കെ ജി ബിജു
ഓപ്പറേഷൻ ഗംഭീരമായിരുന്നു. രോഗി ജീവിച്ചോ മരിച്ചോ എന്ന ചോദ്യം അപ്രസക്തമാണ്. എന്നു പറയുമ്പോലെയാണ് സുപ്രിംകോടതിയിലെ ഭൂരിപക്ഷ വിധികർത്താക്കൾ നോട്ടുനിരോധനത്തെ അനുകൂലിച്ചത്. കള്ളനോട്ടു നിർമ്മാർജനം, കള്ളപ്പണം കണ്ടുകെട്ടുക, തീവ്രവാദഫണ്ടിംഗ് അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാണ് നോട്ടുനിരോധനം എന്നായിരുന്നു കേന്ദ്രസർക്കാരിന്റെയും നരേന്ദ്രമോദിയുടെയും പല്ലവി. ആ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടിയിട്ടില്ലെന്ന് സുപ്രിംകോടതിയ്ക്ക് ബോധ്യമായി. അതുകൊണ്ടാണല്ലോ, ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റിയോ എന്നത് പ്രസക്തമല്ല എന്ന് വിധിന്യായത്തിൽ എഴുതിവെച്ചത്.
നൂറുകണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ, കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം ഒറ്റ രാത്രികൊണ്ട് അനിശ്ചിതത്ത്വത്തിലാക്കിയ, ചെറുകിട വ്യവസായങ്ങൾ തകർത്തു തരിപ്പണമാക്കിയ, ഗ്രാമീണ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിപ്പിച്ച മരമണ്ടൻ തീരുമാനമായിരുന്നു നോട്ടുനിരോധനം. ഒറ്റരാത്രികൊണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടു നിരോധിച്ച് ജനങ്ങളെ മണ്ടൻ കളിപ്പിച്ച പ്രധാനമന്ത്രിയ്ക്കും സർക്കാരിനും, ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്നുപോലും കൈവരിക്കാൻ കഴിഞ്ഞില്ല.
നോട്ടുനിരോധിച്ചുകൊണ്ട, കള്ളപ്പണക്കാരെ വെള്ളം കുടിപ്പിക്കുമെന്നായിരുന്നു വീരവാദം. നാലഞ്ചു ലക്ഷം കോടിയുടെ നോട്ടുകളെങ്കിലും തിരിച്ചു വരില്ലെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കള്ളപ്പണം സൂക്ഷിക്കുന്നത് നോട്ടുകളായിട്ടല്ലെന്നും സ്വർണം, റിയൽ എസ്റ്റേറ്റ്, വിദേശ നിക്ഷേപം തുടങ്ങിയ മാർഗങ്ങളിലാണെന്നും കാര്യവിവരമുള്ളവർ അന്നേ പറഞ്ഞതാണ്. വിവരക്കേടും ധാർഷ്ട്യവും അലങ്കാരമാക്കിയവർ ചെവി കൊടുത്തില്ലെന്നു മാത്രം.
ഒടുവിൽ റിസർവ് ബാങ്കിന്റെ 2019ലെ വാർഷിക റിപ്പോർട്ടു വന്നപ്പോൾ ലോകത്തിന് കാര്യം മനസിലായി. നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരിച്ചു വന്നു. കള്ളപ്പണക്കാർ നോട്ടു പൂഴ്ത്തിവെയ്ക്കുമെന്നും ആ തുക നാലഞ്ചു ലക്ഷം കോടി വരുമെന്നും അത്രയും പണം റിസർവ് ബാങ്കിനെക്കൊണ്ട് അച്ചടിപ്പിച്ച് ദീവാളി കുളിക്കാമെന്നും സ്വപ്നം കണ്ടവരൊക്കെ അതോടെ ഹതാശരായി.
പക്ഷേ, അങ്ങനെ തോറ്റു കൊടുക്കുന്നവനല്ല ഉറുമീസ്. ലക്ഷ്യം പാളിയെന്നു വ്യക്തമായപ്പോൾ ഗോൾ പോസ്റ്റു മാറ്റി. കാഷ് ലെസ് എക്കോണമിയ്ക്കു വേണ്ടിയാണ് സർക്കസ് നടത്തിയത് എന്നായി അടുത്ത വ്യാഖ്യാനം. പക്ഷേ, കണക്കു നോക്കിയപ്പോൾ അതും പൊളിഞ്ഞു. ഡീമോണിറ്റൈസേഷനു ശേഷം ഓൺലൈൻ വിനിമയങ്ങളിൽ ഗണ്യമായ വർദ്ധനയൊന്നുമുണ്ടായിട്ടില്ല. കറൻസി നോട്ടു തന്നെയാണ് മഹഭൂരിപക്ഷത്തിന്റെയും സാമ്പത്തിക വിനിമയ ഉപാധി.
കാഷ് ലെസ് എക്കോണമി ആയിരുന്നു ലക്ഷ്യമെങ്കിൽ ധൃതി പിടിച്ച് പാതിരാത്രി നോട്ടു നിരോധിക്കേണ്ട കാര്യമൊന്നുമില്ലെന്നും വിവരവും ബോധവുമുളള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. വലിയ തുകയ്ക്കുള്ള വിനിയമങ്ങൾ പൂർണമായും ചെക്കുവഴിയോ ഓൺലൈൻ വഴിയോ നിർബന്ധിതമാക്കിക്കൊണ്ട് ഇൻകം ടാക്സ് ആക്ട് ഭേദഗതി ചെയ്താൽ മതിയായിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കി പൊരിവെയിലത്തു നിർത്തേണ്ട കാര്യമേ ഉണ്ടായിരുന്നില്ല.
ഒരുവശത്ത് യാതൊരു ലക്ഷ്യബോധവുമില്ലാതെ ധൃതിപിടിച്ചെടുത്ത് നോട്ടുനിരോധനം എന്ന നട്ടപ്രാന്ത് ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. മറുവശത്ത് അതിനുവേണ്ടി നിയമങ്ങളും ചട്ടങ്ങളും കീഴു്വഴക്കങ്ങളുമെല്ലാം തോന്നും പടി തെറ്റിച്ചു. ജസ്റ്റിസ് ബി വി നാഗരത്നയുടെ വിയോജന വിധിയിൽ ഈ തീരുമാനത്തിനു പുറകിൽ നടന്ന നാടകങ്ങൾ വിവരിച്ചുവെച്ചിട്ടുണ്ട്.
നോട്ടു നിരോധിക്കാൻ തീരുമാനിച്ചവർ റിസർവ് ബാങ്കിനെ വിശ്വാസത്തിലെടുത്തിരുന്നില്ല എന്ന വിവരം അന്നു തന്നെ പുറത്തു വന്നിരുന്നതാണ്. രാഷ്ട്രീയ തീരുമാനം റിസർവ് ബാങ്കിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. നോട്ടു നിരോധനമെന്ന ആശയം റിസർവ് ബാങ്കിന്റേതല്ല. കേന്ദ്രസർക്കാരിന്റേതാണ്. റിസർവ് ബാങ്കിനെക്കൊണ്ട് ധൃതി പിടിച്ചൊരു ശിപാർശ വാങ്ങുകയാണ് സർക്കാർ ചെയ്തത്. നോട്ടുനിരോധനത്തിനുള്ള ശിപാർശ വേണമെന്ന് 2016 നവംബർ ഏഴിന് സർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടു. രാത്രിയ്ക്കു രാത്രി ഡയറക്ടർ ബോഡ് യോഗം ചേർന്ന് ശിപാർശ നൽകുകയും ചെയ്തു.
പക്ഷേ, അപ്പോഴും മുഴുവൻ നോട്ടും പിൻവലിക്കുകയാണ് മോദിയുടെ ലക്ഷ്യം എന്ന് ബാങ്ക് അറിഞ്ഞിരുന്നില്ല. മുഷിഞ്ഞതും പഴകിയതുമായ നോട്ടുകൾ അസാധുവാക്കാനായിരുന്നു ആർബിഐ ശുപാർശ. എന്നാൽ നൂറിന്റെയും അഞ്ഞൂറിന്റെയും സകല നോട്ടും നിരോധിച്ച് സർക്കാർ ആർബിഐയെ നിസഹായരാക്കി.
ഇങ്ങനെയൊക്കെ ചെയ്യാൻ കേന്ദ്രസർക്കാരിന് എന്താണ് അധികാരം? ആ ചോദ്യമാണ് സുപ്രിംകോടതിയ്ക്കു മുന്നിൽ ഉയർന്നത്. നിയമവും ചട്ടങ്ങളും ലംഘിച്ച്, ആവശ്യമായ കൂടിയാലോചനയോ മുന്നൊരുക്കമോ നടത്താതെ ഒരു രാജ്യത്തെ സകലജനങ്ങളെയും ഒറ്റരാത്രികൊണ്ട് ഒരു ദുരന്തജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി വലിച്ചെറിയുകയായിരുന്നു മോദി സർക്കാർ ചെയ്തത്. ആ ചെയ്തിയുടെ ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്യപ്പെട്ടത്. തീർത്തും ഏകപക്ഷീയമായ അധികാരദുർവിനിയോഗമായിരുന്നു മോദിയുടെ നോട്ടു നിരോധനം എന്ന കാര്യം സുപ്രിംകോടതിയ്ക്കും ബോധ്യമായി എന്നാണ് രണ്ടു വിധിന്യായങ്ങളിലെയും പരാമർശങ്ങളുടെ ആകെത്തുക.
വെളുപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും അത്രയ്ക്കോട്ടു വെളുത്തില്ലെന്നു മാത്രമല്ല, ഇരുട്ടു സംശയിച്ച മേഖലകളൊക്കെയും നല്ല കറുത്ത നിറത്തിൽ തന്നെയാണ് ഇപ്പോഴും. അത് ചരിത്രത്തിൽ നിന്ന് മാഞ്ഞുപോകാത്തവിധം രേഖപ്പെടുത്തുകയാണ് ജസ്റ്റിസ് ബി വി നാഗരത്ന.