നിർണായക നിമിഷങ്ങളിലൂടെയാണ് കള്ളപ്പണക്കേസ് അന്വേഷണം നീങ്ങുന്നത്. കള്ളപ്പണവും – കോഴപ്പണവും കേരളത്തിലെ ബിജെപിയെ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതും നിർണായക ഘട്ടത്തിലൂടെയാണ്. അന്വേഷണോദ്യോഗസ്ഥർക്കു മുന്നിൽ തോരാതെ കള്ളം പറഞ്ഞ ബിജെപി നേതാക്കളുടെ മൊഴിയെങ്ങനെ അന്വേഷണത്തിലിടം പിടിക്കുമെന്ന് കണ്ടറിയണം.
പണം കടത്തിയ ആർഎസ്എസ് പ്രവർത്തകനും പ്രധാന ദല്ലാളുമായ ധർമരാജന്റെ ഫോൺ പരിശോനയിൽ നിന്നാണ് ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, മധ്യമേഖലാസെക്രട്ടറി കാശിനാഥൻ, കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ്, സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ എന്നിവരിലേക്ക് അന്വേഷണസംഘമെത്തിയത്.
എന്നാൽ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ ഡിജിറ്റൽ രേഖകളും ബിജെപി നേതാക്കൾ നൽകിയ മൊഴികളും പരസ്പരവിരുദ്ധമാണെന്ന് പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തിറക്കിയ പണികളെല്ലാം പിടിക്കപ്പെട്ടു. കെ സുരേന്ദ്രൻ പ്രതിയായ ആ കേസിന്റെ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കൽ മാത്രമല്ല സുരേന്ദ്രന്റെ നിർദേശപ്രകാരം സുനിൽ നായിക് മഞ്ചേശ്വരത്തെ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി, തടങ്കലിൽ വച്ചു എന്നീ കുറ്റങ്ങളും ഗുരുതരമാണ്.