കെ ജി ബിജു
ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന മാതൃഭൂമിയുടെ സർവെ, കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ നിശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയപരിണാമത്തിൻ്റെ സൂചകങ്ങളാൽ സമൃദ്ധമാണ്. പിണറായി വിജയനും വിഎസ് അച്യുതാനന്ദനുമുള്ള ജനപിന്തുണ കൂട്ടിയെടുത്താൽ, ആകെ പോളിറ്റിയുടെ അമ്പതു ശതമാനത്തിനുമേലെയായി. പക്ഷേ, അതിനെ സിപിഎമ്മിന് ലഭിക്കുന്ന രാഷ്ട്രീയസ്വീകാര്യതയായി വിലയിരുത്താൻ പലരും മടിക്കുകയാണ്. അരാഷ്ട്രീയമായ വിശലകനരീതികളുടെ തടവുപുള്ളികളാണല്ലോ നമ്മുടെ പല രാഷ്ട്രീയ നിരീക്ഷകരും.
കോൺഗ്രസിൻ്റെ രാഷ്ട്രീയ തകർച്ച 2011ൽത്തന്നെ ആരംഭിച്ചിരുന്നു. അന്ന്, യുഡിഎഫ് അധികാരത്തിലേറിയെങ്കിലും മുന്നണിയെ നയിച്ച കോൺഗ്രസിന് പ്രതിപക്ഷ മുന്നണിയെ നയിച്ച സിപിഎമ്മിനെക്കാൾ സീറ്റു കുറവായിരുന്നു. ചരിത്രത്തിൽ ആദ്യമാണ് അങ്ങനെയൊരു തിരഞ്ഞെടുപ്പുഫലം. ജയിച്ച മുന്നണിയുടെ പ്രധാനകക്ഷിയെക്കാൾ കൂടുതൽ സീറ്റുകൾ പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന കക്ഷിയ്ക്ക് ലഭിക്കുക.
സൂചന വ്യക്തമായിരുന്നു. കോൺഗ്രസിനെക്കാൾ സ്വാധീനം സിപിഎം കൈവരിക്കുകയാണ്. മൂന്നു ജില്ലകളിൽ മാത്രമായിരുന്നു ആ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയത്. മലപ്പുറം, എറണാകുളം, കോട്ടയം. ബാക്കിയെല്ലാ ജില്ലകളിലും എൽഡിഎഫിനു തന്നെയായിരുന്നു ആധിപത്യം. യുഡിഎഫിന്റെ പരമ്പരാഗത ശക്തിയായിരുന്ന ക്രിസ്ത്യൻ, മുസ്ലിം ജനവിഭാഗങ്ങളുടെ പിന്തുണയിൽ ഇടിവു വന്നാൽ, തകരാവുന്നതേയുള്ളൂ യുഡിഎഫ് സംവിധാനമെന്ന് ആ തെരഞ്ഞെടുപ്പോടെ വ്യക്തമായതാണ്.
2016, 2021 തിരഞ്ഞെടുപ്പുകളിൽ മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിൽ യുഡിഎഫിന്റെ മേൽക്കൈയ്ക്ക് ഇടിവുണ്ടായി. 2011ൽ മലപ്പുറത്ത് വെറും രണ്ടു സീറ്റു മാത്രമായിരുന്നു എൽഡിഎഫിന്. 2016ൽ അത് നാലായി. 2021ൽ അതു നിലനിർത്തുകയും ചെയ്തു. എറണാകുളത്ത് 2011ൽ 3 സീറ്റായിരുന്നു എൽഡിഎഫിന്. 2016ൽ അത് 5 ആയി ഉയർന്നു. 2021ൽ അതു നിലനിർത്തുകയും ചെയ്തു. കോട്ടയത്ത് 2011ൽ 2 സീറ്റായിരുന്നു എൽഡിഎഫിന്. 2016ലും അതു തന്നെയായിരുന്നു സ്ഥിതി. 2021ൽ പക്ഷേ, അത് അഞ്ചായി. യുഡിഎഫ് കോട്ടകളായി കണക്കാക്കപ്പെടുന്ന ജില്ലകളിൽ നിന്ന് 2011നു ശേഷം ഏഴു സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്.
യുഡിഎഫ് കോട്ടകളിലേയ്ക്ക് എൽഡിഎഫ് വളർത്തിയെടുത്ത ഈ രാഷ്ട്രീയ സ്വാധീനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ആ സ്ഥിതിവിശേഷം തുടരുകയുമാണ്. സർവെയിൽ പിണറായിയ്ക്കും വിഎസിനുമുള്ള ജനപിന്തുണ കൂട്ടിയാൽ 50 ശതമാനത്തിനു മീതെയായി. എന്നുവെച്ചാൽ പോളിറ്റിയുടെ നേർപാതി കഴിഞ്ഞ് എൽഡിഎഫിന്റെ രാഷ്ട്രീയസ്വാധീനം വളരുകയാണ്.
പിണറായി വിജയനും വിഎസിനുമുള്ള ജനപിന്തുണ സിപിഎമ്മിനും എൽഡിഎഫിനും അവകാശപ്പെട്ടതാണ്. എൽഡിഎഫ് സർക്കാരുകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി എൽഡിഎഫിന്റെ രാഷ്ട്രീയത്തിന് ബഹുജനങ്ങളിൽ വളരുന്ന സ്വീകാര്യതയുടെ പ്രതിഫലനം തന്നെയാണ്, നേതാക്കളുടെ പിന്തുണയായി നാം കാണുന്നത്.
മറുവശത്ത് ഉമ്മൻചാണ്ടിയും വിഡി സതീശനും കെ സുധാകരനുമെല്ലാം ബഹുദൂരം പിന്നിലാണ്. ഇക്കാണിച്ചുകൂട്ടുന്ന സർക്കസുകൾ കൊണ്ടൊന്നും ജനമനസുകളിൽ സ്ഥാനമുറപ്പിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. പച്ചക്കള്ളങ്ങളും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും നിരത്തി പ്രതിദിനം പത്രസമ്മേളനങ്ങൾ നടത്തിയതുകൊണ്ടൊന്നും ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല. പ്രതിദിനം രണ്ടും മൂന്നും പത്രസമ്മേളനങ്ങൾ നടത്തിയിട്ടും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പല അഭിപ്രായ സർവെകളിലും രണ്ടോ മൂന്നോ ശതമാനമൊക്കെയായിരുന്നു ജനപിന്തുണ.
നേതാക്കളുടെ വ്യക്തിപരമായ സ്വീകാര്യതയല്ല, അവരുടെ രാഷ്ട്രീയനിലപാടുകൾക്കു ലഭിക്കുന്ന ജനപിന്തുണയാണ് അഭിപ്രായസർവെകളിൽ തെളിയുന്നത്. യുഡിഎഫ് നേതാക്കളുടെ രാഷ്ട്രീയ നിലപാടുകൾക്ക് ബഹുജനങ്ങൾ വലിയ പ്രസക്തിയൊന്നും കൽപ്പിക്കുന്നില്ല. അതാണ് മാതൃഭൂമി പുറത്തുവിട്ട അഭിപ്രായസർവെയുടെ ഒന്നാമത്തെ പാഠം.