സത്യത്തില്‍ സ്വപ്‌ന സുരേഷ് യു എ ഇ കോണ്‍സുലേറ്റിലെ ജോലിക്കാരിയാകേണ്ട ആളേ അല്ലായിരുന്നു. ഏതെങ്കിലും ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററോ, ന്യൂസ് എഡിറ്ററോ മറ്റോ ആയിരുന്നെങ്കില്‍ സംഗതി കളറായേനെ. എഷ്യാനെറ്റിന് ലൈംഗിക ആരോപണ ബ്രേക്കിംഗ്, മനോരമയ്ക്ക് മുഖ്യമന്ത്രിക്ക് എതിരെ ന്യൂക്ലിയര്‍ ബോംബ് എന്ന ബ്രേക്കിംഗ് ഇങ്ങനെ ഓരോ ചാനലുകള്‍ക്കും വെവ്വേറെ ബ്രേക്കിംഗ് ന്യൂസുകള്‍ സമ്മാനിച്ചാണ് സ്വപ്‌ന തന്റെ മാധ്യമപ്രവര്‍ത്തനാഭിരുചി പ്രകടമാക്കിയത്. പക്ഷേ ഒരു പ്രശ്‌നമുണ്ട്…. സ്വപ്‌നയുടെ ഈ വെളിപ്പെടുത്തലുകള്‍ക്കെക്കെ ഒരു കുഴപ്പമുണ്ട്. വിശ്വസിക്കാന്‍ പറ്റുന്ന ഒന്നുമുണ്ടാകില്ല. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍…..
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സ്വര്‍ണക്കടത്തുകാരിയെ മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്ത് മാധ്യമങ്ങള്‍ അഭിമുഖം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒഫീഷ്യല്‍ പരിചയം മാത്രമെന്നായിരുന്നു കടത്തുകാരിയുടെ മറുമൊഴി. എന്നാല്‍ സ്വപ്‌നയുടെ കടിഞ്ഞാണ്‍ സംഘപരിവാര്‍ എറ്റെടുത്തതോടെ കളി മാറി. ഇപ്പോള്‍ മുഖ്യമന്ത്രി സ്വപ്‌നയേക്കാള്‍ വല്യ കള്ളക്കടത്തുകാരനാണെന്നാണ് സ്വപ്‌നയുടെ ആരോപണം. പക്ഷേ ഒരു മുടിനാരിഴ ബന്ധം പോലും തെളിയിക്കാന്‍ ഈ ആരോപണത്തൊഴിലാളിക്ക് ഇന്നേവരെ സാധിച്ചില്ല.
ബിരിയാണി ചെമ്പില്‍ മുഖ്യമന്ത്രി സ്വര്‍ണം കടത്തിയെന്നും പറഞ്ഞ് സ്വപ്ന ചാനലുകള്‍ കേറിയിറങ്ങിയിട്ട് കാലം അധികമായിട്ടില്ല. കസ്റ്റംസിനോട് വന്‍ വെളിപ്പെടുത്തലൊക്കെ നടത്തിയെങ്കിലും അന്വേഷിച്ച് ചെന്നപ്പോള്‍ വെറും ഉണ്ടയില്ലാ വെടിയായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തലെന്ന് കസ്റ്റംസ് പണ്ടേ തീര്‍പ്പ് കല്‍പ്പിച്ചതാണ്. ആ പഴകി തേഞ്ഞ കഥ ചാനലുകള്‍ മസാല പുരട്ടി വിളമ്പിയിട്ടും ഭൂമി മലയാളത്തിന് ഒന്നും സംഭവിച്ചില്ല.
ഓര്‍മ്മയില്ലേ ഡാറ്റാ മോഷണത്തിൻ്റെ സ്വപ്‌ന തിയറി..?? കെ ഫോണ്‍ കേരളത്തിലെ മലയാളികളുടെയൊക്കെ സ്വകാര്യവിവരങ്ങളൈാക്കെ വില്‍ക്കാനാണെന്ന ആ സ്വപ്‌ന തിയറി ? ആരോപണം കേട്ട് ഷാജന്‍ സ്‌കറിയ ഞെട്ടിത്തരിച്ചപ്പോള്‍ പക്ഷേ മലയാളികള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അമ്മാതിരി വിവരക്കേടായിരുന്നില്ലേ എഴുന്നള്ളിച്ചത് ?
കേരളത്തെ തൂക്കിവാങ്ങാന്‍ പണത്തൂക്കമുള്ള യുഎഇ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാന്‍ കമലാ വിജയന്‍ നെക്ലൈസ് സമ്മാനം കൊടുത്തുവെന്ന ‘ഗുരുതര’ ആരോപണമുന്നയിച്ചതും സാഹിത്യകാരി കൂടിയായ ഈ മഹതി തന്നെ…. പച്ചവെള്ളം ചവച്ചുമാത്രമിറക്കുന്ന സ്വപ്‌നയുടെ ഈ ആരോപണങ്ങളെല്ലാം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു.?? വെറും വെള്ളത്തില്‍ വരച്ചവരയായി മാറി.
ചിലര്‍ക്ക് മീഡിയാ അറ്റന്‍ഷന്‍ വല്ലാത്ത ഒരു ഹരമാണ്. സ്വപ്‌ന ഇപ്പോള്‍ ആ ലഹരിയിലാണ്. ഇടക്കിടയ്ക്ക് എൻ്റെ തല എൻ്റെ ഫുള്‍ ഫിഗര്‍ വരണമെന്ന് നിര്‍ബന്ധമാണ്. അങ്ങനെയാണ് ഇപ്പോള്‍ ലൈംഗികാരോപണവുമായുള്ള രംഗപ്രവേശം. സത്യത്തില്‍ ലൈംഗികാരോപണത്തിന് വിധേയരാവുന്നവരുടെ വിശ്വാസ്യതയെപ്പോലും ഇല്ലാതാക്കുന്ന വിലകുറഞ്ഞ ആരോപണങ്ങളിലൂടെയാണ് സ്വപ്‌നയുടെ പുതിയ നാടകം. ഇതില്‍ ഏറ്റവും ‘ഞെട്ടിക്കുന്നത്’ തോമസ് ഐസകിനെതിരായ ആരോപണമാണ്. കോണ്‍സുല്‍ ജനറലിനൊപ്പം തോമസ് ഐസകിനെക്കാണാന്‍ പോയപ്പോള്‍ മൂന്നാറിലേക്ക് ക്ഷണിച്ചുപോലും. മന്ത്രിയായ ഒരാള്‍, അതും കോണ്‍സുല്‍ ജനറല്‍ ഉളളപ്പോള്‍ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്ന്. ഇതാണ് നമ്മള്‍ നേരത്തെ പറഞ്ഞത് … സ്വപ്‌നയുടെ കഥയ്‌ക്കെല്ലാം അങ്ങനെ ഒരു പ്രശ്‌നമുണ്ട്. വിശ്വസിക്കാന്‍ കൊള്ളുന്ന ഒന്നുമുണ്ടാകില്ല.
ഐസകിനെതിരെ ആരോപണം ഉന്നയിക്കും മുന്‍പ് അത്ര ഹോംവര്‍ക്ക് നടത്തിയിട്ടില്ലെന്ന് രണ്ട് ഇന്റര്‍വ്യൂകള്‍ കണ്ടാല്‍ മനസിലാകും. എഷ്യാനെറ്റിനോട് പറയുന്നത് തിരുവനന്തപുരം ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ചായിരുന്നു ക്ഷണമെന്നാണ്. എന്നാല്‍ ന്യൂസ് 18ല്‍ അവര്‍ പറയുന്നത് ആലപ്പുഴ വള്ളംകളിയുടെ സമയത്താണ് ക്ഷണിച്ചതെന്നും. കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ?
ഇനി പി ശ്രീരാമകൃഷ്ണൻ്റെ കാര്യം. ഇതേ രീതിയില്‍ ശ്രീരാമകൃഷ്ണനെതിരെ ദുരാരോപണമുന്നയിച്ച ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഇപ്പോഴും കോടതി കയറുന്നുണ്ടെന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.
ഏതായാലും സ്വപ്‌നയുടെ മാര്‍ക്കറ്റിംഗ് തന്ത്രം കിടിലനാണ്. ആത്മകഥയ്ക്ക് രണ്ടാം ഭാഗമുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ ആരോപണങ്ങള്‍ കേട്ട് ഇക്കിളിപ്പെട്ടവരെ കാത്തിരിപ്പിക്കുകയാണ് സ്വപ്‌നയുടെ തന്ത്രം. അതുകൊണ്ട് തന്നെ രണ്ടാം ഭാഗവും ചൂടപ്പം പോലെ വിറ്റുപോകുമെന്ന് ഉറപ്പ്. അതിനപ്പുറം ഈ ആരോപണങ്ങള്‍ക്കൊക്കെ എന്ത് ആയുസ്? എന്ത് വിശ്വാസ്യത? നയതന്ത്ര ഓഫീസിലെ ഉദ്യോഗസ്ഥ, പിന്നെ സ്വര്‍ണക്കടത്ത്, പിന്നെ എച്ച് ആര്‍ ഡി എസ് ഡയറക്ടര്‍, ഇപ്പോള്‍ ഒടുവിലിതാ ലേഡി പമ്മനിലേക്കുള്ള പരകായ പ്രവേശവും… ഉദരം നിമിത്തം ബഹുകൃത വേഷമെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്……