കെ ജി ബിജു
ഇമയനങ്ങാതെ പച്ചപ്പുളു തട്ടിവിടാനും ഗീർവാണം മുഴക്കാനും കേരള രാഷ്ട്രീയത്തിൽ കെ സുധാകരനു തണ്ടി നിൽക്കാൻ ഭൂമി മലയാളത്തിൽ ആരുമില്ല. സുധാകരൻ വാ തുറന്നാൽ ജാലിയൻ കണാരൻ്റെ പട്ടാളത്തള്ളു കാണാനും കൈയടിക്കാനുമൊന്നും ആരുമുണ്ടാവില്ല. അക്കാര്യം നന്നായി അറിയുന്ന മാധ്യമപ്രവർത്തകനാകുന്നു, മനോരമ കണ്ണൂർ ബ്യൂറോയിലെ സാക്ഷാൽ കെ ജയപ്രകാശ് ബാബു. സുധാകരന് 75 വയസു തികഞ്ഞതു പ്രമാണിച്ച് മനോരമ ഓൺലൈനിൽ ഊക്കൻ ഒരിന്റർവ്യൂവാണ് ജയപ്രകാശ്ബാബു സംഘടിപ്പിച്ചിരിക്കുന്നത്.
ഭയങ്കരനാണിവൻ… മുതുഭയങ്കരൻ എന്ന് സുധാകരനെക്കുറിച്ച് ആരും പറഞ്ഞുപോകും. അമ്മട്ടിലാണ് ജയപ്രകാശ് ബാബുവിൻ്റെ വിവരണം. അമ്മാതിരി തള്ളുകൾ സുധാകരനും തട്ടിവിടുന്നുണ്ട്. ഒരു സാമ്പിൾ ഇതാ.. എടക്കാട് ആദ്യമായി ഇലക്ഷനിൽ മത്സരിക്കുന്നതിനെക്കുറിച്ച് തള്ളു തമ്പുരാൻ്റെ ഗീർവാണമാണ്. എടക്കാട് തെരഞ്ഞെടുപ്പും ലീഡറും എന്ന തലക്കെട്ടിൽ വായിക്കൂ.
സിപിഎമ്മിൻ്റെ കോട്ടയാണ് എടക്കാട് നിയമസഭാ മണ്ഡലം. എകെജിയുടെ ജന്മനാടായ പെരളശ്ശേരി ഉൾപ്പെടുന്ന മണ്ഡലം. ശരാശരി 30,000 വോട്ടിൽ ഒ.ഭരതൻ ജയിക്കുന്ന മണ്ഡലം. ആ മണ്ഡലത്തിൽ 4 തവണ തുടർച്ചയായി മത്സരിച്ചയാളാണു ഞാൻ. ആദ്യം മത്സരിക്കാൻ ലീഡർ കെ.കരുണാകരൻ ആവശ്യപ്പെട്ടപ്പോൾ, ഞാനൊരു നിബന്ധന വച്ചു. ജയിക്കുന്നതുവരെ തുടർച്ചയായി മത്സരിപ്പിക്കണമെന്ന്. ചിരിയോടെ ലീഡർ അതംഗീകരിച്ചു. പിന്നീട് ആ വാക്ക് പാലിക്കുകയും ചെയ്തു.
അമ്പട വീരാ.. എന്നല്ലേ ഇതു വായിക്കുന്ന ആർക്കും സുധാകരനെക്കുറിച്ച് തോന്നൂ. ശരാശരി 30000 വോട്ടിൽ ഒ ഭരതൻ ജയിക്കുന്ന മണ്ഡലത്തിൽ നാലു തവണ തുടർച്ചയായി മത്സരിച്ച് സിപിഎമ്മിൻ്റെ ഭൂരിപക്ഷം പടിപടിയായി കുറച്ച് ഒടുവിൽ കോടതിയിൽ പോയി ജയിച്ചു വന്ന പടക്കുതിര. അങ്ങനെയല്ലേ ബിൽഡപ്പ്..
നമുക്ക് എടക്കാടിൻ്റെ തെരഞ്ഞെടുപ്പു ചരിത്രം നോക്കാം. മണ്ഡലം നിലവിൽ വന്നത് 1965ൽ. അന്ന് സിപിഎമ്മിലെ സി കണ്ണൻ 7644 വോട്ടുകൾക്ക് കോൺഗ്രസിലെ പി പി ലക്ഷ്മണനെ തോൽപ്പിച്ചു.
1967ലും ഇരുവരും തമ്മിൽ ഏറ്റുമുട്ടി. വിജയിച്ചത് സി കണ്ണൻ. ഭൂരിപക്ഷം 10438.
1970ൽ ഈ ചരിത്രം മാറി. കോൺഗ്രസിലെ എൻ രാമകൃഷ്ണൻ 3640 വോട്ടിന് സി കണ്ണനെ പരാജയപ്പെടുത്തി.
1977ൽ എൻ. രാമകൃഷ്ണനെ 3319 വോട്ടുകൾക്ക് തോൽപ്പിച്ച് അഖിലേന്ത്യാ ലീഗിലെ പി പി വി മൂസ മണ്ഡലം തിരിച്ചു പിടിച്ചു.
കെ. സുധാകരൻ ഇവിടെ മത്സരിക്കാനെത്തുന്നത് 1980ൽ. അന്ന് ഇദ്ദേഹം കോൺഗ്രസ് അല്ല. ജനതാപാർടിയാണ്. ഒ. രാജഗോപാലും കെ ജി മാരാരും അംഗമായ ജനതാപാർടി.
തന്നോട് മത്സരിക്കാൻ കരുണാകരനാണ് ആദ്യം ആവശ്യപ്പെട്ടത് എന്നാണ് അഫിമുഖത്തിൽ സുധാകരൻ തട്ടിവിട്ടിരിക്കുന്നത്. ജനതാ പാർടിക്കാരനായ സുധാകരനെ തെരഞ്ഞെടുപ്പു ഗോദായിലിറക്കിയത് കെ കരുണാകരൻ ആയിരുന്നു എന്ന് നമ്മൾ വിശ്വസിക്കണം. ജനതക്കാരനായ സുധാകരൻ ലീഡറോട് നിബന്ധന വെച്ചുവത്രേ. ജയിക്കും വരെ മത്സരിപ്പിക്കണമെന്ന്.. ലീഡർ ചിരിയോടെ അത് അംഗീകരിച്ചുവത്രേ.
ഏതായാലും 1980ൽ ജനതാ പാർടിയിൽ നിന്ന് സുധാകരൻ മത്സരിച്ചു. ചിഹ്നം കലപ്പയേന്തിയ കർഷകൻ. പതിനായിരത്തോളം വോട്ടുകൾക്ക് പി പി വി മൂസയോട് പരാജയപ്പെട്ടു. അന്ന് ആർഎസ്എസുകാരായ ഒ രാജഗോപാലും കെ ജി മാരാരും പ്രവർത്തിച്ച അതേ പാർടിയിൽത്തന്നെയായിരുന്നു സുധാകരനും. അത് വേറെ കഥ.
1982ൽ വീണ്ടും സുധാകരൻ എടക്കാട് മത്സരിച്ചു. അപ്പോഴും കോൺഗ്രസായില്ല. ഗോപാലൻ ജനത എന്നായിരുന്നു സുധാകരൻ്റെ പാർടിയുടെ പേര്. ചിഹ്നം സൈക്കിൾ. ഇന്നത്തെ മന്ത്രി എ കെ ശശീന്ദ്രനായിരുന്നു അന്ന് എതിർസ്ഥാനാർത്ഥി. സുധാകരൻ്റെ പരാജയം 7577 വോട്ടിന്.
1982 ൽ ഗോപാലൻ ജനതയായ സുധാകരൻ അതു പിളർന്ന് കമലം ജനതയുണ്ടായപ്പോൾ അങ്ങോട്ടു മാറി. എം കമലം പിന്നീട് കോൺഗ്രസിൽ ചേർന്നപ്പോൾ സുധാകരനും കോൺഗ്രസായി. അങ്ങനെയാണ് കെ സുധാകരൻ കോൺഗ്രസിലെത്തിയത്.
സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പ് 1987ൽ. അക്കുറി പക്ഷേ, വീരപുരുഷൻ എടക്കാട് അല്ല മത്സരിച്ചത്. തലശേരിയിൽ. കോടിയേരി ബാലകൃഷ്ണനോട്. 5368 വോട്ടിന് തോറ്റു.
ആ തിരഞ്ഞെടുപ്പിലാണ് ഒ ഭരതൻ എടക്കാട് ആദ്യം മത്സരിച്ചത്. എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ എ പി ജയശീലൻ. 3996 വോട്ടിന് ഭരതൻ ജയിച്ചു.
1991ൽ സുധാകരൻ എടക്കാട് മത്സരിക്കാൻ വീണ്ടുമെത്തി. രാജീവ് ഗാന്ധി വധത്തെ തുടർന്നുള്ള സഹതാപ തരംഗം ആഞ്ഞു വീശിയ തിരഞ്ഞെടുപ്പിൽ ഒ ഭരതൻ്റെ ഭൂരിപക്ഷം 217 ആയി താണു.
ഇനി നമുക്ക് ജയപ്രകാശ് ബാബുവിനോട് തട്ടിവിട്ട തള്ളുചരിത്രത്തിലേയ്ക്ക് മടങ്ങാം. ഒ ഭരതൻ ശരാശരി 30000 വോട്ടിന് ജയിക്കുന്ന മണ്ഡലമെന്നായിരുന്നു ആദ്യത്തെ തള്ള്. ഒരിക്കൽ മാത്രമാണ് ആ മണ്ഡലത്തിൽ സിപിഎമ്മിൻ്റെ ഭൂരിപക്ഷം കഷ്ടിച്ച് പതിനായിരം കടന്നത്. സുധാകരൻ തള്ളുന്ന ഭൂരിപക്ഷത്തിൽ ഒരിക്കലും സിപിഎം സ്ഥാനാർത്ഥി വിജയിച്ചിട്ടില്ലെന്ന് മാത്രമല്ല 1970ൽ കോൺഗ്രസിൻ്റെ എൻ രാമകൃഷ്ണൻ ഇവിടെ ജയിക്കുകയും ചെയ്തിട്ടുണ്ട്.
തുടർച്ചയായി എടക്കാട് താൻ നാലു തവണ മത്സരിച്ചു എന്നാണ് സുധാകരൻ്റെ അടുത്ത തള്ള്. അങ്ങനെ സംഭവിച്ചിട്ടില്ല. കൈപ്പത്തി ചിഹ്നത്തിൽ കെ സുധാകരൻ ഒരു തവണ മാത്രമാണ് എടക്കാട് മത്സരിച്ചത്. 1991ൽ. 1980ലും 82ലും എടക്കാട് മത്സരിച്ച സുധാകരൻ 87ൽ തലശേരിയിലാണ് മത്സരിച്ചത്. എല്ലാ തിരഞ്ഞെടുപ്പിലും തോൽക്കുകയും ചെയ്തു.
പടിപടിയായി എടക്കാടിൻ്റെ കണ്ണിലുണ്ണിയായി താൻ മാറി എന്നാണല്ലോ വീരസ്യം. 1991ൽ വിജയത്തിൻ്റെ തൊട്ടടുത്ത് എത്തുകയും ചെയ്തു. എന്നിട്ടും അടുത്ത തിരഞ്ഞെടുപ്പിൽ സുധാകരൻ എടക്കാട് മത്സരിക്കാൻ ധൈര്യം കാണിച്ചില്ല. 1996ലും 2001ലും എം വി ജയരാജനാണ് എടക്കാട് ജയിച്ചത്. 2006ൽ കടന്നപ്പള്ളി രാമചന്ദ്രനും. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം സുധാകരൻ കണ്ണൂരാണ് മത്സരിച്ചത്.
സുധാകരൻ്റെ വായിൽ നിന്ന് ഇറ്റുവീഴുന്ന ഊളത്തരങ്ങൾ ബൈലൈൻ വെച്ചെഴുതുന്ന വെറും മനോരമക്കാരനാണ് ജയപ്രകാശ് ബാബു. അയാളിൽ അരക്കഴഞ്ച് സാമാന്യബുദ്ധിയുണ്ടായിരുന്നെങ്കിൽ 1996ലെ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് എടക്കാട് മത്സരിച്ചില്ല എന്ന ചോദ്യം ചോദിക്കുമായിരുന്നു. തുടർച്ചയായി അവിടെ മത്സരിച്ച്, സിപിഎമ്മിൻ്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടു വന്ന്, ഹൈക്കോടതിവിധിയുടെ ബലത്തിലാണെങ്കിൽപ്പോലും ഏതാനും നാൾ എടക്കാടിൻ്റെ ജനപ്രതിനിധിയായി നിയമസഭയിലിരുന്നിട്ടുണ്ട് സുധാകരൻ. നാടിൻ്റെ ആ കണ്ണിലുണ്ണി സ്വാഭാവികമായും അടുത്ത തിരഞ്ഞെടുപ്പിലും എടക്കാട് മത്സരിക്കേണ്ടതല്ലേ.
1995ലാണ് ഇ പി ജയരാജനെ വധിക്കാൻ വിക്രം ചാലിൽ ശശിയെയും പേട്ട ദിനേശനെയും സുധാകരൻ നിയോഗിക്കുന്നത്. ആ കേസിൽപ്പെട്ടു നിൽക്കുന്ന സമയത്ത് എടക്കാട് മത്സരിച്ചാൽ വിവരമറിയും എന്നു ബോധ്യമുള്ളതുകൊണ്ടാണ് സുധാകരൻ കണ്ണൂരേയ്ക്ക് കളം മാറ്റിയത്. ഗുണ്ടകളെക്കൊണ്ട് എൻ രാമകൃഷ്ണനെ ഡിസിസി ഓഫീസിൽ നിന്ന് തല്ലിയോടിച്ചാണല്ലോ സുധാകരൻ കണ്ണൂർ ഡിസിസി പ്രസിഡന്റായി അവരോധിതനായത്. സ്വന്തം ഗുണ്ടാപ്പടയുടെ വലയത്തിനുള്ളിൽ നിന്ന് കണ്ണൂർ പട്ടണത്തിൽ വിലസുകയായിരുന്നു വീരശൂരപരാക്രമി.
സാഹിത്യസൃഷ്ടിയുടെ അവസാനഭാഗത്താണ് ഏറ്റവും വലിയ തമാശ. ഒ ഭരതനെതിരെ സുധാകരൻ ഹൈക്കോടതിയിൽ കേസിനു പോയി. അവിടെ സുധാകരൻ വിജയിച്ചു. ഒ ഭരതൻ്റെ വിജയം ഹൈക്കോടതി അസാധുവാക്കി. പകരം കെ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു.
ഈ വിധി സുപ്രിംകോടതി റദ്ദാക്കി. അതേക്കുറിച്ചാണ് സുധാകരൻ്റെ തമാശ. എൻ്റെ ഭാഗം കൃത്യമായി വാദിക്കാൻ ആളില്ലാതെ പോയതോടെ കേസ് തോറ്റുവത്രേ. അന്ന് കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണം. സുധാകരൻ്റെ ഗുരു സാക്ഷാൽ കെ കരുണാകരൻ കേന്ദ്ര വ്യവസായ മന്ത്രിയായി ഡെൽഹിയിൽ വാഴുന്ന കാലത്താണ് ഈ കേസ് സുപ്രിംകോടതി വിധിയുണ്ടായത്. സുധാകരൻ്റെ ഭാഗം കൃത്യമായി വാദിക്കാൻ ആളില്ലാതെ പോയതുകൊണ്ടല്ല സുപ്രിംകോടതിയിൽ കേസ് തോറ്റത്.
വിധിയിൽ നിന്ന് ഒരു ഖണ്ഡിക ഉദ്ധരിക്കാം. The learned counsel appearing for the first respondent was not able to convince us that the learned Judge was right in comparing the signatures himself at any rate in the peculiar facts and circumstances of the case and rendering the findings against the appellant herein. As we are satisfied on the peculiar facts of this case also that the learned Judge was not right in deciding hundreds of the disputed signatures by comparing the counterfoils by himself to declare the votes as void, we need not go into other arguments advanced before us.
നൂറുകണക്കിന് കൗണ്ടർഫോയിലുകളുടെ ഒപ്പുകൾ വിദഗ്ധ സഹായം തേടാതെ ഹൈക്കോടതി ജഡ്ജി സ്വയം പരിശോധിച്ചാണ് ഒ ഭരതൻ്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ആ നടപടി ശരിയായില്ലെന്ന ഒറ്റക്കാരണത്താലാണ് ഹൈക്കോടതിവിധി സുപ്രിംകോടതി റദ്ദാക്കിയത്. സുധാകരൻ നേരിട്ടു പോയി വാദിച്ചിരുന്നെങ്കിലും വിധി ഇതു തന്നെയാകുമായിരുന്നു.
സുധാകരൻ്റെ വീരസ്യത്തിൽ അച്ചടിമഷി തേയ്ക്കും മുമ്പ് ജയപ്രകാശ് ബാബുവിന് കുറച്ചു ഗൃഹപാഠം ചെയ്യാമായിരുന്നു എന്നു ചിന്തിക്കുന്നതിൽ കഥയില്ല. അങ്ങനെ ചെയ്താൽ പിന്നെ മനോരമയിൽ ജോലി ചെയ്യാനാവില്ല. സിപിഎമ്മിനെതിരെ ആരെന്തു പറഞ്ഞാലും അതൊക്കെ അതുപോലെ അച്ചടിച്ചു നാട്ടാരെ കാണിക്കുക. അപ്പണി മാത്രം ചെയ്താൽ മതി. ലക്ഷ്മണരേഖ താണ്ടിയാൽ വിവരമറിയും. അത് ജയപ്രകാശ് ബാബുവിനും നന്നായി അറിയാം.