എസ് ജീവൻകുമാർ
കോടിയേരിയെ ഞാൻ അവസാനം വിളിച്ചത്
ജൂലൈ 25 ന് രാത്രി 7.47 നാണ് .
മറുതലയ്ക്കൽ ചിലമ്പിച്ച് പരീക്ഷീണതനായ ശബ്ദം , ഇടർച്ചയോടെ ആദ്യ വാചകം സ്പീക്കറിലൂടെ കാതിലേക്ക്
ഹാ എന്തേ ??
പുതിയ ജോലിയുടെ അപോയിൻമെൻ്റ് ഓർഡർ ലഭിച്ചെന്ന് അറിയച്ചപ്പോൾ ആദ്യ പ്രതികരണം
നന്നായി എന്നായിരുന്നു .
ഇൻ്റെ പോസ്റ്റിംഗ് ഇവിടെ തന്നെ അല്ലേ ?
ഉം ,അതേ
”ഉം , നീ നന്നായി ചെയ്തു നിൻ്റെ പണി ,ഇത് കളയണ്ട , സർക്കാർ ജോലിയല്ലേ എളുപ്പം പോയി ജോയിൻ ചെയ്യ് ”
10 സെക്കൻഡിൽ താഴെ ദൈർഘ്യം ഉള്ള ഈ വാചകം ആണ് എൻ്റെ ഗുഡ് സർവ്വീസ് എൻട്രിയും , പുലിസ്റ്റർ പ്രൈസും ,എൻ്റെ രാഷ്ട്രീയ ഒസ്യതുമെല്ലാം ..
ഇടതുപക്ഷ മാധ്യമ പ്രവർത്തകന് സ്വന്തം പാർട്ടി സെക്രട്ടറി ചാർത്തി തന്ന ഈ നല്ല വാക്കിനേക്കാൾ വലുതായി മറ്റെന്താണ് ഉള്ളത്
ആകെ 53 സെക്കൻഡ് നീണ്ട സംസാരത്തിനടയിൽ ഞാൻ സുഖവിവരം തിരക്കിയപ്പോൾ ‘ ങ്ങാ കുറച്ച് ക്ഷീണം തോന്നുന്നുണ്ട് എന്ന് മാത്രം പറഞ്ഞു, നേരിട്ട് വരാത്തത് ഈ സാഹചര്യം കൊണ്ടാണെന്ന് പറഞ്ഞപ്പോൾ സാരമില്ലെന്ന് പറഞ്ഞു. എന്നാ ശരി എന്ന് പറയുകയും എൻ്റെ ഫോണിൻ്റെ ചാർജ് തീർന്നതും ഒരുമിച്ചാണ്..
പാതിയിൽ മുറിഞ്ഞുപോയ ആ സംസാരം ഞങ്ങൾ ഇരുവർക്കും ഇടയിൽ പിന്നെയുണ്ടായില്ല. ഇനി ഒരിക്കലും കേൾക്കാനാവാത്ത വിധത്തിൽ ആ ശബ്ദം പകുതിയിൽ എന്നെന്നേക്കുമായി മുറിഞ്ഞ് പോയി…
ആലപ്പുഴ നമ്മേളനത്തിന് ശേഷം പാർട്ടി സെക്രട്ടറിയായി ചാർജ്ജ് എടുത്തതിന് ശേഷം ഉള്ള കോടിയേരിയുടെ ആദ്യ പത്രസമ്മളനത്തിൻ്റെ തലേ ദിവസം ,എന്നെ സെൻററിലേക്ക് വിളിപ്പിച്ചു. പത്രസമ്മേളനം ഫിക്സ് ചെയ്യുന്നത് എത് സമയത്ത് വേണം എന്ന ചോദ്യം സത്യത്തിൽ എന്നെ അന്ധാളിപ്പിച്ചു. കോടിയേരിക്ക് ഇതൊന്നും എന്നോട് ആലോചിക്കേണ്ട കാര്യമില്ല, അല്ലെങ്കിൽ തന്നെ ഇത്തരം കാര്യങ്ങളിൽ അദേഹത്തിന് ആരുടെയൊക്കെ സഹായം തേടാം!.. നീ ഇത് ബാക്കിയുള്ളവരെ അറിയിക്കണമെന്നും കൂടി പറഞ്ഞപ്പോൾ സത്യത്തിൽ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല. എന്നെ അദേഹം വിശ്വസിക്കുന്നു എന്ന തോന്നൽ എനിക്ക് നൽകിയ അഭിമാനം ചെറുതായിരുന്നില്ല..
പിന്നീടും പല തവണ നേരിട്ടും ,ഫോണിലൂടെയും പരസ്പരം എത്രയോ തവണ സംസാരിച്ചിരിക്കുന്നു. പാർട്ടി സംസ്ഥാന കമ്മറ്റി
യോഗം തീർന്നാൽ ഉടൻ മറ്റ് മാധ്യമങ്ങൾ അവിടുന്നും ഇവിടുന്നും പൊട്ടും പൊടിയും പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്ത കൊടുക്കും. പക്ഷെ കൈരളിക്കും , ദേശാഭിമാനിക്കും മാത്രമേ അകത്തേക്ക് പ്രവേശനം ഉള്ളു. ആ പ്രിവിലേജ് ഉപയോഗിച്ച് എത്രയോ വട്ടം സെക്രട്ടറിയുടെ മുറിയിൽ കയറി വാർത്തയുടെ നിജസ്ഥിതി മനസിലാക്കിയിരിക്കുന്നു. പാർട്ടിക്കെതിരെ ചമയക്കുന്ന ചില വാർത്തകൾ ആശങ്കയോടെ ശ്രദ്ധയിൽപ്പെടുത്തും, ചിലത് അവഗണിക്കാൻ ആവും നിർദ്ദേശം, ചിലത് ശ്രദ്ധയോടെ കേട്ടിരിക്കും. അതിന് മറുപടി വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിൽ ഉണ്ടാവും..
നല്ലൊരു കേൾവിക്കാരനാണ് കോടിയേരി, ഗൗരവമായി എടുക്കേണ്ടത് ഗൗരവമായി എടുക്കും, കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒരു യോഗസ്ഥലത്ത് വെച്ച് എന്നെ കണ്ടു. ഏരിയാ കമ്മറ്റി ആഫീസിലേക്ക് വാ എന്ന് പറഞ്ഞു, ചെന്നപ്പോൾ പ്രാദേശിക നേതാക്കൾ എല്ലാം മുറിയിൽ ഉണ്ട്. വർക്ക് എങ്ങനുണ്ട് എന്ന ചോദ്യത്തിന് ഞാൻ ഒന്ന് പരുങ്ങി. മറ്റുള്ളവരുടെ മുന്നിൽ വെച്ച് സംസാരിക്കാനുള്ള എൻ്റെ ബുദ്ധിമുട്ട് മനസിലാക്കിയാവണം ശരി നീ പുറത്ത് നിക്ക് ഞാൻ വിളിപ്പിക്കാം എന്നായി. യോഗം കഴിഞ്ഞ് എന്നെ മുറിയിലേക്ക് വിളിപ്പിച്ചപ്പോൾ ഞാൻ പോരായ്മകൾ പറഞ്ഞു, ഒപ്പം നമ്മുടെ മെച്ചവും. ചൂണ്ടി കാണിച്ച ചില പോരയ്മകൾ പരിഹരിക്കാൻ നിർദേശം നൽകിയാണ് അദേഹം അന്ന് മടങ്ങിയത്.
രണ്ട് തവണ മാത്രം എന്നെ ശകാരിച്ചിട്ടുള്ളു ..
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് LDF ൻ്റെ സീറ്റ് വിഭജന ചർച്ച നടക്കുന്ന ദിവസം LDF യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ CPI M 85 സീറ്റിൽ മൽസരിക്കുമെന്ന് ഞാൻ വാർത്ത കൊടുത്തു. എൻ്റെ ലൈവ് കഴിഞ്ഞ ഉടനെ സഖാവ് ഫോണിൽ വിളിച്ചു .
തെല്ല് നീരസത്തോടെ നിങ്ങളോടാരാ പറഞ്ഞത്
പാർട്ടി 85 സീറ്റിൽ മൽസരിക്കും എന്ന ചോദ്യത്തിൽ ഉള്ളൊന്ന് ആളി
ഉഭയകക്ഷി ചർച്ച തീരും മുന്നെ നിങ്ങൾ CPIM മൽസരിക്കുന്ന സീറ്റിൻ്റെ എണ്ണം കൊടുത്താൽ പിന്നെ ഘടകകക്ഷികൾ അത് പ്രശ്നം ആക്കില്ലേ എന്നൊരു മുന്നറിപ്പും കൂടി ആയപ്പോൾ എനിക്ക് സംഗതിയുടെ ഗൗരവം മനസിലായി. ഇത്തരം കാര്യങ്ങൾ കൈരളി കൊടുത്താൽ അത് ഔദ്യോഗികമാണെന്ന് ബാക്കി ഉള്ളവർ കരുതില്ലേ, വേഗം വാർത്ത തിരുത്ത്. നീരസത്തോടെ മറുതലയ്ക്കലെ ഫോൺ കട്ടായി. വേഗം ഡെസ്ക്കിൽ വിളിച്ച് വാർത്ത വലിച്ച ശേഷം ആണ് എനിക്ക് ശ്വാസം നേരെ വീണത്. പക്ഷെ എൻ്റെ വാർത്ത ശരിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ CPIM 85 സീറ്റിൽ തന്നെയാണ് മൽസരിക്കാൻ തീരുമാനിച്ചത്. (പിന്നീട് കുറ്റ്യാടി സീറ്റ് മാണി കോൺഗ്രസ് വിട്ടു തന്നപ്പോൾ അത് 86 ആയി) പക്ഷെ അന്നത്തെ LDF ൽ അക്കാര്യം ചർച്ചക്കെടുത്തില്ല. പുതിയതായി വന്ന മാണി വിഭാഗത്തിന് ചില സീറ്റുകൾ വെച്ച് മാറാൻ ഉണ്ടായിരുന്നു. അതിന് മുന്നെ ഇക്കാര്യം ചോർന്നതിൻ്റെ നീരസമാണ് പാർട്ടി സെക്രട്ടറിക്ക് ശാസന സ്വരത്തിൽ എന്നോട് സംസാരിക്കേണ്ടി വന്നത് .
രണ്ടാമത്തത് മാസ്ക്ക് വെക്കാതിരുന്നതിനാണ്, സാധാരണ പത്ര സമ്മേളനം കഴിഞ്ഞ് മുറിയിലേക്ക് പോകുന്ന കോടിയേരിയെ മാധ്യമ പ്രവർത്തകർ പൊതിയും . എന്തെങ്കിലും കുശലം പറഞ്ഞിട്ടേ അദ്ദേഹം പോകു , കോവിഡ് കുറഞ്ഞ സമയം ആയത് കൊണ്ട് അന്ന് ഞങ്ങൾക്കാർക്കും മാസ്ക്ക് ഇല്ലായിരുന്നു . പതിവ് പോലെ കുശലം പറഞ്ഞതിന് ശേഷം എൻ്റെ മുഖത്ത് നോക്കി ‘ നീ മാസ്ക്ക് വെക്കണം കേട്ടാ ‘ എന്ന് അൽപ്പം കടുപ്പിച്ച് പറഞ്ഞു . പറഞ്ഞത് എന്നോടാണെങ്കിലും അത് എനിക്കുള്ളതായിരുന്നില്ല ,ചുറ്റും നിന്ന ചിലർ കേൾക്കാനാണ് അദ്ദേഹം അത് പറഞ്ഞതെന്ന് വ്യക്തം.
എത്ര സങ്കീർണമായ പ്രശ്നത്തിൻ്റെയും ഒറ്റമൂലിയേയും കോടിയേരി എന്ന് പേരിട്ട് വിളിക്കാം. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഏത് പ്രശ്നത്തിൻ്റെയും ഡിഫ്യൂസ്സ് വയർ കണ്ടെത്താനും സ്ഫോടനം ഒഴിവാക്കാനും ഉള്ള രാസ വിദ്യ കൈവശം ഉള്ളയാളാണ് അദ്ദേഹം .
SFI ചുമതലക്കാരനായിരുന്ന കോടിയേരിയെ പറ്റിയുള്ള ഒരു കേട്ടുകേൽവിയാണ് ,വിഭാഗീയത കത്തിനിൽക്കുന്ന കാലം .SFI സംസ്ഥാന കമ്മറ്റിയിലേക്ക് ആളെ നിശ്ചയിക്കാനുള്ള സ്റ്റേറ്റ് ഫ്രാക്ഷൻ പാർട്ടി ചുമതലക്കാനായ കോടിയേരിയുടെ സാന്നിധ്യത്തിൽ ചേരുന്നു , ചർച്ച അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരാൾ എന്നീറ്റ് നിന്നു , നിങ്ങൾ ഇത്രയാളുകളെ എടുത്തില്ലെ ഞങ്ങളുടെ കൂടെയുള്ള ഒരാളെ കൂടി എടുക്കണം . യോഗത്തിൻ്റെ മുഴുവൻ ശ്രദ്ധയും ആ വിദ്യാർത്ഥി നേതാവിലേക്കായി. കോടിയേരി ചിരിച്ചു
” സഖാവ് പേര് പറയണമെന്നില്ല താൻ പറയാൻ പോകുന്ന ചിലപേരുകൾ രാവിലെ ഞാൻ മാതൃഭൂമിയിൽ വായിച്ചിരുന്നു , അപ്പോ മുതൽ SFI കമ്മറ്റിയിൽ ഉള്ള മാതൃഭൂമി ലേഖകനെ ഞാൻ തപ്പി നടക്കുവായിരുന്നു ” .. പേര് പറയാൻ എണ്ണീറ്റ വിദ്യാർത്ഥി നേതാവ് അടക്കം എല്ലാവരുടെയും കൂട്ടച്ചിരിയിലാണ് അത് അവസാനിച്ചത്. പിരിമുറുക്കം ഉള്ള ഏത് തരം അന്തരീക്ഷത്തേയും കുറിക്ക് കൊള്ളുന്ന നർമ്മം കൊണ്ട് മയപ്പെടുത്തി എടുക്കാനുള്ള ഐന്ദ്രജാലക്കാരനാണ് കോടിയേരി ! .
ജീവിതത്തിൻ്റെ കനൽക്കാവടി ചവുട്ടി നടന്നരാൾക്ക് , ചുറ്റും നിന്നവർക്ക് ഇടയിൽ ഇത്രമാത്രം ചിരി വാരി വിതറാൻ കഴിഞ്ഞു എന്നത് സങ്കീർണ്ണമായ സൈക്കളേജിക്കൽ സമസ്യയാണ്. പുറമേ ചിരിക്കുന്ന കോടിയേരി ഉള്ളിൽ ഉള്ളിൽ നീറിയിട്ടുണ്ടാവില്ലേ ?
1975 ൽ കരിനിയമം ആയ മിസാ ( Maintenance of Internal Security Act ) ചുമത്തപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരനായിരുന്നു കോടിയേരി ബാലക്യഷ്ണൻ . കേവലം 22 വയസ് ആണ് അന്ന് കോടിയേരിക്ക് പ്രായം . അന്ന് 23 വയസ് ഉണ്ടായിരുന്ന നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മാത്രമാണ് ഇന്ത്യൻ ജയിലിൽ അദ്ദേഹത്തിൻ്റെ സീനിയർ .ജോർജ്ജ് ഫെർണാഡസ് ,അടൽ ബിഹാരി വാജ്പേയി ,ജയപ്രകാശ് നാരായണൻ ,കരുണാനിധി , ചന്ദ്രശേഖർ , മുലായം സിംഗ് യാദവ് ,ദേവീ ലാൽ ,വി എസ് അച്യുതാനന്ദൻ , പിണറായി വിജയൻ ,എം എം ലോറൻസ് ,കെ എൻ രവീന്ദ്രനാഥ് ,എം പി വീരേന്ദ്രകുമാർ , ലാലു പ്രസാദ് യാദവ് അടക്കം അന്നത്തെ ഇന്ത്യൻ ഭരണകൂടത്തിന് അലോസരം ഉണ്ടാക്കിയ എല്ലാവരുടെയും പുറത്ത് ചുമത്തിയ അതേ കരിനിയമം ചുമത്തി നീണ്ട ഒന്നര കൊല്ലം വിചാരണ ഇല്ലാതെ കോടിയേരി ജയിലിൽ കിടന്നു. മിസാ തടവുകാരെ വിചാരണ കൂടാതെ ജയിലിൽ പാർപ്പിക്കാം എന്ന പഴുത് ആണ് കോടിയേരിയുടെ പുറത്തും ഉപയോഗിച്ചത് .SFI സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ വിട്ടയക്കുക എന്ന ചുമരെഴുത്ത് 75- 77 കാലത്ത് മിക്ക കലാലയങ്ങളിലേയും മതിലിൽ കാണാമായിരുന്നു. ജയിൽ പരുവപ്പെടുത്തിയ രാഷ്ട്രീയ നേതാവ് ആയിരുന്നു കോടിയേരി . ജയിലിൽ ജീവിക്കുന്നവർക്കും മനുഷ്യവകാശവും മെച്ചപ്പെട്ട ഭക്ഷണത്തിനും അർഹതയുണ്ടെന്ന തിരിച്ചറിവ് ആയിരിക്കണം അദ്ദേഹം ജയിൽ മന്ത്രിയായിരിക്കെ ഗോതമ്പുണ്ട മാറ്റി എല്ലാ ജയിലിലും ചപ്പാത്തി നൽകാൻ ഉള്ള തീരുമാനം എടുക്കാൻ ഇടയാക്കിയത് .
മാധ്യമങ്ങൾ കൊത്തി കീറാത്ത ഒരിഞ്ച് സ്ഥലം പോലും കോടിയേരി എന്ന രാഷ്ട്രീയ നേതാവിൻ്റെ ദേഹത്ത് ഉണ്ടായിരുന്നില്ല . പ്രമേഹനിയന്ത്രണത്തിന് ധരിച്ച മെഡിക്കൽ ഉപകരണത്തെ പോലും ഏലസ് ആണെന്ന് തെറ്റിധരിപ്പിച്ച അവർ മരണ ശേഷം അദ്ദേഹത്തിൻ്റെ അപദാനങ്ങൾ വാഴ്ത്തി പാടുന്നത് കാണുമ്പോൾ ചിരിക്കണോ അതോ പൊട്ടി ചിരിക്കണോ എന്ന മാനസികാവസ്ഥയിൽ ആണ് സഖാക്കൾ .പോൾ മുത്തൂറ്റ് വധക്കേസിൽ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് അദ്ദേഹം ആണെന്ന് വരെ ചിലർ ആരോപിച്ചു. മെർക്കിസ്റ്റൺ എസ്റ്റേറ്റ് കേസിലെ ഉണ്ടയില്ലാ വെടിമുതൽ സന്തോഷ് ഈപ്പൻ്റെ കൈയ്യിൽ നിന്ന് ഐ ഫോൺ മേടിച്ചു എന്ന് വരെ നീണ്ട് നിൽക്കുന്ന അസത്യങ്ങളുടെ ഘോഷയാത്രയായിരുന്നു അദ്ദേഹത്തിന് നേരെ ഉന്നയിക്കപ്പെട്ടത് . കാടാമ്പുഴയിൽ പോയി കോടിയേരി മുട്ടിറക്കി എന്നായിരുന്നു മറ്റൊരു വാർത്ത , കോടിയേരിയുടെ കണ്ണൂരിലെ വീട്ടിൽ ബ്രാഹ്മണമാർ വന്ന് രഹസ്യയാഗം നടത്തി എന്നെഴുതിയ പത്രങ്ങളും ഇവിടെയുണ്ട് .
എത്ര കണ്ട് കൊത്തി കീറിയാലും പേനക്ക് പകരം പിച്ചാത്തിയുമായി നടക്കുന്നവനാണ് എന്നറിഞ്ഞാലും തന്നെ എഴുതി തുലയ്ക്കാൻ നോക്കിയവരോട് ചിരിച്ച് കൊണ്ട് സംസാരിക്കുന്ന കോടിയേരിയോട് മാത്രമേ വിയോജിപ്പ് തോന്നിയിട്ടുള്ളൂ . മനുഷ്യൻ ഇത്രതോളം പാവം ആകരുത് എന്ന് തോന്നിയ പച്ച മനുഷ്യൻ .അലിവിൻ്റെ മറവിൽ ഒളിഞിരിക്കുന്ന ദുർവിധിയോട് യുദ്ധം ചെയ്ത മനുഷ്യനോട് ആദരവും ബഹുമാനവും മാത്രം
കണ്ണൂരിൽ അദ്ദേഹം സെക്രട്ടറിയായിരുന്ന കാലം പോലെ സംഘർഷഭരിതമായതും ,വെല്ലുവിളി നിറഞ്ഞതുമായ മറ്റൊരു കാലം ഉണ്ടായിട്ടുണ്ടോ ?
എ കെ ജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ് , കൂത്തുപറമ്പ് വെടിവെയ്പ്പ് ,നാൽപ്പാടി വാസു വധം ,കെ.വി സുധീഷ് വധം , ഒരു വശത്ത് കോൺഗ്രസും മറുവശത്ത് Rss ഉം ,മറ്റൊരു വശത്ത് പോലീസും ഭരണവും എല്ലാം ചേർന്ന് വരിഞ്ഞ് മുറുക്കിയിട്ടും
കണ്ണൂരിലെ പാർട്ടിയെ അക്ഷരാർത്ഥത്തിൽ മുന്നിൽ നിന്ന് നയിച്ച കോടിയേരിയുടെ വിൽപവർ എന്നും ഓർമ്മിക്കപ്പെടും
വ്യക്തി ജീവിതത്തിൽ ഇത്രയധികം വേട്ടയാടപ്പെട്ടിട്ടും കോടിയേരി ആരിൽ നിന്നെങ്കിലും ഒരു കാലിച്ചായ അനധികൃതമായി വാങ്ങി കുടിച്ചു എന്ന് രാഷ്ട്രീയ എതിരാളികൾ പോലും പറഞ്ഞിട്ടില്ല .
അഗ്നി കാവടി ചവുട്ടി നടന്നിട്ടും അയാൾ കാലുഷ്യമേതുമില്ലാതെ ചിരിച്ചു
ഉമീ തീയിൽ നീറിയിട്ടും ചുറ്റുമുള്ളവരിലേക്ക് പ്രസരിപ്പ് പടർത്താൻ കഴിഞ്ഞ അനിതരസാധാരണമായ വൈഭവം ആത്മാശമായി കൊണ്ട് നടന്നരാൾ വർത്തമാന കാല കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇല്ല .
ഒരർത്ഥത്തിൽ വിധിയോടും , നിയോഗത്തോടും ഉള്ള നിതാന്തമായ പോരാട്ടമായിരുന്നു കോടിയേരിയുടെ ആകെ ജീവിതം .
പാൻക്രിയാസിൽ ക്യാൻസർ വന്നാൽ മാസങ്ങൾക്ക് അകം മരണം സുനിശ്ചിതമാണ്
ഏറ്റവും വേദനാജനകമായ മരണങ്ങളിലൊന്ന് ആണ് അതിൻ്റെ അന്തിമഫലം .പെറ്റുപെരുകുന്ന ശ്വേതരക്താണുക്കളോട് കഴിഞ്ഞ രണ്ട് കൊല്ലവും 348 ദിവസവും പൊരുതി നിന്നത്
കോടിയേരിയുടെ നിശ്ചയധാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ,വ്യക്തി ജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷണ ഘട്ടത്തിലും കോടിയേരി പൊരുതി ,ഒരു പോരാളിയെ പോലെ …
വീണ് പോകുമെന്ന് കരുതിയെടുത്ത് നിന്ന് അയാൾ എഴുന്നേറ്റ് വന്നു , മരണത്തിൻ്റെ തൂക്കുപാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു , ബഹുമാനം തോന്നിപ്പിക്കും വിധത്തിലുള്ള നിർഭയതത്വത്തോടെ , അതിൻ്റെ ആയിരം മടങ്ങ് ഇശ്ചാശക്തിയോടെ .. അതിൻ്റെ പതിനായിരം മടങ്ങ് പോരാട്ട വീറോടെ …!!
നിന്ദ്യാ സ്തുതികൾ കൊണ്ട് ചിലർ വീർപ്പ് മുട്ടിക്കുമ്പോഴും ,പരിഹാസശരങ്ങൾ കൊണ്ട് ശത്രുക്കൾ എയ്ത് മുറിവേൽപ്പിക്കുമ്പോഴും നിർമ്മലമായ പുഞ്ചിരി കൊണ്ട് അവയെല്ലാം നിഷ്പ്രഭമാക്കി.
പ്രതിസന്ധികളാണ് നേതാക്കളെ സൃഷ്ടിക്കുന്നത് .. പകച്ച് നിൾക്കുമ്പോഴാണ് ആൾകൂട്ടം നേതാവിനെ തിരയുക. പ്രതിബന്ധങ്ങളെ ഉൻമൂലനം ചെയ്യുമ്പോഴാണ് നേതാവ് പിറവിയെടുക്കുന്നത് .വൈതരണികളെ മുറിച്ച് കടക്കുമ്പോഴാണ് നേതാവിൽ ജനം വിശ്വാസം അർപ്പിക്കുന്നത് .ഇരുട്ട് വീണ വഴികളിൽ സ്വയം തീയായി ജ്വലിക്കുമ്പോഴാണ് ആൾക്കൂട്ടം നേതാവിനെ തിരിച്ചറിയുന്നത് സ്നേഹ സംബോധനകൾ കൊണ്ട് ഒരു സമൂഹത്തിന്റെ ആകെ നേതാവാകാൻ ഒരാൾക്ക് കഴിയുന്നുവെങ്കിൽ അയാൾ യഥാർത്ഥ നായകനായി അയാൾ അവരോധിതനായി എന്നാണ് അർത്ഥം .
പയ്യാമ്പലത്തേക്കുള്ള കോടിയേരിയുടെ അന്ത്യയാത്ര ടിവിയിൽ കാണിക്കുന്നു.
ഒരുപാട് വട്ടം നടന്ന് പോയ വഴികളിലൂടെ
നിശ്ചേതനനായി സഖാവ് കടന്ന് പോകുന്നു
ജനസഞ്ചയത്തെ വകഞ്ഞ് മാറ്റി ആമ്പുലൻസ്
ബീച്ചിനോട് അടുക്കുന്നു
മഹാപുരുഷാരത്തെ ഉൾക്കൊള്ളനാവാത്ത വിധത്തിൽ കണ്ണൂരിൻ്റെ തെരുവുകൾ വീർപ്പുമുട്ടുന്നു ,
കടൽ ഇരമ്പുന്നു ,കടൽകാറ്റ് ചൂളം കുത്തുന്നു
തൻ്റെ പതിവ് നിസംഗതയോടെ കോടിയേരിയുടെ ദേഹം അഗ്നി ഏറ്റുവാങ്ങുന്നു ..
ഇനി നായനാർക്കും ,ചടയനും ഇടയിൽ കോടിയേരി മറ്റൊരു നക്ഷത്രമാകുന്നു
The greatest leader is not necessarily the one who does the greatest things. He is the one that gets the people to do the greatest things.”
അന്ത്യാഭിവാദ്യങ്ങൾ കോടിയേരി ❣️