സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധി വന്നതിനുശേഷം കേരളത്തിലെ ഒമ്പത് വൈസ് ചാൻസലർമാരോട് ഉടൻ രാജിവയ്ക്കാൻ ചാൻസലറായ ഗവർണർ ആവശ്യപ്പെട്ടത് അസാധാരണ നടപടിയാണ്. സുപ്രീംകോടതിയുടെ വിധി സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർക്കുമാത്രം ബാധകമാകുന്നതാണ്. ഈ വിധിന്യായം എല്ലാ സർവകലാശാലാ വിസിമാർക്കും ബാധകമാണെന്നും സുപ്രീംകോടതി പറഞ്ഞിട്ടില്ല. തന്നെയുമല്ല, ഒരു വ്യക്തിക്കെതിരെ പുറപ്പെടുവിക്കുന്ന വിധി ആ വ്യക്തിക്കു മാത്രമേ ബാധകമാകൂവെന്നുള്ളത് സാമാന്യ നിയമതത്വമാണ്. അപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് മറ്റു വിസികളോട് ഉടൻ രാജിവയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.
ഇനി സുപ്രീംകോടതിയുടെ മേൽപ്പറഞ്ഞ വിധിന്യായത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ ചില ഗൗരവതരമായ വീഴ്ചകൾ അതിലുണ്ടെന്ന് കാണാം. രണ്ടു ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഒന്ന്, വിസിയുടെ നിയമനം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യുജിസി )റെഗുലേഷനുകൾ അനുസരിച്ചാണോ നടത്തേണ്ടത്. അതോ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നിയമം അനുസരിച്ചാണോ നടത്തേണ്ടത്. രണ്ട്, സെർച്ച് കമ്മിറ്റി നിയമാനുസൃതമായി രൂപീകൃതമായതാണെന്ന് കരുതാനാകുമോ. ഈ രണ്ടു ചോദ്യത്തിന് കോടതി കണ്ടെത്തിയ ഉത്തരങ്ങളാണ് വിധിന്യായത്തിൻ്റെ ഉള്ളടക്കം.
ആദ്യത്തെ ചോദ്യത്തിൻ്റെ ഉത്തരം യുജിസിയുടെ റെഗുലേഷനുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താനാകൂവെന്നതാണ്. കാരണം ആ റെഗുലേഷനുകൾ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ നിയമത്തിൻ്റെ ഭാഗമാണെന്നും ആ നിയമം പാർലമെന്റ് പാസാക്കിയ നിയമമായതിനാൽ സംസ്ഥാന അസംബ്ലി പാസാക്കിയ യൂണിവേഴ്സിറ്റി നിയമത്തെ മറികടക്കാൻ കഴിയുന്നതാണെന്നുമാണ്. കോടതി ഈ കണ്ടെത്തലിന് സഹായം തേടിയത് ഭരണഘടനയുടെ 254-ാം അനുച്ഛേദത്തെയാണ്.
ഈ അനുച്ഛേദപ്രകാരം നിയമസഭ പാസാക്കുന്ന ഏതെങ്കിലും നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ; പാർലമെന്റ് പാസാക്കുന്ന അതേ വിഷയത്തിലുള്ള നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയ്ക്കെതിരെ വന്നാൽ പാർലമെന്റ് പാസാക്കുന്ന നിയമത്തിനു മാത്രമേ നിയമപ്രാബല്യം ഉണ്ടാകൂവെന്നും സംസ്ഥാന നിയമത്തിലെ വ്യവസ്ഥ അസാധുവാക്കുകയും ചെയ്യുമെന്നുള്ളതാണ്. അതിൻ്റെ അർഥം സംസ്ഥാന നിയമമനുസരിച്ച് നടത്തിയ നിയമനം അസാധുവാകുമെന്നു തന്നെയാണ്. ഇനി യുജിസി റെഗുലേഷനുകൾ എന്തിനെപ്പറ്റിയാണെന്നും അവയുടെ നിയമപരവും ഭരണഘടനാപരവുമായ സ്ഥിതി എന്താണെന്നും പരിശോധിക്കാം. അങ്ങനെയൊരു പരിശോധന ഈ വിഷയത്തെ ശരിക്കും മനസ്സിലാക്കാൻ ആവശ്യമാണ്.
യുജിസി നിയമം നിലവിൽവന്നത് 1956 ലാണ്. രാജ്യത്തെ സർവകലാശാലകളുടെ നിലവാരം നിർണയിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും സർവകലാശാലകളുടെ ഭരണകാര്യങ്ങളിൽ മാർഗനിർദേശങ്ങൾ നൽകുന്നതിനുമൊക്കെ വേണ്ടിയാണ് യുജിസി സ്ഥാപിക്കപ്പെട്ടത്. ഈ നിയമമനുസരിച്ച് യുജിസിക്ക് ചില കാര്യങ്ങളിൽ റെഗുലേഷനുകൾ പുറപ്പെടുവിക്കാൻ അധികാരമുണ്ട്. അധ്യാപകരുടെ യോഗ്യത നിർവചിക്കുക, അധ്യാപന നിലവാരം നിർണയിക്കുക, സർവകലാശാലകളുടെ പൊതുനിലവാരം നിലനിർത്താൻ സഹായിക്കുക– എന്നിങ്ങനെ പോകുന്നു റെഗുലേഷനുകൾ. റെഗുലേഷനുകൾ യുജിസി നിയമത്തിലും ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. പക്ഷേ, ഈ റെഗുലേഷനുകളിൽ ഒന്നും വൈസ് ചാൻസലർ നിയമനത്തെ സംബന്ധിക്കുന്ന ഒരു പരാമർശവുമില്ല എന്നുള്ളത് പ്രത്യേകം പറയേണ്ട കാര്യമാണ്. എന്നാൽ, 2013ൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് യുജിസിക്ക് നൽകിയ നിർദേശമനുസരിച്ചാണ് വിസിയുടെ നിയമനത്തെ സംബന്ധിക്കുന്ന റെഗുലേഷനുകൾ ഇറക്കിയത്. യുജിസി നിയമത്തിൽത്തന്നെ വൈസ് ചാൻസലറുടെ നിയമനത്തെക്കുറിച്ച് ഒരു വ്യവസ്ഥയും ഇല്ലെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. നിയമത്തിൽ ഇല്ലാത്ത കാര്യത്തെക്കുറിച്ച് എങ്ങനെ റെഗുലേഷൻ ഇറക്കാൻ സാധിക്കുമെന്നുള്ളത് കോടതി പരിശോധിക്കേണ്ടതാണ്. 2013ൽ കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് ഇറക്കിയ റെഗുലേഷനിലാണ് വൈസ് ചാൻസലറെ നിയമിക്കുന്നതിന് മൂന്നുമുതൽ അഞ്ചു പേരുടെ പാനൽ വേണമെന്നൊക്കെ പറയുന്നത്.
അടുത്ത പ്രശ്നം യുജിസി റെഗുലേഷനുകൾക്ക് സംസ്ഥാന നിയമത്തേക്കാൾ പ്രാമുഖ്യമുണ്ടോ എന്നുള്ളതാണ്. ഇവിടെയാണ് 254 -ാം അനുച്ഛേദത്തിൻ്റെ പ്രാധാന്യവും സാംഗത്യവും. ഈ അനുച്ഛേദമനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തിൻ്റെ നിയമത്തിലുള്ള വ്യവസ്ഥകൾ പാർലമെന്റ് പാസാക്കുന്ന നിയമത്തിലെ ഏതെങ്കിലും നിയമവ്യവസ്ഥകൾക്ക് എതിരായാൽ പാർലമെന്റ് പാസാക്കുന്ന നിയമം മാത്രമേ നിലനിൽക്കൂ. ഇവിടെ ആലോചിക്കേണ്ട വിഷയം യുജിസി റെഗുലേഷനുകൾ 254-ാം അനുച്ഛേദത്തിൽ പറഞ്ഞിരിക്കുന്ന ‘നിയമത്തി’ൽപ്പെടുമോ എന്നുള്ളതാണ്. കോടതി പറയുന്നത് റെഗുലേഷനുകൾ നിയമത്തിൻ്റെ ഭാഗമാണ് അതുകൊണ്ട് 254-ാം അനുച്ഛേദത്തിൻ്റെ പരിധിയിൽ വരുന്നതാണെന്നാണ്. ഇവിടെയാണ് കോടതിക്ക് പറ്റിയ വീഴ്ച. ആ വീഴ്ചയാണ് ഈ കേസിൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമായത്. സൂക്ഷ്മമായി പരിശോധിച്ചാൽ റെഗുലേഷനുകൾ 254-ാം അനുച്ഛേദത്തിൽ വിവക്ഷിക്കപ്പെടുന്ന ‘നിയമ’ത്തിന്റെ ഭാഗമല്ലായെന്ന് മനസ്സിലാകുന്നതാണ്. അതായത് 254-ാം അനുച്ഛേദത്തിൻ്റെ രണ്ടാമത്തെ വകുപ്പിൽ പറയുന്നത് കേന്ദ്രനിയമത്തിനു വിരുദ്ധമായ സംസ്ഥാന നിയമം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയും രാഷ്ട്രപതി അതിന് അനുമതി നൽകുകയും ചെയ്താൽ വിരുദ്ധമായ സംസ്ഥാന നിയമമാണ് ആ സംസ്ഥാനത്ത് നടപ്പാക്കുന്നത് എന്നാണ്. ഈ വകുപ്പിൽ മുകളിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ഉൾക്കൊണ്ടിരിക്കുന്നു.
അതായത്, രാഷ്ട്രപതിക്ക് അയക്കുന്ന സംസ്ഥാന നിയമമെന്നു പറയുന്നത് നിയമസഭ പാസാക്കിയ ബില്ലിനെയാണ്. അതിനെയാണ് നിയമമെന്ന് 254-ാം അനുച്ഛേദത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. അതിൽ റൂളുകളോ ചട്ടങ്ങളോ ഒന്നുംപെടുന്നില്ല. അവയെല്ലാം അനുമതിക്കുശേഷം ഉണ്ടാക്കപ്പെടുന്നവയാണ്. ഇതേ അനുച്ഛേദത്തിൽ പാർലമെന്റ് പാസാക്കിയ ‘നിയമം’ എന്ന വാക്കിനും അതേ അർഥമാകാനേ തരമുള്ളൂ. ഒരു അനുച്ഛേദത്തിൽ ഒരേ വാക്കിന് രണ്ടർഥം ഉണ്ടാകുകയില്ല. അങ്ങനെ വരുമ്പോൾ പാർലമെന്റ് പാസാക്കിയ ‘നിയമ’മെന്ന് 254-ാം അനുച്ഛേദത്തിൽ പറയുന്നത് പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്ത ബില്ലിനെക്കുറിച്ചാണ്. അതിൽ റൂൾ, ചട്ടങ്ങൾ, റെഗുലേഷനുകൾ എന്നിവ ഉൾപ്പെടുന്നില്ലെന്ന് അർഥം. അതുകൊണ്ട് കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ നിയമവ്യവസ്ഥകളെ പരിശോധിക്കേണ്ടത് യുജിസി നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. റെഗുലേഷനുകളുടെ അടിസ്ഥാനത്തിലല്ല. അങ്ങനെ യുജിസി നിയമത്തിൻ്റെ വ്യവസ്ഥകളുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു വൈരുധ്യവുമില്ലെന്ന് സ്പഷ്ടമായി മനസ്സിലാക്കാം. യുജിസി നിയമത്തിൻ്റെ ഒരു വ്യവസ്ഥയിലും വൈസ് ചാൻസലറുടെ നിയമനത്തെക്കുറിച്ച് ഒരുപരാമർശവുമില്ല. അതുകൊണ്ട് കേരള സംസ്ഥാന നിയമത്തിലെ വിസിയുടെ നിയമനവ്യവസ്ഥ കേന്ദ്രനിയമത്തിലെ ഒരു വ്യവസ്ഥയ്ക്കും വിരുദ്ധമല്ലെന്നുള്ള കാര്യം സ്പഷ്ടമാകുന്നു. ഇനി അങ്ങനെയൊരു വൈരുധ്യം നിലനിൽക്കുന്നുവെന്നു കരുതിയാൽപ്പോലും അത് പരിഹരിച്ച് രണ്ടു നിയമത്തിലെയും വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുത്താനുള്ള ഹാർമോണിയസ് ഇന്റർപ്രട്ടേഷനെന്ന വ്യാഖ്യാനതത്വം പ്രയോഗിക്കണമെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. 1994 സത്യപാൽ റെഡി വെഴ്സസ് ഗവൺമെന്റ് ഓഫ് ആന്ധ്രപ്രദേശ് എന്ന കേസിലാണ് അപ്രകാരം പറഞ്ഞിരിക്കുന്നത്. അങ്ങനെ സുപ്രീംകോടതിയുടെ പൊതുസമീപനം ഈ മാതിരി കേസുകളിൽ കേന്ദ്ര നിയമവും സംസ്ഥാന നിയമവും രണ്ടും പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുക എന്നുള്ളതാണ്. പക്ഷേ, ടെക്നോളജി യൂണിവേഴ്സിറ്റി കേസിൽ സുപ്രീംകോടതി തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 254-ാം അനുച്ഛേദത്തിൻ്റെ വിവിധ അർഥതലങ്ങൾ പരിശോധിക്കാതെ ഉപരിതലത്തെമാത്രം സ്പർശിച്ച് സംസ്ഥാന നിയമസഭ പാസാക്കിയ നിയമമനുസരിച്ചുള്ള നിയമനം റദ്ദാക്കുകയാണ് ചെയ്തിട്ടുള്ളത്. അത് തീർച്ചയായും പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.