സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡുകള്‍ ഇല്ലാതാക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ആസൂത്രണബോര്ഡുകള്ക്ക് പകരം നീതീ ആയോഗിന് സമാനമായ സംവിധാനം സംസ്ഥാനങ്ങളിലും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2047ഓടെ വികസിത രാജ്യമാകാന്‍ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയാണ് പുതിയ നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.
പ്രതിരോധം, റെയില്‍വേ, ദേശീയപാതാ തുടങ്ങിയ മേഖലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ജിഡിപിയിലേക്ക് സംഭാവനചെയ്യുന്ന മറ്റ് പ്രധാന മേഖലകള്‍ പലതും സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന മേഖലകളുടെ നിയന്ത്രണം പ്രാഥമികമായി സംസ്ഥാനങ്ങള്‍ക്കാണ്. കൂടാതെ അടിസ്ഥാന സൗകര്യവികസനം, ഭൂപരിഷ്കരണം, നഗരവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനുള്ളത്. അതിനാല്‍ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാന്‍ ആസൂത്രണ ബോര്‍ഡിന് പകരം നീതി ആയോഗ് പോലെയുള്ള സംവിധാനം അനിവാര്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
ആദ്യ ഘട്ടത്തില്‍ പത്തോളം സംസ്ഥാനങ്ങളില്‍ ആസൂത്രണബോര്‍ഡിന് പകരം നീതി ആയോഗിൻ്റെ പതിപ്പ് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത് കര്‍ണാടക, യുപി, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ വൈകാതെ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും. 2023 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും നിതി ആയോഗ് നടപ്പാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
2015 ജനുവരിയിലായിരുന്നു ദേശീയ ആസൂത്രണ ബോര്‍ഡിന് പകരം കേന്ദ്ര സര്‍ക്കാര്‍ ദേശീയ തലത്തില്‍ നീതി ആയോഗ് നടപ്പിലാക്കിയത്. ഇതോടെ പ്ലാന്‍ ഫണ്ട് അനുവദിക്കാനുള്ള അവകാശം കേന്ദ്ര ധനമന്ത്രാലയത്തിന് ലഭിച്ചു. അന്ന് ആസൂത്രണ ബോര്‍ഡ് ഇല്ലാതാക്കിയതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.