എം രഘുനാഥ്
കുപ്രസിദ്ധമായ വിമോചന സമര കാലത്ത് 1958ൽ ഇഎംഎസ് എഴുതി–- ‘‘ഒരു വിഭാഗം പത്രക്കാർ കമ്യൂണിസ്റ്റ് സർക്കാർ യാഥാർഥ്യമാണെന്ന് അംഗീകരിക്കാൻ തയ്യാറല്ല. ഈ സർക്കാറിനെ നിഷ്കാസനം ചെയ്യാൻ ഭരണഘടനാ വിരുദ്ധമായ മാർഗങ്ങൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്ന പത്രം ഇവിടെ ഇല്ലെ എന്ന് ഞാൻ ഭയപ്പെടുന്നു.
വസ്തുതകൾ വളച്ചൊടിക്കുക മാത്രമല്ല, വസ്തുതകൾ ഉൽപാദിപ്പിക്കുകയാണ് നമ്മുടെ പല പത്രങ്ങളും ചെയ്യുന്നത് എന്ന് കാണാം’’
ഇ എം എസ് പറയുന്ന ആ പത്രം ഏതെന്ന് പറയണോ?
1958ൽ നിന്നും 2023 ആയപ്പോൾ സ്ഥിതി എവിടെ എത്തി നിൽക്കുന്നു? മാധ്യമ സ്വാതന്ത്ര്യ മുറവിളി കൂട്ടുന്നവർ കാട്ടിക്കൂട്ടുന്നത് എന്താണ്. എല്ലാ നിയന്ത്രണങ്ങളും വിട്ടു പോയി. നിറഞ്ഞു കവിഞ്ഞ മനോരമയുടെ സിപിഎം വിരുദ്ധ വിഷസംഭരണിയുടെ മുഴുവൻ ഷട്ടറുകളും ഇന്ന് തുറന്നു വിട്ടിരിക്കുകയാണ്.
1958ൽ വിമോചന സമരകാലത്ത് സർക്കാറിനെ അട്ടിമറിക്കാൻ നോക്കിയതിൻ്റെ പതിനായിരം മടങ്ങ് ശക്തിയോടെയുള്ള കുൽസിത പ്രവർത്തനങ്ങൾ. ഇന്നത്തെ ഒറ്റ ദിവസത്തെ ആ പത്രം മാത്രം എടുത്താൽ മതി, ആ പത്ര മാനേജ്മെന്റിൽ അന്തർലീനമായി കിടക്കുന്ന കൊടും വിഷത്തിൻ്റെ തൂക്കം മനസിലാക്കാൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുപ്രസിദ്ധ പുരാവസ്തു തട്ടിപ്പുകാരൻ്റെ കൂട്ടു പ്രതിയാക്കിയ വാർത്തയാണ് ലീഡ്. ആ വാർത്തയിൽ പറയുന്നൂ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രതിയാക്കിയ പോലെ എന്ന്. ആ വാർത്തയിൽ പോലും മിനിമം സത്യസന്ധത പുലർത്തിയില്ല. മാത്രമല്ല, ഇതും സർക്കാറിൻ്റെ പ്രതികാര നടപടിയായി വ്യാഖ്യാനിക്കാനാണ് നോട്ടം.
ഇതിനെ സാധൂകരിച്ച് ഒമ്പതാം പേജിൽ പേജ് ലീഡ് ആയി തലസ്ഥാനത്തെ അവരുടെ രാഷ്ട്രീയ കാര്യ ലേഖകൻ പേര് വെച്ചെഴുതിയ റൈറ്റ് അപ്പിൻ്റെ തലക്കെട്ട് നോക്കൂ. ഫാസിസ്റ്റ് വിരുദ്ധർ തന്നെ, പക്ഷെ, കേസാണ് ആയുധമെന്ന്. ഇത് വായിക്കുമ്പോൾ തോന്നും ഫാസിസ്റ്റ് വിരുദ്ധർക്ക് നിയമം ബാധകമല്ല എന്ന്. ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുമ്പോഴും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനാകില്ല. അതല്ല, പത്രം ഉദ്ദേശിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കേസെടുത്ത് പീഡിപ്പിക്കുന്നുവെന്നാണ്. പ്രതിപക്ഷനേതാവിന് പുറമെ കെപിസിസി പ്രസിഡന്റിനുമെതിരെ കേസെടുത്ത് സർക്കാർ പ്രത്യാക്രമണം ശക്തമാക്കി എന്നാണ് ലേഖകൻ്റെ വിലയിരുത്തൽ. എ–-ഐ ക്യാമറ, കെ ഫോൺ എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം കളം നിറഞ്ഞ് നിൽക്കുന്നുവെന്ന് തോന്നിയപ്പോഴാണ് പോലീസിനെ ഉപയോഗിച്ചുള്ള തിരിച്ചടി എന്ന് പത്രം പറയുന്നൂ. ആ രണ്ട് ആരോപണവും ചീറ്റിപ്പോയതും ജനം തള്ളിയതും പത്രവും ലേഖകനും അറിയാത്തതല്ല. അങ്ങനെയെങ്കിൽ ഒരു ചോദ്യം തിരിച്ച്. സുധാകരണും സതീശനും ഇങ്ങനെ കളം നിറഞ്ഞ് നിൽക്കുന്നതുകൊണ്ടാണോ കോൺഗ്രസിലെ എ–-ഐ ഗ്രൂപ്പുകൾ ശക്തമായ പോരുമായി രംഗത്തിറങ്ങിയത്? എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിവാദം പാർടിയെ വല്ലാതെ ഉലച്ചുവെന്ന് അടുത്ത വരി. എസ്എഫ്ഐയുമായി ബന്ധപ്പെട്ട എന്ത് വിവാദമാണ് ലേഖകൻ ഉദ്ദേശിക്കുന്നത്? എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്കെതിരെ മാധ്യമങ്ങളുടെ പിന്തുണയോടെ ഇതേ പ്രതിപക്ഷം ഉന്നയിച്ച ആരോപണം തിരിച്ചടിയായത് അറിഞ്ഞില്ല? ആർഷോ മാർക്ക് തിരുത്തി, എഴുതാത്ത പരീക്ഷ പാസായി എന്ന് പ്രചരിപ്പിച്ച മാധ്യമങ്ങൾ, അതല്ല. അതൊരു സാങ്കേതിക പിഴവ് മാത്രമാണ് എന്ന നിലയിലേക്ക് തിരിച്ച് വന്നത് എന്തുകൊണ്ടാണ്. ആർഷോ പരാതി നൽകിയതുകൊണ്ടും ശക്തമായ നിലപാട് എടുത്തതുകൊണ്ടുമാണ്. അങ്ങനെ പിൻമാറേണ്ടി വന്നപ്പോൾ ഉണ്ടായ ചമ്മൽ ഒഴിവാക്കാൻ വീണ് കിട്ടിയതാണ് ഒരു മാധ്യമപ്രവർത്തകയ്ക്ക് എതിരെ എടുത്തു എന്ന് പറയുന്ന കേസ്. മാധ്യമപ്രവർത്തകയ്ക്ക് എതിരെ സർക്കാർ കേസ് എടുത്തിട്ടില്ല. പോലീസും കേസെടുത്തിട്ടില്ല. മറിച്ച് ദിവസങ്ങളോളം മാധ്യമവേട്ടയാടലിന് ഇരയായ ആർഷോ നൽകിയ പരാതിയിൽ എഫ്ഐആർ ഇട്ടതാണ്. ആർഷോ ന്യായമായും ഒരു മാധ്യമപ്രവർത്തകയെ സംശയിക്കുന്നു. അങ്ങനെ പരാതിയിൽ അഞ്ചാം പ്രതിയാക്കി. ആ എഫ്ഐആർ പ്രകാരം അന്വേഷണം നടക്കുന്നതേ ഉള്ളൂ. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പ്രതിയാകൂ. നിരപരാധിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ പ്രതിയാക്കില്ലെന്ന് ബന്ധപ്പെട്ടവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. അപ്പോഴാണ് മാധ്യമ സ്വാതന്ത്ര്യം എന്ന നിലവിളി തുടരുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ അതിര് എവിടെ വരെയാണ്? ഇന്ത്യൻ ഭരണഘടനയുടെ 19ാം അനുഛേദം 1ൽ എയും ജിയും വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൽ കവിഞ്ഞ മറ്റൊന്നുമില്ല മാധ്യമ സ്വാതന്ത്ര്യത്തിന്. ആ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്താനും വ്യക്ത്യാധിക്ഷേപം നടത്താനുമുള്ള സ്വാതന്ത്ര്യവുമല്ല. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും നിയമ നടപടികൾ നേരിടേണ്ടി വരും. അപ്പോഴാണ് മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു എന്ന് മുറവിളി. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നിലപാടുമുണ്ടാകില്ല. എന്നാൽ ഇത്തരം ഗൂഢാലോചന ഉണ്ടായാൽ ഇനിയും നടപടി ഉണ്ടാകും എന്നാണ് പറഞ്ഞത്. അതായത് മാധ്യമ സ്വാതന്ത്ര്യത്തെയല്ല, ഗൂഢാലോചനയെയാണ് എതിർക്കുന്നത്. തലസ്ഥാന ലേഖകൻ എന്നിട്ടും എഴുതി വിടുന്നൂ–- ഒന്നും പോരാഞ്ഞ് ഗോവിന്ദന്റെൻ്റെ ഭീഷണി എന്ന്. കണ്ണടച്ച് ഇരുട്ടാക്കലാണിതെല്ലാം. ഒരു കിടിലൻ കാര്യം കൂടി ലേഖകൻ പറയുന്നു–- ബെഹ്റക്കും ലക്ഷ്മണക്കും കുഴപ്പമില്ല എന്ന്. എന്നാൽ ആ എഴുത്തിന്റെ മഷി ഉണങ്ങും മുമ്പ് കാര്യം വ്യക്തമായല്ലോ? ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതികളായിരിക്കുന്നു. ഐജി ജി ലക്ഷ്മണനും മുൻ ഡിഐജി എസ് സുരേന്ദ്രനും പ്രതികളായിരിക്കുന്നു. പ്രതി ചേർത്തതിനെ കുറിച്ച് ഇന്ന് കെ സുധാകരൻ നടത്തിയ വാർത്താ സമ്മേളനം തന്നെ എത്ര ദുർബലമായിരുന്നു? സംഭവത്തിന് പിന്നിൽ പലതും ചീഞ്ഞ് നാറുന്നു എന്ന് വ്യക്തമായില്ലേ?..
ഇതേ വാർത്തയോടൊപ്പം അവരുടെ ഡെൽഹി ലേഖകന്റെ സൃഷ്ടി കൂടിയുണ്ട്. ഗോവിന്ദൻ്റെ പ്രതികരണത്തെ കുറിച്ച് യച്ചൂരിയും കാരാട്ടും ഒന്നും അറിഞ്ഞിട്ടില്ല എന്ന്. സിപിഎം സംസ്ഥാന സെക്രട്ടറി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് പ്രതികരിച്ചതിനെ കുറിച്ച് ജനറൽ സെക്രട്ടറിയും പി ബി മെമ്പറും എന്തിനറിയണം. അത് തിരിച്ചറിയാനുള്ള വിവേകം ആ പത്രത്തിനില്ലാഞ്ഞിട്ടാണോ? എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണത്തെ കുറിച്ചുള്ള പ്രതികരണം കൊടുത്ത് എഡിറ്റ് പേജും സിപിഎം വിരുദ്ധ നോട്ടീസ് ആക്കിയിട്ടുണ്ട്. ജോയ് മാത്യൂ, എംഎൻ കാരശ്ശേരി, ബിആർപി ഭാസ്കർ, കൽപറ്റ നാരായണൻ തുടങ്ങിയ പരമ്പരാഗത സിപിഎം വിരുദ്ധരെയാണ് രംഗത്തിറക്കിയത്. അതും പോരാഞ്ഞ് നെടുങ്കൻ മുഖപ്രസംഗവും? സഖാവെ ഭരണം പാർടിയിൽ മതി എന്നാണ് ആ വിഷപ്പുകയുടെ തലക്കെട്ട്. സ്വന്തം അഭിപ്രായം തുറന്ന് പറയാൻ മനോരമയെ പോലെ എം വി ഗോവിന്ദൻമാസ്റ്റർക്കും അവകാശമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പാർടി നിലപാടും ധീരമായി പറയും. അത്തരം പ്രതികരണങ്ങൾ നടത്തുമ്പോൾ ഭരണം പാർടിയിൽ മതിയെന്ന ഭീഷണി മുഴക്കുകയാണ് മനോരമ, ഇതല്ലേ യഥാർഥ ഭീഷണി. ആ പത്രം അതിര് വിട്ടിരിക്കുന്നു. എന്തും ആകാമെന്ന നിലയിൽ.
മനോരമ മാനേജ്മെന്റിനോട് ഇത്രയേ പറയാനുള്ള. 1957 അല്ല 2023. ഇത്തരം ഭീഷണികൾ അങ്ങ് കോട്ടയത്തെ കണ്ടത്തിൽ തറവാട്ടിലെ അനന്തരാവകാശികളോട് മതി. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് കരുതേണ്ട. ജനങ്ങളുടെ വർധിത പിന്തുണയോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർഭരണത്തിലെത്തിയത്. അതിൽ മനോരമയുടെ ഒരു പങ്കുമില്ല. അന്ന് നിങ്ങൾ എന്തൊക്കെ കളി കളിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പരമാവധി നോക്കിയതല്ലേ? സിപിഎമ്മിൻ്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്. കോൺഗ്രസ് പോലെ മനോരമയുടെ തണലിൽ വളർന്ന പാർടിയല്ല സിപിഎം. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാൻ പതിറ്റാണ്ടുകളായി കണ്ടത്തിൽ പത്രം നടത്തുന്ന എല്ലാ കുടിലതകളേയും അതിജീവിച്ചാണ് മുന്നേറുന്നതും. അതുകൊണ്ട് മനോരമേ, ഇത്തരം ഭീഷണികൾ അട്ടത്ത് വെച്ചാൽ മതി. അതൊന്നും ഈ കേരളത്തിൽ വേവില്ല.