കെ വി സുധാകരൻ
നൂറു വയസിൻ്റെ നിറവിൽ എത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ജീവിതം അത്യപൂർവ്വമാണ്. വിഎസ് അച്യുതാനന്ദൻ്റെ കർമകാണ്ഡത്തിലുടനീളം കാണാൻ കഴിയുന്നതാണ് ആ അപൂർവ്വത. തികച്ചും സാധാരണക്കാരനായുള്ള ജനനം, വളരെ പ്രാഥമികമായ പ്രൈമറി വിദ്യാഭ്യാസം മാത്രം യോഗ്യത. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന തിരുവിതാംകൂറിലെ കുഗ്രാമത്തിൽ നിന്നുള്ള പടപ്പുറപ്പാട്.
ഇങ്ങനെയുള്ള അസാധാരണത്തങ്ങൾക്കപ്പുറം അതിനെയെല്ലാം മറികടന്നുകൊണ്ട് പൊതുജീവിതത്തിൽ 100 വർഷം നിറഞ്ഞു നിൽക്കാൻ ഭാഗ്യം സിദ്ധിക്കുക എന്നത് തികച്ചും അത്യപൂർവ്വതയാണ്. അത്തരം അത്യപൂർവ്വത സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ രാഷ്ട്രീയ വ്യക്തിത്വത്തിൻ്റെ പേരാണ് വിഎസ് എന്ന രണ്ടക്ഷരം കൊണ്ട് മലയാളികൾ നെഞ്ചേറ്റിയ വിഎസ് അച്യുതാനന്ദൻ. ഇച്ഛാശക്തി കൊണ്ടും, പ്രവർത്തനധീരത കൊണ്ടും പൊതുജീവിതത്തിൽ സ്വയം അടയാളപ്പെടുത്തിയ നേതാവ് കൂടിയാണദ്ദേഹം. തികച്ചും കർക്കശക്കാരനായ കമ്മ്യൂണിസ്റ്റുകാരൻ, വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന നേതാവ്. എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തിൽ കൂട് വെയ്ക്കാൻ കഴിഞ്ഞ നേതൃസ്ഥാനവും വിഎസിന് മാത്രം സ്വന്തമായ അപൂർവ്വതകളിൽ ഒന്നാണ്.
തുടക്കത്തിൽ, തനി കുട്ടനാടൻ ഗ്രാമത്തിൽ നിന്ന് വന്ന തികച്ചും ഗ്രാമീണനായ ഒരു മനുഷ്യൻ. വളരെ ചെറുപ്പത്തിലെ തന്നെ എല്ലാവിധ ജീവിത ദുരിതങ്ങളും പാരവശ്യങ്ങളും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ആളായിരുന്നു. നാലര വയസിൽ അമ്മയുടെ മരണം, 7-ാം വയസിൽ അച്ഛൻ്റെ മരണം, അനാഥമാക്കപ്പെട്ട ഭാവിയുടെ മുന്നിൽ എന്ത് ചെയ്യണമെന്ന് അറിയാതെ സംത്രാസത്തിന് അടിപ്പെട്ടുപോകുന്ന ഒരു ജീവിതം. പക്ഷേ അവിടെ നിന്ന് വളരെ ധീരമായ പ്രവൃത്തികളിലൂടെയും ദൃഢനിശ്ചയങ്ങളിലൂടെയും പടപൊരുതി മുന്നേറിയ ജീവിതമാണ് വിഎസിൻ്റെ 100 വർഷക്കാലത്തിൽ കാണാൻ കഴിയുന്നത്.
18 വയസ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ കയർ ഫാക്ടറി തൊഴിലാളിയായി ആരംഭിച്ച ജീവിതം. ആ ജീവിതത്തിനിടയിൽ കേവലമായ തൊഴിലാളികളുടെ സങ്കൽപ്പത്തിനോ ഭാവനയ്ക്കോ അപ്പുറത്തേയ്ക്ക് ഒരു പുതിയ ജീവിതം തൊഴിലാളിക്ക് സമ്മാനിക്കാനുള്ള അത്യധികമായ ത്വരയായിരുന്നു വിഎസ് അച്യുതാനന്ദനെ പൊതുരംഗത്തേയ്ക്ക് കൊണ്ടുവന്നത്. തൊള്ളായിരത്തി നാൽപതുകളിൽ തിരുവിതാംകൂറിൻ്റെ പലഭാഗങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെയും പാഠങ്ങൾ പഠിപ്പിക്കാൻ എത്തിയ പി കൃഷ്ണപിള്ളയുടെ കണ്ണിൽപ്പെട്ടതോടെയാണ് വിഎസ് അച്യുതാനന്ദൻ്റെ പ്രവർത്തനപന്ഥാവിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകുന്നത്. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളിൽ നിന്ന് ലഭിച്ച പാഠങ്ങളിലൂടെ സ്വന്തം രാഷ്ട്രീയ വ്യക്തിത്വത്തെ രാകിമിനുക്കുകയായിരുന്നു വിഎസ്.
തൊള്ളായിരത്തി നാൽപതുകളുടെ ആദ്യഘട്ടത്തിൽ കൃഷ്ണപിള്ള യാണ് വിഎസ് അച്യുതാനന്ദൻ കുട്ടനാട്ടിലെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നിയോഗിച്ചത്. നാൽപതുകളിലെ കുട്ടനാട് ഇന്നത്തെ കുട്ടനാട് ആയിരുന്നില്ല. എല്ലാത്തരത്തിലും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ. ചൂഷണത്തിന് വിധേയരാകുന്ന കർഷകരും കർഷകത്തൊഴിലാളികളും.
ജാതി അടിമത്തത്തിനും തൊഴിൽ ചൂഷണത്തിനും ഒരുപോലെ വിധേയരായിരുന്നു അവർ. 20-ാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലുള്ള കേരളത്തിൽ ജാതീയമായ ഉച്ച നീചത്വങ്ങളും അനാചാരങ്ങളും അസ്പ്രശ്യതയുമൊക്കെ കൊടികുത്തി വാണ കാലമായിരുന്നു. കുട്ടനാട്ടിലെ പാവപ്പെട്ട കർഷകരാകട്ടെ, കർഷക തൊഴിലാളികളാകട്ടെ, പാട്ടക്കാരാകട്ടെ, വാരക്കാരാകട്ടെ കുടിയാന്മാരാകട്ടെ അവരെല്ലാവരും തന്നെ പിന്നോക്ക ജാതിക്കാരെന്ന് മുദ്രകുത്തപ്പെട്ടവരായിരുന്നു. മറുവശത്ത് വലിയ വലിയ ജന്മിമാര്, മുരിക്കന്മാർ, മങ്കൊമ്പിൽ സ്വാമിമാർ, പാട്ടത്തിൽ കർത്താക്കന്മാർ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന വലിയ ഭൂസ്വാമിമാരും. നൂറുക്കണക്കിന് ഭൂമി സ്വന്തമായി കൈവശമുള്ളവരായിരുന്നു അവർ.
അവരുടെ പാടങ്ങളിൽ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടവരായിരുന്നു ഈ പാവപ്പെട്ട കർഷകരും, കർഷക തൊഴിലാളികളും പാട്ടക്കാരും വാരക്കാരും എല്ലാം. ഇത്തരം ജന്മിമാരുടെ ദയാദാക്ഷിണ്യങ്ങൾക്ക് മാത്രം വിധേയമായി ജീവിതം പുലർത്തേണ്ടി വന്നവർ. ഇവരനുഭവിച്ചിരുന്ന ജീവിത ദുരിതങ്ങളുടെ വളരെ ദയനീയമായ ചിത്രങ്ങൾ വരച്ചു കാട്ടുന്നതാണ് മഹാനായ തകഴി ശിവശങ്കരപിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവൽ.
അതിൽ കുട്ടനാട്ടിലെ പാവപ്പെട്ട കർഷക തൊഴിലാളികൾ ഏറ്റുവാങ്ങേണ്ടി വന്ന ജീവിത ദുരിതങ്ങളുടെ ഒത്തിരി വാങ്ങ്മയ ചിത്രങ്ങളുണ്ട്. അത്തരം ദുരിതങ്ങളുടെയും ആശങ്കകളുടെയും തടവിൽ കഴിഞ്ഞവരെ രാഷ്ട്രീയം പഠിപ്പിച്ച് സംഘടിപ്പിക്കാനുള്ള ചുമതലയുമായി വിഎസ് അച്യുതാനന്ദൻ എത്തുന്നത്. അദ്ദേഹം അവിടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ആദ്യം തിരുവിതാംകൂർ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനുണ്ടായി. പിന്നീട് തിരുവിതാംകൂർ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനായി തൊള്ളായിരത്തി അറുപത്തിയെട്ടിൽ രൂപാന്തരപ്പെടുകയും അത് കേരളത്തിലാകെ ഒരു സംഘടിത പ്രസ്ഥാനമായി മുന്നേറുകയും അതിൻ്റെ പ്രവർത്തനങ്ങളുടെ എല്ലാം ഫലമായി കേരളത്തിലെ പാവപ്പെട്ട കർഷക തൊഴിലാളികൾ അവരുടെ ജീവിതത്തിനും വേതന വ്യവസ്ഥകൾ ഉണ്ടാക്കുകയും അവർക്ക് ഒരു പുതിയ ജീവിതം സമ്മാനിക്കുകയും ചെയ്തതായിരുന്നു. അതായിരുന്നു വിഎസ് അച്യുതാനന്ദൻ്റെ ഏറ്റവും ശ്രേദ്ധയമായ ചരിത്രപരമായ സാമൂഹ്യ ഇടപെടലുകളുടെ ആദ്യ പാഠം.
തുടർന്നദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1957ൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഇഎംഎസിൻ്റെ നേതൃത്വത്തിൽ ഏപ്രിലിൽ അധികാരത്തിൽ വന്നു. ആ ഗവൺമെന്റ് നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം, വിഭ്യാഭ്യാസ നിമയം, ഇത്തരം കാര്യങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവെന്ന നിലയിൽ വലിയ തോതിൽ അദ്ദേഹത്തിന് സംഭാവനകൾ നൽകാൻ കഴിഞ്ഞു. അതിൻ്റെ തുടർച്ചയായിരുന്നു 1958ൽ സംസ്ഥാനത്ത് ആദ്യമായി നടന്ന ഉപതെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ റോസമ്മ പൊന്നൂസിനെ ജയിപ്പിച്ചെടുത്തത്. ആ തെരഞ്ഞെടുപ്പിൻ്റെ ചുമതല വിഎസ് അച്യുതാനന്ദന് ആയിരുന്നു.
67ൽ എം എൽഎയായി അദ്ദേഹത്തിൻ്റെ പാർലമെൻ്ററി പ്രവർത്തനം ആരംഭിക്കുന്നു., 70ലും എംഎൽഎയായിരുന്നു. 75 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. അടിയന്തരാവസ്ഥയിലെ 21 മാസക്കാലം അദ്ദേഹം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. അതിനു മുൻപും പല തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. നാലര വർഷത്തിലേറെ കാലം ജയിൽ വാസം, അഞ്ച് വർഷത്തിലേറെ കാലം ഒളിവു ജീവിതം ഭീകരമായ പോലീസ് മർദ്ദനങ്ങൾ ഇതെല്ലാം ഏറ്റുവാങ്ങിയാണ് അദ്ദേഹം രാഷ്ട്രീയ നേതാവ് തിളക്കമാർന്ന നിലയിൽ ഉദിച്ചുയർന്ന് വന്നത്.
ഇതിനിടയിൽ അദ്ദേഹത്തിൻ്റെ പാർലമെൻ്ററി പ്രവർത്തനം 67ൽ ആരംഭിച്ചുവെന്ന് പറഞ്ഞല്ലോ, ഈ പാർലമെന്റി പ്രവർത്തനത്തിനിടയിൽ അദ്ദേഹത്തിന് 1996ൽ മാരാരിക്കുളം പോലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ ശക്തികേന്ദ്രത്തിൽ തികച്ചും അപ്രതീക്ഷിതമായി പരാജയവും ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷേ ആ പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും വളരെ അക്ഷോഭ്യനായി പരാജയത്തെ സ്വീകരിക്കാൻ കഴിഞ്ഞ ഒരു നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിൻ്റെ സവിശേഷത, എത്ര ദുരന്തപൂർവ്വമായ സന്ദർഭത്തിലും എത്ര ആശങ്കാജനകമായ സന്ദർഭത്തിലും തികച്ചും അക്ഷോഭ്യനായി അതിനെ നേരിടാനും അണികൾക്ക് ആത്മവിശ്വാസം പകരുവാനും കഴിഞ്ഞു എന്നതാണ്. ഒരു യഥാർത്ഥ നേതാവിൻ്റെ മേധാശക്തി അദ്ദേഹത്തിന് എക്കാലത്തും ഉണ്ടായിരുന്നു.
എകെ ആൻ്റണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായിരുന്ന 2001-06 കാലഘട്ടമാണ് വിഎസിൻ്റെ ജീവിതത്തിൽ ഏറ്റവും നിർണായകവും സജീവവുമായ കാലം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനകീയ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടു. എവിടെയെല്ലാം അനീതികൾ നടമാടുന്നുവോ അവിടെയെല്ലാം ഓടിയെത്തി. പുഴകളിൽ നിന്ന് അധികൃതമായി മണ്ണ് എടുക്കുന്ന കാര്യത്തിലായാലും സർക്കാർ ഭൂമി, വലിയ ജന്മിമാർ കൈയ്യേറുന്ന കാര്യത്തിലായാലും ജല ചൂഷണത്തിൻ്റെ കാര്യത്തിലായാലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും പ്രശ്ന സങ്കീർണതകളിലേയ്ക്ക് സ്വയം എടുത്ത് ചാടാൻ ധീരത കാണിച്ച നേതാവ് ആയിരുന്നു വിഎസ് അച്യുതാനന്ദൻ. ഒരു തരത്തിൽ പറഞ്ഞാൽ, കേരളത്തിലെ രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് പരിസ്ഥിതി പ്രശ്നത്തെ കൂട്ടിക്കൊണ്ടുവന്ന നേതാവ് കൂടിയായിരുന്നു വിഎസ് അച്യുതാനന്ദൻ. പ്രകൃതിയെ സംരക്ഷിക്കാൻ കഴിയണം, എന്നാൽ മാത്രമെ, പുതിയൊരു ജീവിതം പുതിയൊരു കാലത്തെ നേരിടാൻ കഴിയൂ എന്ന ഒരു രാഷ്ട്രീയമായ ശരി കേരളത്തെ ബോധ്യപ്പെടുത്തിയത് വിഎസ് അച്യുതാനന്ദൻ ആണ്.
മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് അദ്ദേഹത്തിൻ്റെ പ്രഭാഷണ ശൈലിയുടെ കാര്യമാണ് ഏഴാം ക്ലാസ് വിദ്യാഭ്യാസം പോലും പൂർത്തിയാകാൻ കഴിയാതിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദൻ. വളരെ പ്രാഥമികമായ പ്രൈമറി വിദ്യാഭ്യാസം മാത്രം ലഭിച്ച അദ്ദേഹം അങ്ങേയറ്റം അക്ഷരശുദ്ധിയോടു കൂടി ഭാഷാ ശാസ്ത്രം പഠിച്ചിട്ടുള്ള ആളുകളെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ ഈ 96 വയസുവരെ അദ്ദേഹത്തിൻ്റെ സംസാരത്തിലും പ്രസംഗത്തിലും യൗവ്വന യുക്തമായ തീക്ഷ്ണതയും മാധുര്യവും ഒക്കെ ഉണ്ടായിരുന്നു.
ആ പ്രഭാഷണത്തിൽ തന്നെ തനി കുട്ടനാടൻ ഭാഷയുടെ നീട്ടലും കുറുക്കലും ആവർത്തിച്ചു പറയലും അദ്ദേഹം തുടക്കം തൊട്ടേ നടത്തിയിരുന്നു. അത് അരോചകമായി തോന്നിയിരുന്നവരെപ്പോലും ആ ഭാഷാശൈലി കൊണ്ട് അമ്പരപ്പിക്കാൻ വിഎസ് അച്യുതാനന്ദന് സാധിച്ചിട്ടുണ്ട്. അതായിരുന്നു 2000ത്തിന് ശേഷമുള്ള കാലഘട്ടങ്ങളിൽ അദ്ദേഹത്തിൻ്റെ പൊതുയോഗങ്ങളിൽ ജനസഹസ്രങ്ങൾ ഇരമ്പിയെത്തിയതിൻ്റെ കാരണം അതായിരുന്നു. എപ്പോഴും നർമം വിതറികൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. അങ്ങനെ നർമം കലർത്തിയുള്ള സംസാരം നിയമസഭയ്ക്ക് അകത്തും പുറത്തും കേൾക്കാൻ വലിയ വലിയ നേതാക്കൾ പോലും കാതോർത്തിരുന്നു.
ഏറെ തിരക്കേറിയ രാഷ്ട്രീയ ജീവിതം നയിക്കുമ്പോഴും ആരോഗ്യകാര്യങ്ങളിൽ കർക്കശമായ ചിട്ടയും ക്രമവും അദ്ദേഹം പാലിച്ചിരുന്നു. ഭക്ഷണ ക്രമത്തിലായാലും വ്യായാമത്തിലായാലും എല്ലാം കർക്കശമായ ജീവിതചര്യകൾ കൂടി വിട്ടുവീഴ്ചയില്ലാതെ പരിശീലിച്ചാണ് അദ്ദേഹം ഇത്തരത്തിൽ മുന്നേറിയത്. മൂന്ന് വർഷം മുൻപ് അദ്ദേഹത്തിന് നേരിയ പക്ഷാഘാതം വന്ന് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. സജീവമായ രാഷ്ട്രീയ ഇടപെടലുകളോ രാഷ്ട്രീയ പ്രവർത്തനങ്ങളോ നടത്താൻ കഴിയാത്തതിന്റെ നിരാശ ഒരുപക്ഷേ അദ്ദേഹത്തെ ഏറെ മഥിക്കുന്നുണ്ടാകും. 100ന്റെ നിറവിലേയ്ക്ക് എത്തുന്ന വി എസ് അച്യുതാനന്ദന്, കേരളത്തിൻ്റെ സഖാവ് വിഎസിന് രാഷ്ട്രീയ കേരളം ഒന്നടങ്കം ആശംസകളും അഭിവാദ്യങ്ങളും നേരുകയാണ്.