“എനിക്കെതിരെ കേസെടുക്കുമ്പം, മൊത്തം കള്ളന്മാരുടെയും അനുമതി മേണിച്ചിനാ…”
കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കള്ളൻ കഥാപാത്രം ജഡ്ജിയോടു ചോദിക്കുന്ന ഈ ചോദ്യത്തിന്റെ മറുപടി എന്തായിരിക്കും? അതറിയാൻ ആഗസ്റ്റ് 11 വരെ കാത്തിരിക്കണം. അന്നാണ് “ന്നാ താൻ കേസ് തീയേറ്ററുകൾ” സിനിമയുടെ റിലീസ്. ഏതായാലും ട്രെയിലർ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു കഴിഞ്ഞു. ആദ്യം, ദേവദൂതർ പാടിയാടിയ തീപ്പൊരി ചുവടുകൾ. പിന്നാലെ തകർപ്പൻ ഡയലോഗുകളുടെ വെടിക്കെട്ട്. ബോക്സോഫീസിൽ ഒരു കുഞ്ചാക്കോ ബോബൻ വക ആറാട്ടിന്റെ പ്രതീക്ഷയിലാണ് പ്രേക്ഷകലോകം.
യൂട്യൂബ് ട്രെൻഡിംഗിൽ മുന്നിൽ തുടരുന്ന ട്രെയിലർ കണ്ടവരെല്ലാം തീയേറ്ററിലെത്തും. അമ്മാതിരി മേക്കിംഗാണ്. ഷോട്ടും ഡയലോഗുകളുമൊക്കെ അനായാസം കോർത്തുകെട്ടിയിട്ടുണ്ട്. ട്രെയിലറിൽ കണ്ട വടക്കേ മലബാറിന്റെ പ്രാദേശിക ഭാഷയും മേക്കിംഗിന്റെ ചടുലതയും ഭൂപ്രകൃതിയും അഭിനേതാക്കളുമെല്ലാം ഇപ്പോഴേ പ്രേക്ഷകഹൃദയം കീഴടക്കിക്കഴിഞ്ഞു.
കോർട്ട് റൂം ഡ്രാമയാണ് സിനിമ എന്നാണ് ട്രെയിലറിന്റെ സൂചന. മന്ത്രിയെ കള്ളൻ നേരിട്ടു വിസ്തരിക്കുന്ന രംഗങ്ങളും പ്രതീക്ഷിക്കാം. “റോട്ടില് കുണ്ടും കുഴീം നോക്കി നടക്കലല്ല മന്ത്രീന്റെ പണി”, “ഒരു പെണ്ണു കേസുമുണ്ട് കേട്ടോ”, “ഇതൊക്കെ ഒരു കേസാണോ സാറേ” തുടങ്ങിയ ഡയലോഗുകൾ ട്രെയിലറിലുണ്ട്. അതിലാകട്ടെ, ആകാംക്ഷയുടെ വെടിമരുന്നു വേണ്ടുവോളം. ദേശീയപാതയിലെ കുഴിയടയ്ക്കുന്നതിലെ തർക്കവും കോടതിയിടപെടലും പത്രവാർത്തയും വിവാദവുമൊക്കെ കത്തിനിൽക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിലാണ് സിനിമയുടെ റിലീസ്.
“പ്രേക്ഷകരെ തിയേറ്ററിലെത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം” എന്നാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കുഞ്ചാക്കോബോബന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തിയേറ്ററില്‍ ആളില്ല എന്നത് കോവിഡാനന്തരം സിനിമാ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. അതിനെ മറികടക്കാന്‍ സിനിമാ പ്രമോഷനുകള്‍ തകൃതിയായി നടക്കുന്ന സമയവുമാണിത്. ഏറ്റവും ഒടുവില്‍ പൃഥ്വിരാജിന്റെ കടുവയും സുരേഷ് ഗോപിയുടെ പാപ്പനുമാണ് വലിയ രീതിയില്‍ പ്രമോഷന് നടത്തിയത്. ചാനല്‍ അഭിമുഖങ്ങള്‍, മാളുകളിലെ ഷോകള്‍, വിദേശ പരിപാടികള്‍, സോഷ്യല്‍മീഡിയ, ഓണ്‍ലൈന്‍ മീഡിയ പ്രചരണങ്ങള്‍ എന്നിവയാണ് സ്ഥിരം കണ്ടുവരുന്ന പ്രമോഷന് രീതി. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ശൈലിയാണ് “ന്നാ താന്‍ കേസ് കൊട്” എന്ന സിനിമയുടെ ട്രെയിലറില്‍ കാണാനാകുന്നത്.
അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും സംവിധായകൻ സ്കോർ ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള പ്രാദേശിക അഭിനേതാക്കളുടെ അരങ്ങു തകർക്കലാകും സിനിമയെന്ന് ട്രെയിലർ ഉറപ്പു നൽകുന്നുണ്ട്. സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കാസ്റ്റിംഗ് ഒട്ടും തെറ്റിയിട്ടില്ലെന്നു തന്നെ പറയാം. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം വടക്കേ മലബാറില്‍ നിന്നും കുറെയേറെ മികച്ച അഭിനേതാക്കളെ കൂടി മലയാള സിനിമയ്ക്ക് ലഭിക്കും എന്ന് പ്രതീക്ഷ നല്‍കുന്നുണ്ട് ട്രെയിലര്‍. ഗായത്രി ശങ്കർ നായികയാവുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരും അഭിനയിക്കുന്നുണ്ട്.
എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ‘ന്നാ താൻ കേസ് കൊട്’ നിർമിക്കുന്നത്. ഹിന്ദി സിനിമ ഷേര്‍ണിയുടെ ക്യാമറ കൈകാര്യം ചെയ്ത രാകേഷ് ഹരിദാസാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. ഓഗസ്റ്റ് 11ന് ചിത്രം തിയറ്ററുകളിലെത്തും.