വിവാദങ്ങൾ ഒഴിയാതെ ഭാരത് ജോഡോ യാത്ര. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരുടെ പോക്കറ്റടിച്ചു. പോക്കറ്റടിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോക്കറ്റടി സംഘത്തിലെ നാല് പേരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പോക്കറ്റടി സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് ഭാരത് ജോഡോ യാത്രക്കിടെ പണവും മറ്റും കവർന്നത്.
ഇന്ന് രാവിലെ നേമത്തു നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കരമന, തമ്പാനൂർ എന്നിവിടങ്ങളിൽ കൂടെയാണ് കടന്നുപോയത്. ഈ സ്ഥലങ്ങളിൽ നിന്നെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. പരാതി ലഭിച്ചതോടെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പോക്കറ്റടി സംഘത്തിന്റെ ചിത്രങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി.
അതേസമയം ഭാരത് ജോഡോ യാത്രക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവിൽ പിന്മാറുകയായിരുന്നു. സ്വാതത്ര്യ സമരസേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാതെ രാഹുൽഗാന്ധി പിന്മാറിയത്, ഫണ്ട് വിവാദം പുറത്തറിയാതിരിക്കാനാണെന്ന് പിന്നീട് വ്യക്തമായി.
ഭാരത് ജോഡോ യാത്രക്കിടെ മുതിർന്ന കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരനെ നേതൃത്വം അവഗണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ നേമത്തെ സ്വീകരണ വേദിയിൽ കെ മുരളീധരന് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതോടെ മുരളീധരൻ പരിപാടിയിൽ നിന്നും വിട്ടു നിന്നു. ബിജെപിയെ തോൽപ്പിക്കാൻ ഇനി സ്റ്റേജിലുള്ളവർ തന്നെ രംഗത്തിറങ്ങട്ടെയെന്നും കെ മുരളീധരൻ പറഞ്ഞു.