന് തൻ്റെ 70-ാം വയസില്‍ ആണ് നായകനായി തിളങ്ങാന്‍ ഉള്ള ഒരു അവസരം ലഭിച്ചിരിക്കുന്നത്.
‘പ്രണയം തുടരുന്നു’ എന്ന ചിത്രത്തില്‍ ശിവന് എന്ന കഥാപാത്രമായാണ് ജയരാജന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അഭിജിത്ത് അശോകന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത് തെന്നിന്ത്യന്‍ നടിയും നര്‍ത്തകിയുമായ ലീല സാംസണ് ആണ്. അനു സിതാര, നോബി, ഇര്‍ഷാദ് തുടങ്ങിയവരും ശ്രദ്ധേയ വേഷത്തിലൂടെ ചിത്രത്തിൻ്റെ ഭാഗമാവുന്നുണ്ട്.
കഴിഞ്ഞ അന്‍പത് വര്‍ഷക്കാലമായി അഭിനയരംഗത്ത് ഉള്ള ജയരാജന് ഇരുന്നൂറിലേറെ നാടകങ്ങളുടെയും നൂറിലേറെ സിനിമയുടെയും ഭാഗമായിട്ടുണ്ട്. എങ്കിലും ഇതുവരെയും തന്നെ തേടി ഒരു നായക വേഷം എത്തിയിരുന്നില്ലെന്ന ഒരു വേദന അദ്ദേഹത്തെ അലട്ടിയിരുന്നു. ഇപ്പോള്‍ ഈ നീറ്റലിനാണ് ഒരുല്പ്പം ആശ്വാസം ലഭിച്ചിരിക്കുന്നത്. തൻ്റെ 70 ആം വയസില്‍ ആണ് നായകനായി അവസരം ലഭിച്ചിരിക്കുന്നത്.
‘ഹെലന്’ എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് പുതിയ സിനിമയിലെ നായക വേഷത്തിലേക്ക് ഇദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ചിത്രത്തിൻ്റെ സംവിധായാകന് അഭിജിത്ത് അശോക് പറഞ്ഞു. എന്നും നന്മകള്, എൻ്റെ വീട് അപ്പുന്റേം, കഥാപുരുഷന്, പാഠം ഒന്ന് ഒരു വിലാപം, മിഴിരണ്ടിലും, മുല്ലവള്ളിയും തേന്മാവും, അമ്മക്കിളിക്കൂട്, പെരുമഴക്കാലം, നരന്, പാപ്പി അപ്പച്ചാ, നീലത്താമര, വൈറസ് തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ ജയരാജന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
ഇതിനു പുറമെ ആറോളം ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒട്ടുമിക്ക ചിത്രങ്ങളിലും ചായപ്പീടിയക്കാരന് ആയി എത്തിയ തനിക്ക് കൂട്ടുകാര്‍ക്ക് ഇടയിലെ പേര് സി പി (ചായപ്പീടിയ) എന്നാണെന്നും ജയരാജന് പറയുന്നു. നേരത്തെ മാലയണിഞ്ഞ് നില്ക്കുന്ന ജയരാജൻ്റെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൈബര്‍ ലോകത്ത് തരംഗം തീര്‍ത്തിരുന്നു. ഞൊടിയിടയിലാണ് ലുക്ക് ആരാധകരും ഏറ്റെടുത്തത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.