മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശപര്യടനം നടത്തുന്നതിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ദുഷ്പ്രചരണം നടത്തവെ യുഡിഎഫ് മന്ത്രിമാര്‍ നടത്തിയ വിദേശ പര്യടനത്തിൻ്റെ കണക്ക് പുറത്ത്. 2014ല്‍ മാത്രം യുഡിഎഫ് മന്ത്രിമാര്‍ 40 വിദേശ യാത്രകള്‍ നടത്തിയെന്നാണ് നിയമസഭാ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ അന്ന് എംഎല്‍എയായിരുന്ന എം ചന്ദ്രൻ്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് 2014 ജനുവരി മുതല്‍ 2014 ഡിസംബര്‍വരെ മാത്രം 17 യുഡിഎഫ് മന്ത്രിമാര്‍ 40 തവണ വിദേശയാത്ര നടത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ മന്ത്രിമാരുടെ മുപ്പത് യാത്രകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള യാത്രയും പത്ത് യാത്രകള്‍ ഔദ്യോഗിക ആവശ്യത്തിനുമായിരുന്നു. ഔദ്യോഗിക യാത്രകള്‍ക്കായി മന്ത്രിമാരായ പിജെ ജോസഫ്, കെ സി ജോസഫ്, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല എന്നിവര്‍ക്കായി ചെലവാക്കിയ തുക 9,66,280 രൂപയാണ്.
ഈ തുകയില്‍ പികെ ജയലക്ഷ്മിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് കേരളാ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വഹിച്ചതും പികെ കുഞ്ഞാലിക്കുട്ടിയുടെ ഖത്തര്‍, ദുബായ് സന്ദര്‍ശനങ്ങളുടെ ചെലവ് സ്മാര്‍ട്ട് സിറ്റി വഹിച്ചതുമായ ചെലവ് ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ എ പി അനില്‍കുമാര്‍ ഔദ്യോഗിക ആവശ്യത്തിന് ബ്രിട്ടണ് സന്ദര്‍ശിച്ചതിൻ്റെ ചെലവും കെ സി ജോസഫ് അമേരിക്ക, യുകെ, ബ്രിട്ടണ്, ഫ്രാന്‍സ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിൻ്റെ കണക്കോ ലഭ്യമാക്കിയതുമില്ല.
മന്ത്രിയായിരിക്കെ ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയത് എംകെ മുനീറാണ്. 8 തവണ. എല്ലാം സ്വകാര്യ ആവശ്യത്തിനായിരുന്നു. അഞ്ചു തവണ വിദേശയാത്ര നടത്തിയ പി കെ കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമത്.