പൃഥ്വിരാജ്, ഗീതു മോഹൻ ദാസ്, അരുൺ ഗോപി, ഷൈൻ നിഗം, സിതാര കൃഷ്ണകുമാർ, അജു വർഗീസ്, സണ്ണി വെയ്ൻ, ഷഹബാസ് അമൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി പേരാണ് സാംസ്ക്കാരിക രംഗത്തു നിന്ന് സേവ് ലക്ഷദ്വീപ് ക്യാമ്പയ്ൻ ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ചെയ്തികള്‍ക്കെതിരെ നടന്‍ പൃഥ്വിരാജ് ശക്തമായി ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചിട്ടുണ്ട്. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ കൊണ്ടുവരുമ്പോള്‍ അത് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാകണം. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം”-പൃഥ്വിരാജ് പോസ്റ്റിൽ കുറിച്ചു. ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി. ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല.കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും. കരയെന്നാൽ അവർക്ക് കേരളമാണ്. ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും. ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്. ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു? എന്ന ചോദ്യത്തോടെയാണ് പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ ഫേസ്ബുക്കിൽ പ്രതികരിച്ചത്.
രോഗത്തിലേക്കും തീരാദുരിതത്തിലേക്കും ലക്ഷദ്വീപിനെ തള്ളിയിട്ട് സർവനാശത്തിലേക്ക് നയിക്കുന്നത് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലും ഉത്തരേന്ത്യൻ ഉദ്യോഗസ്ഥലോബിയുംചേർന്ന്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി രോഗവ്യാപനം കൂട്ടിയപ്പോൾ കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ വരുത്തിയ വീഴ്‌ചകൾ ദ്വീപിൽ ഗുരുതര നാശനഷ്ടത്തിനും കാരണമായി.
പട്ടേൽ ചുമതലയേറ്റതിന് പിന്നാലെ ദ്വീപ് നിവാസികളായ ഉദ്യോഗസ്ഥരെ തരംതാഴ്‌ത്തി, പലരെയും പിരിച്ചുവിട്ടു. പകരം ദ്വീപുമായി ബന്ധമോ പരിചയമോ ഇല്ലാത്ത ഉത്തരേന്ത്യയിൽ നിന്നുള്ളവരെയാണ് നിയമിച്ചത്. യാത്രക്കാർ കൊച്ചിയിലും ദ്വീപിലുമായി 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന കോവിഡ് മാനദണ്ഡമാണ് അഡ്‌മിനിസ്‌ട്രേറ്ററും ഉദ്യോഗസ്ഥരും ചേർന്ന് ആദ്യം അട്ടിമറിച്ചത്. ഇതോടെ നിരവധിപേർ ദ്വീപിലേക്കെത്തി. ഒരാഴ്‌ച കഴിയുംമുമ്പ് ആദ്യകേസ് റിപ്പോർട്ട് ചെയ്‌തു. തലതിരിഞ്ഞ പരിഷ്‌കാരം രാജ്യത്തെ ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള നാടായി ലക്ഷദ്വീപിനെ മാറ്റി. ലക്ഷദ്വീപിൽ നടക്കുന്ന കിരാത നടപടികൾക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.