കെ ജി ബിജു
കഥ കേട്ടില്ലേ, കൂട്ടരേ..
1947ൽ ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് അധികാരം കൈമാറിയില്ലേ. ചോളവംശത്തിൻ്റെ രാജമുദ്ര പതിച്ച ചെങ്കോൽ നൽകിക്കൊണ്ടായിരുന്നത്രേ ഈ അധികാരക്കൈമാറ്റം. സംഘി ബഡുവകളിറക്കിയ പുതിയ കഥയാണ്. ആദ്യം കഥയുടെ രത്നച്ചുരുക്കം പറയാം. അതിനുശേഷം ഉള്ളിയുടെ തൊലി അടരുകളായിട്ട് ഇളക്കാം.
പ്രാചീനഭാരതത്തിൽ രാജാവിനെ വാഴിക്കുന്നത് ധർമ്മ ഗുരുക്കന്മാരായിരുന്നത്രേ. അത് അംഗീകരിച്ച ബ്രിട്ടീഷുകാരൻ അധികാരക്കൈമാറ്റച്ചടങ്ങ് അധ്യാത്മിക ആചാര്യനെ ഏൽപ്പിച്ച് മാറി നിൽക്കുകയായിരുന്നുപോലും. ഹമ്പട ബ്രിട്ടീഷുകാരാ.. നീയിത്ര മര്യാദക്കാരനായിരുന്നോ.. ചുമ്മാതെയാണോ, ചില വീരശൂര പരാക്രമികൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിത്തുടച്ചു കൊടുത്തത്.
നമുക്ക് കഥയിലേയ്ക്കു വരാം.
അധികാരക്കൈമാറ്റം എങ്ങനെ വേണമെന്ന് മൗണ്ട് ബാറ്റൺ നെഹ്രുവിനോട് ചോദിച്ചത്രേ. നെഹ്രു ഈ ചോദ്യം സി രാജഗോപാലാചാരിയ്ക്കു കൈമാറിയത്രേ. രാജഗോപാലാചാരിയെന്നാൽ നമ്മുടെ രാജാജി. അദ്ദേഹത്തിന് പുരാണത്തിലും ചരിത്രത്തിലും അഗാധജ്ഞാനമുണ്ട്. നിമിഷം കൊണ്ട് അദ്ദേഹം ഉത്തരം കണ്ടെത്തി. പഴയചോള രാജാക്കന്മാർക്കൊരു പാരമ്പര്യമുണ്ട്. അധികാരം അടുത്ത രാജാവിൻ്റെ കൈയിൽ ഏൽപ്പിക്കുന്നതിൻ്റെ പ്രതീകമായി ഒരു ചെങ്കോൽ കൈമാറും. നമുക്കും ആ രീതിയായാലോ എന്ന് രാജാജി നെഹ്രുവിനോട് ചോദിച്ചുപോലും. നെഹ്രുവത് മൗണ്ട് ബാറ്റണോട് പറഞ്ഞു പോലും. എല്ലാരും സമ്മതിച്ചു പോലും. അങ്ങനെ തിരുവാടുതുറൈ മഠത്തിലെ സന്യാസിമാർ 5 അടിയുള്ള ചെങ്കോലുമായി ദില്ലിയിൽ വന്നുപോലും.
1947 ആഗസ്റ്റ് 14ന് രാത്രി പതിനൊന്നേ മുക്കാലിന് മഠത്തിൻ്റെ പ്രതിനിധികൾ മൗണ്ട് ബാറ്റണെ കണ്ട് ചെങ്കോൽ കൈമാറിപോലും. പിന്നെയത് തിരിച്ചു വാങ്ങിപോലും. എന്നിട്ട് ഗംഗാജലത്തിൽ മുക്കിപോലും. നേരെ നെഹ്രുവിൻ്റെ വസതിയിലേയ്ക്കു പോയിപോലും. ചെങ്കോൽ നെഹ്രുവിന് നൽകിപോലും. അതോടെ അധികാരക്കൈമാറ്റമായിപോലും.
പക്ഷേ, ചെങ്കോൽ വാങ്ങിയ നെഹ്രു ആർഷഭാരതക്കാർക്ക് എട്ടിൻ്റെ പണി കൊടുത്തത്രേ. വടിയും കിടുപിടിയുമെടുത്ത് അദ്ദേഹം ആനന്ദഭവനിലെ മ്യൂസിയത്തിൽ കൊണ്ടുവെച്ചുകളഞ്ഞു. അതോടെ പോയില്ലേ, ആർഷഭാരത സംസ്ക്കാരത്തിൻ്റെ മത്താപ്പും പൂത്തിരിയും. നമ്മുടെ സാക്ഷാൽ മോദിജി മ്യൂസിയമാകെ തപ്പിനടന്ന് മേപ്പടി സെങ്കോൽ കണ്ടെടുത്ത് ഇതാ നമ്മുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അങ്ങനെ രാജ്യത്തിൻ്റെ അഭിമാനം വീണ്ടെടുത്തിരിക്കുന്നു. സന്തോഷിപ്പിൻ… അഭിമാനിപ്പിൻ… ഇതാണ് സംഘി ബഡുവകൾ പാടി നടക്കുന്ന കഥ.
ഇനി നമുക്ക് ഈ കഥയുടെ ഉള്ളി തൊലിക്കാം.. ഈ കള്ളക്കഥയ്ക്ക് ആകെയുള്ള തെളിവ് ഒരു വടിയും കൈയിൽപ്പിടിച്ചു നിൽക്കുന്ന നെഹ്രുവിൻ്റെ ഫോട്ടോയാണ്. അങ്ങനെയൊരു പടമുണ്ട്. ആ പടത്തിൻ്റെ പിന്നിലെ കഥ പക്ഷേ വേറെയാണ്. അതാണ് ഇനി പറയുന്നത്.
ചെങ്കോൽ വാങ്ങാൻ നെഹ്രുവിന് ഉപദേശിച്ചത് സാക്ഷാൽ സി രാജഗോപാലാചാരിയാണ് എന്നാണല്ലോ സംഘിക്കഥയിലെ ഒരു സീൻ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായിരുന്നു രാജാജി. അദ്ദേഹമെഴുതിയതും അദ്ദേഹത്തെക്കുറിച്ചെഴുതിയതുമായ 34 പുസ്തകങ്ങളുണ്ട്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം അദ്ദേഹം ഏഴു പുസ്തകങ്ങളെഴുതി. അതിലെവിടെയും അധികാരക്കൈമാറ്റത്തിൻ്റെ ഈ ചോളസമ്പ്രദായക്കഥയില്ല. ചെങ്കോൽ കൈമാറ്റത്തിലൂടെ അധികാരമേറ്റെടുക്കാൻ താൻ നെഹ്രുവിനെ ഉപദേശിച്ചെന്ന് അദ്ദേഹം നടത്തിയ അസംഖ്യം പ്രസംഗങ്ങളിലും പരാമർശമില്ല.
ചെങ്കോലുമായി മൗണ്ട് ബാറ്റണെ കണ്ടുവെന്നാണല്ലോ അടുത്ത സീൻ. 1947 ആഗസ്റ്റ് 14ന് രാത്രി ഏഴു മണിക്കാണ് കറാച്ചിയിൽ നിന്ന് മൗണ്ട്ബാറ്റൺ ഡെൽഹിയിലെത്തുന്നത്. അദ്ദേഹം നേരെ പോയത് വൈസ്രോയി ഭവനിലേയ്ക്ക്. ഇന്നത്തെ രാഷ്ട്രപതി ഭവൻ.
മൗണ്ട് ബാറ്റൺ ഇന്ത്യ വിടുന്നതുവരെയുള്ള അദ്ദേഹത്തിൻ്റെ സന്ദർശക ഡയറിയടക്കമുള്ള രേഖകൾ ഇംഗ്ലണ്ടിലെ സതാംപ്റ്റൺ യൂണിവേഴ്സിറ്റിയിലുണ്ട്. ഒരു സന്ന്യാസിയും ഇപ്പറയുന്ന ദിവസമോ അതിനു മുമ്പോ ശേഷമോ മൗണ്ട് ബാറ്റണെ സന്ദർശിച്ചതായി ആ രേഖകളിൽ ഇല്ലെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. എന്നുവെച്ചാൽ, തിരുവാടുതുറൈ മഠത്തിൻ്റെ പ്രതിനിധികൾ 1947 ആഗസ്റ്റ് 14ന് രാത്രി പതിനൊന്നേ മുക്കാലിന് മൗണ്ട് ബാറ്റണെ കണ്ടു എന്ന കഥ പച്ചപ്പുളുവാണ്. അദ്ദേഹത്തെ അവർ കണ്ടതിനോ, വടി കൊടുത്തതിനോ, തിരിച്ചുവാങ്ങി ഗംഗാജലം തളിച്ചതിനോ തെളിവോ രേഖയോ ഇല്ല.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകമെഴുതിയ ചങ്ങാതിമാരില്ലേ. നമ്മുടെ ലാരി കോളിൻസും ഡൊമിനിക് ലാപ്പിയറും. ഇരുവരും ചേർന്നെഴുതിയ വേറൊരു പുസ്തകമുണ്ട്. പേര് മൗണ്ട് ബാറ്റൺ ആൻഡ് ദി പാർട്ടീഷൻ ഓഫ് ഇന്ത്യ. ആർക്കൈവ് ഡോട്ട് കോമിൽ സംഗതി സൗജന്യമായി വായിക്കാൻ കിട്ടും. 1947 ആഗസ്റ്റ് 14ന് അർദ്ധരാത്രി നടന്ന സംഭവങ്ങൾ വള്ളിപുള്ളി വിടാതെ മൗണ്ട് ബാറ്റൺ ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അതിലെവിടെയും തിരുവാടുതുറൈ മഠം സംവിധാനം ചെയ്ത ചെങ്കോൽ സിനിമയില്ല.
എന്നു മാത്രമല്ല, അധികാരക്കൈമാറ്റത്തിൻ്റെ ഭൗതികരൂപം എങ്ങനെയായിരുന്നുവെന്ന് മൗണ്ട് ബാറ്റൺ കൃത്യമായി പറഞ്ഞിട്ടുമുണ്ട്. അത് ഇംഗ്ലണ്ടിൻ്റെ പതാകയായ യൂണിയൻ ജാക് താഴ്ത്തി, പകരം ഗവർണർ ജനറലിൻ്റെ നീലപ്പതാക ഉയർത്തിക്കൊണ്ടായിരുന്നു. ആ പതാക ഏറെക്കുറെ ഡിസൈൻ ചെയ്തത് താനായിരുന്നുവെന്നും മൗണ്ട് ബാറ്റൺ പറയുന്നു. കാവിചുറ്റിയ ഒറ്റയെണ്ണത്തിനെയും ആരും ആ പരിസരത്തേയടുപ്പിച്ചിട്ടില്ല. അങ്ങനെയൊരു എപ്പിസോഡിനെക്കുറിച്ച് ആരും ചിന്തിച്ചിട്ടുപോലുമില്ല.
എന്നുവെച്ചാൽ, രാജാജി എവിടെയും പറയാത്ത, മൗണ്ട് ബാറ്റൺ എവിടെയും പറയാത്ത കഥയാണ് എഴുപത്തഞ്ചു കൊല്ലങ്ങൾക്കു ശേഷം അമിത്ഷാ ഇരുവരുടെയും പേരിൽ തട്ടിവിട്ടത്. ആ ബഡായിയാണ് ചാണകസംഘികൾ വാട്സാപ്പിലൂടെ നാടുമുഴുവൻ പ്രചരിപ്പിക്കുന്നത്.
നടന്നത് ഇതാണ്. സ്വാതന്ത്ര്യം കിട്ടിയപ്പോൾ തിരുവാടുതുറൈ മഠത്തിലെ കുറേ സന്ന്യാസിമാർ ഡെൽഹിയിൽ ചെന്ന് നെഹ്രുവിനൊരു വടി സമ്മാനിച്ചു. ആ വടിയുമായി വരാൻ അവരോട് ആരും പറഞ്ഞുമില്ല. ചോളസമ്പ്രദായം അനുഷ്ഠിക്കാൻ അവരായിട്ടു ചെന്നതുമല്ല. അധികാരത്തിലേറുന്നവരെ സോപ്പിടാൻ ഇത്തരം പല സമ്മാനങ്ങളുമായി പലരും ചെല്ലാറുണ്ട്. നാട്ടുമര്യാദയനുസരിച്ച് നെഹ്രു ആ സമ്മാനം വാങ്ങി. മ്യൂസിയത്തിൽ കൊണ്ടുവെച്ചു. അത്രയേ നടന്നിട്ടുള്ളൂ.
അതിനെന്താണ് തെളിവെന്നല്ലേ. ഈ വടി കൊടുപ്പിനെ അന്നു തന്നെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്, സാക്ഷാൽ അണ്ണാദുരൈ. വടി കൊടുപ്പിനു പിന്നിലെ തിരുവാടുതുറൈ മഠത്തിന്റെ ഗൂഢോദ്ദേശ്യങ്ങളെക്കുറിച്ച് അദ്ദേഹം ദ്രാവിഡ നാട് പത്രത്തിൽ ഒരു ലേഖനമെഴുതി. 1947 ആഗസ്റ്റ് 24ന്. ലേഖനത്തിൻ്റെ തലക്കെട്ട്, ചെങ്കോൽ, ഒരു വേണ്ടുകോൽ. വേണ്ടുകോൽ എന്ന തമിഴ് വാക്കിൻ്റെ അർത്ഥം അപേക്ഷയെന്നാണ്.
ചെങ്കോൽ കൊടുപ്പിനെ ചോളസമ്പ്രദായമെന്നല്ല, പ്രധാനമന്ത്രിയെ സോപ്പിടാനുള്ള മഠാധിപതിയുടെ അടവായിട്ടു തന്നെയാണ് അന്ന് പരിഹസിക്കപ്പെട്ടത്. ആ പരിഹാസമുയർത്തിയതോ ഒരു തമിഴ്നാട്ടുകാരനും. ആ വിമർശനലേഖനത്തിലും ചോളസമ്പ്രദായപ്രകാരമുള്ള അധികാരക്കൈമാറ്റത്തെ ഒരു സൂചനയുമില്ല.
ലേഖനത്തിൽ അണ്ണാദുരൈ ഇങ്ങനെ തുറന്നടിച്ചു. ഇത് അപ്രതീക്ഷിതവും അനാവശ്യവുമാണ്. ഈ പ്രവൃത്തിയുടെ ആഴങ്ങളെക്കുറിച്ച് ചിന്തിച്ചാൽ അങ്ങേയറ്റം അപകടകരമാണെന്ന് സുവ്യക്തവുമാണ്”. അണ്ണാദുരൈ ദീർഘദർശനം ചെയ്ത ആ അപകടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
സംഭവം ആറ്റിക്കുറുക്കിയാൽ ഇത്രയേ ഉള്ളൂ. ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത നെഹ്രുവിനെ സോപ്പിടാൻ തഞ്ചാവൂരിലെ ഒരു മഠാധിപതി അരക്കിലോ സ്വർണം കൊണ്ടുണ്ടാക്കിയ അഞ്ചടി നീളമുള്ള ഒരു വടിയും ശിവവാഹനമായ നന്ദിയുടെ പ്രതിമയും കൊടുത്ത് ഒരു സംഘത്തെ ഡെൽഹിയിലേയ്ക്ക് അയച്ചു. അത്രയും ദൂരം സഞ്ചരിച്ച് നട്ടപ്പാതിരയ്ക്കു തന്നെ സന്ദർശിച്ച അതിഥികളെ നെഹ്രു നിരാശരാക്കിയില്ല. സമ്മാനം സ്വീകരിച്ച് ഫോട്ടോയ്ക്കു പോസു ചെയ്തു. സ്വർണം കൊണ്ടുണ്ടാക്കിയ വടി മ്യൂസിയത്തിൽ സൂക്ഷിക്കാൻ ഏർപ്പാടും ചെയ്തു. വേറെ വല്ല കോൺഗ്രസുകാരുമായിരുന്നെങ്കിൽ അന്നേയ്ക്കന്നു തന്നെ ആ സ്വർണം ഉരുക്കിവിറ്റ് പുട്ടടിക്കുമായിരുന്നു.
യഥാർത്ഥത്തിൽ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.