എം രഘുനാഥ്
ഇതാ വീണ്ടും മലയാള മനോരമയുടെ ട്വിസ്‌റ്റ് വന്നിരിക്കുന്നു. പപ്പടം ലക്ഷങ്ങളുടെ ലാഭകരമായ ബിസിനസ് ആണെന്ന് പ്രചരിപ്പിച്ച പത്രം പപ്പടം ബിസിനസിന് സർക്കാർ പിന്തുണ നൽകിയപ്പോൾ പപ്പടം ബിസിനസിൽ നിന്നും ലക്ഷങ്ങളുടെ ലാഭമോ എന്ന് ചോദിക്കുന്ന അതേ ട്വിസ്‌റ്റ് പോലെ. പുതിയ ട്വിസ്‌റ്റിലെ നായകൻ കുപ്രസിദ്ധ പുരാവസ്‌തു തട്ടിപ്പ് വിദഗ്‌ധനും പോക്‌സോ കേസ് പ്രതിയുമായ മോൺസൺ മാവുങ്കലാണ്. അതിനാൽ കണ്ടത്തിൽ കുടുംബം മോൻസൺ മാവുങ്കലിനെ വാഴ്‌ത്തപ്പെട്ട വിശുദ്ധ മോൻസൺ മാവുങ്കൽ പുണ്യാളനാക്കിയിരിക്കുന്നു. നയതന്ത്ര ബാഗേജ് വഴി കോടികളുടെ സ്വർണക്കള്ളക്കടത്തും മറ്റ് തട്ടിപ്പുകളും നടത്തിയ സ്വപ്‌ന സുരേഷിനെ ഹൊണറബിൾ മാഡം സ്വപ്‌ന സുരേഷ് ആക്കി വാഴ്‌ത്തപ്പെട്ട വിശുദ്ധയാക്കിയ പോലെ. അതിനാൽ ഇനി മുതൽ മോൻസൺ മലയാള മാധ്യമങ്ങളുടെ മുഖ്യസോഴ്‌സും സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തുന്ന മഹാത്‌മാവുമായിരിക്കും.
ട്വിസ്‌റ്റിന് അടിസ്ഥാനമായി ആ പത്രം കൊടുത്ത വാർത്തയുടെ ഇൻട്രോ നോക്കൂ.. സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പോലീസ് പ്രതി ചേർത്തതിന് തൊട്ട് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിരൽ ചൂണ്ടി കേസിലെ മുഖ്യപ്രതി മോൻസൺ മാവുങ്കൽ. കെ സുധാകരന് കേസിൽ ബന്ധമില്ലെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേസിൽ ഇടപെട്ടിട്ടുണ്ടെന്നും ശരിയായി അന്വേഷിച്ചാൽ ഡിജിപി അടക്കം അകത്താകുമെന്നും മോൻസൺ പറഞ്ഞുവെന്ന് പത്രം സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ നിന്നും സാധാരണ വായനക്കാരന് എന്താണ് മനസിലാകുന്നത്? സുധാകരനെ പ്രതി ചേർത്തതോടെ മോൻസൺ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിരൽ ചൂണ്ടി എന്ന്. അതായത് സുധാകരനെ തൊട്ടപ്പോൾ മോൻസണ് പൊള്ളിയിരിക്കുന്നു. എന്തുകൊണ്ട് അങ്ങനെ എന്ന് കൂടി നോക്കാം.
തട്ടിപ്പ് കേസിൽ മോൻസൺ അറസ്‌റ്റിലായപ്പോൾ കെ സുധാകരൻ പറഞ്ഞത്. ഞാൻ ആ ഡോക്‌ടറുടെ അടുക്കൽ ചികിൽസക്ക് പോയതാണ്. കാഴ്‌ചയുടെ പ്രശ്‌നത്തിലാണ് ചികിൽസ തേടിയത്. ചെറിയ മാറ്റമുണ്ടായെങ്കിലും തീർത്തും സുഖപ്പെട്ടില്ല. അയാൾ ഡോക്‌ടർ അല്ല, തട്ടിപ്പുകാരൻ ആണെന്ന് ഇപ്പോഴാണ് മനസിലായത്. എന്നെ കബളിപ്പിച്ച മോൻസണെതിരെ നിയമ നടപടി സ്വീകരിക്കും. എന്നാൽ ഇന്നലെ സുധാകരൻ പറഞ്ഞത് കേൾക്കൂ.. മോൻസൺ മാപ്പ് പറഞ്ഞതിനാൽ കേസ് കൊടുത്തില്ല എന്ന്. സുധാകരൻ ആദ്യ വാർത്താ സമ്മേളനം നടത്തിയത് മോൻസൺ അറസ്‌റ്റിലായ ശേഷമാണ്. ഇന്നലെ ഈ വിഷയത്തിൽ വീണ്ടും വാർത്താ സമ്മേളനം നടത്തുമ്പോഴും അകത്താണ്. ഈ കാലയളവിൽ ഒരു ദിവസം പോലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടില്ല. അപ്പോൾ ഇവർ തമ്മിൽ എവിടെ വെച്ച് കണ്ടു. കൂട്ടുപ്രതിയായ മോൻസൺ കഴിയുന്ന ജയിലിൽ രഹസ്യ സന്ദർശനം നടത്തിയോ. അതോ മോൻസൻ്റെ ദൂതൻമാർ സുധാകരനെ കണ്ടോ? സുധാകരന്റെ ദൂതൻമാർ മോൻസനെ കണ്ടോ? എങ്ങനെയായാലും അകത്തായ ശേഷവും രണ്ട് പേരും തമ്മിൽ ആശയ വിനിമയം നടന്നിരിക്കുന്നുവെന്ന് സുധാകരൻ ഏറ്റു പറയുന്നു. അതായത് തട്ടിപ്പ് നടത്തുമ്പോൾ മാത്രമല്ല, അകത്തായ ശേഷവും സുധാകരന് പ്രതിയുമായി ബന്ധമുണ്ട് എന്ന്. ഇതാണ് സുധാകരൻ്റെ ഇന്നലത്തെ വാർത്താസമ്മേളനം വീക്ഷിച്ച അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും പച്ചവെള്ളം പോലെ മനസിലാകുന്ന കാര്യം. ഈ ബന്ധത്തിന്റെ തുടർച്ച കൂടിയാണ് സുധാകനെ പ്രതിയാക്കിയപ്പോൾ മോൻസൺ സർക്കാറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും നേരെ തിരിഞ്ഞത്. ഇതാണ് യഥാർഥ ട്വിസ്‌റ്റ്. ഒരു പ്രതി കൂട്ടുപ്രതിക്ക് വേണ്ടി നടത്തിയ നാടകം. പക്ഷെ മനോരമക്ക് അത് സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതിനെതിരായ ട്വിസ്‌റ്റ് ആയിരിക്കുന്നു.
സ്വർണ്ണക്കള്ളക്കടത്ത് കേസിലും കഴിഞ്ഞ 2–-3 വർഷമായി നാം കാണുന്നത് ഇതാണ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൻ്റെ മുഖ്യ സൂത്രധാരി സ്വപ്‌ന സുരേഷ് ആണ്. കേസിൻ്റെ ആദ്യഘട്ടത്തിൽ മനോരമക്കും അങ്ങനെയായിരുന്നു. പക്ഷെ, ജാമ്യത്തിലിറങ്ങിയ ശേഷം അവർ കോൺഗ്രസിൻ്റെയും ബിജെപിയുടെയും വക്താവായതോടെ ഹോണറബിൾ മാഡമായി. സ്വപ്‌നയുടെ അടുക്കളയിൽ വരെ കയറിയിറങ്ങാനുള്ള സ്വാതന്ത്ര്യവുമായി മാധ്യമപ്രവർത്തകർ വുിലസി. സ്വപ്‌ന തുമ്മിയാൽ പോലും സർക്കാർ വിരുദ്ധ വാർത്തയാക്കുക്ക കാലമായി മാറ്റി. ഇനി കുറച്ചുകാലം സ്വപ്‌നയുടെ റോൾ വിശുദ്ധ മാവുങ്കിലിനായിരിക്കും. ഇന്നലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേസിൽ ഇടപെട്ടുവെന്നേ പറഞ്ഞുള്ളൂ. ഇനി മെല്ലെ മെല്ലെ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല, മുഖ്യമന്ത്രിയുടെ മക്കളും കുടുംബാംഗങ്ങളും വരെ തൻ്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്നും പറയും. ഒടുവിൽ താനല്ല തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയാണ് എന്ന് വരെ പറഞ്ഞേക്കും. അതും ലീഡ് വാർത്തയാക്കുന്ന ഈ ട്വിസ്‌റ്റിനെയാണ് കണ്ടത്തിൽ പത്രത്തിൻ്റെ മാധ്യമ സ്വാതന്ത്രം അഥവാ കണ്ടത്തിൽ കുടുംബത്തിൻ്റെ സംസ്‌കാരം എന്ന് വിശേഷിപ്പിക്കുന്നത്.
ഇന്നലെ വാർത്താ സമ്മേളനം നടത്തിയപ്പോൾ കുമ്പക്കുടി സുധാകരൻ എന്ന കണ്ണൂർ ശിങ്കത്തിൻ്റെ ഗർജനമല്ല, നാം കേട്ടത്. മറിച്ച് കല്ലേറ് കൊണ്ട തെരുവുപട്ടിയുടെ മോങ്ങലാണ് കേട്ടത്. പരാതിക്കാരെ ദൂരെ നിന്നും കണ്ടതേ ഉള്ളൂ എന്നാണ് ഇന്നലെ പറഞ്ഞത്. അന്ന് പറഞ്ഞത് പരസ്‌പരം പരിചയപ്പെട്ടു, കൈ കൊടുത്ത് പിരിഞ്ഞൂവെന്ന്. പരാതിക്കാർ ആദ്യം നൽകിയ പരാതിയിൽ തന്നെക്കുറിച്ച് പരാതിപ്പെട്ടില്ലെന്നാണ് സുധാകരൻ്റെ മറ്റൊരു വാദം. എന്നാൽ ആദ്യപരാതിയിൽ തന്നെ പേരുണ്ട് മാത്രമല്ല, 164 സ്‌റ്റേറ്റ്‌മെന്റ് അനുസരിച്ച് കോടതിയിൽ രഹസ്യ മൊഴി നൽകിയിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു. സുധാകരനോടൊപ്പം മറ്റ് രണ്ട് പേരെ കൂടി പ്രതിയാക്കിയിട്ടുണ്ട്. ഒരാൾ ഇപ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ, മറ്റൊരാൾ വിരമിച്ച ഉന്നതൻ. ഇവരുടെയെല്ലാം ബാങ്ക് ഇടപാട് രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ഇങ്ങനെ പ്രതികളെ പൂട്ടാനുള്ള സകല തെളിവുകളും ലഭിച്ച ശേഷമാണ് ക്രൈം ബ്രാഞ്ച് നീക്കങ്ങൾ. ഇതിനെ രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് സുധാകരനും സതീശനും ഒന്നും ഒഴിഞ്ഞുമാറാനുമാകില്ല.
തനിക്ക് തട്ടിപ്പുമായി ബന്ധമില്ല എന്ന് സ്ഥാപിക്കാൻ സുധാകരൻ പറഞ്ഞ മറ്റൊരു കാര്യം കൂടി നോക്കണം. വനം മന്ത്രിയായിരിക്കെ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങാൻ അവസരമുണ്ടായിരുന്നു. പലരും കൈക്കൂലിയുമായി സമീപിച്ചിരുന്നു. പക്ഷെ, ഞാൻ വാങ്ങിയില്ല എന്ന്. അപ്പോൾ സുധാകരനോട് ഒരു ചോദ്യം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, ഒരാർ തരുന്നതും കുറ്റകരമാണല്ലൊ? മന്ത്രിയായിരിക്കെ ഇങ്ങനെ കൈക്കൂലിയുമായി വന്നവരൈ എന്തുകൊണ്ട് നിയമനടപടിയെടുത്തില്ല. ആ സമയം താങ്കൾ ഒരു സാധാരണ പ്രജ മാത്രമായിരുന്നില്ല. ഇന്ത്യൻ ഭരണഘടനയെ സാക്ഷി നിർത്തി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റ ജനപ്രതിനിധി കൂടിയായിരുന്നു.
താങ്കൾ അത്ര സത്യസന്ധനാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കാരണം താങ്കൾ വനം മന്ത്രിയായിരിക്കെയാണ് മാവൂർ ഗ്വാളിയോർ റയോൺസിലെ മുളകൾ മറിച്ചുവിറ്റതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണം ഉയർന്നത്. ഒരു ഘട്ടത്തിൽ താങ്കളാണ് പറഞ്ഞത് ഡെൽഹിയിൽ കേരള ഹൗസിൽ ഒരു സുപ്രീംകോടതി ജഡ്‌ജി ബാറുടമകളിൽ നിന്നും കോടികൾ കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടുവെന്ന്, അത് കൊട്ടാരക്കരയിലെ ഒരു പൊതുയോഗത്തിലെ പ്രസംഗത്തിൽ പറഞ്ഞു. കോഴ കൊടുത്ത ആ ബാറുടമകളുടെ കൂടെ പോയതായിരുന്നു താനെന്നും സുധാകരൻ അന്ന് വെളിപ്പെടുത്തിയിരുന്നു. അതായത് കൈക്കൂലിക്ക് കൂട്ടുനിന്നു. മോൻസൻ മാവുങ്കലിൻ്റെ കേസിലും ഉന്നയിക്കപ്പെടുന്ന കുറ്റം അതേ ഗൗരവമുള്ളതാണ്. അത് സുധാകരനും മനസിലായിരിക്കുന്നു. ഗർജ്ജിക്കുന്ന ശിങ്കത്തിന് ധൈര്യം ചോർന്നിരിക്കുന്നു. ഒരു അറസ്‌റ്റ് ഭയക്കുന്നു. കൂട്ടുപ്രതിയായ മോൻസനോടൊപ്പം തട്ടിപ്പ് കേസിൽ അകത്ത് കിടക്കേണ്ടി വരുമെന്ന് ഉറപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് ശിങ്കം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ ഒരു തട്ടിപ്പ് കേസ് പ്രതിയുടെ അതേ നിലവാരത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്.
ഈ കേസ് രാഷ്‌ട്രീയ പ്രതികാരമോ വൈരാഗ്യമോ അല്ലെന്ന് സുധാകരൻ്റെ ചെയ്‌തികളിലൂടെ തന്നെ വ്യക്തമായിരിക്കുന്നു. ഇനി രക്ഷിക്കാൻ മാധ്യമങ്ങൾക്ക് മാത്രമേ കയ്യൂ. മനോരമ മസിൽ പെരുപ്പിച്ച് ട്വിസ്‌റ്റ് തുടങ്ങിയിരിക്കുന്നു. മറ്റുള്ളവർക്കും ഈ വഴി തെളിഞ്ഞുവരികയാണ്. മുമ്പെ ഗമിക്കുന്ന ഗോവു തൻ പിമ്പെ ഗമിക്കും ഗോക്കളെല്ലാം എന്ന പോലെ കണ്ടത്തിൽ കടലാസ് മുന്നെ ഗമിച്ചിരിക്കുന്നു. മറ്റുള്ളവർ പിമ്പെ ഗമിച്ചുകൊള്ളും. പ്രിയ ശിങ്കമേ ഭയം വെടിഞ്ഞ് ധ്യൈര്യമായിരിക്കൂ. അങ്ങയെ രക്ഷിക്കാൻ മാധ്യമങ്ങളുണ്ടാകും.