ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം മുതിർന്ന നടി ആശ പരേഖിന്. വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്കാരം നൽകും. കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കോവിഡിന് ശേഷം ആദ്യമായാണ് രാഷ്ട്രപതി പുരസ്കാരം നൽകുന്നത്. അഭിനയത്തിന് പുറമെ സംവിധായികയായും നിര്‍മ്മാതാവായും ബോളിവുഡ് ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ആശ പരേഖ് 1959 മുതൽ 1973 വരെയുള്ള കാലങ്ങളിൽ ഏറ്റവുമധികം സൂപ്പർഹിറ്റുകളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നടിയാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെട്ടിരുന്ന താരമാണ്.
ഹിന്ദിയ്ക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും നടി ഭാഗമായി. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടുന്ന 52-ാമത് വ്യക്തിയാണ് ആശ. കഴിഞ്ഞ വർഷം നടൻ രജനികാന്താണ് പുരസ്കാരത്തിന് അർഹനായത്.