വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കകത്ത് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കോടതി. വാരാണസി ജില്ലാ കോടതിയുടേതാണ് നിര്‍ണായക വിധി. പള്ളിയുടെ പുറം മതിലിനോട് ചേര്‍ന്നുള്ള ശൃംഗാര്‍ ഗൗരി സ്ഥലില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 5 സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെ അന്‍ജുമാന്‍ ഇന്താസാമിയ മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സ്ത്രീകളുടെ ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് എ കെ വിശ്വഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വിധിയോടെ ബാബ്റി മസ്ജിദ് കേസിന് സമാനമായി ഗ്യാന്‍വാപി കേസിലും ദീര്‍ഘമായ നിയമവ്യവഹാരമുണ്ടാകുമെന്ന് ഉറപ്പായി. വിധിയുടെ പശ്ചാത്തലത്തില്‍ വാരണാസിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു.
പള്ളിയുടെ പുറം മതിലിനോട് ചേര്‍ന്നുള്ള ശൃംഗാര്‍ ഗൗരി സ്ഥലില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നുമാണ് സ്ത്രീകളുടെ ഹര്‍ജിയിലെ ആവശ്യം. രണ്ടായിരം വര്‍ഷം പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ ഒരുഭാഗം പൊളിച്ച് 1669ല്‍ മുഗള്‍ രാജാവ് ഔറംഗസേബ് പണിതതാണ് ജ്ഞാന്‍വാപി പള്ളി എന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ഗ്യാന്‍വാപി പള്ളി വഖഫിൻ്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹര്‍ജികള്‍ നിലനില്ക്കില്ലെന്നതുമായിരുന്നു പള്ളി കമ്മിറ്റിയുടെ വാദം. നേരത്തെ സ്ത്രീകളുടെ ഹര്‍ജിയില്‍ മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ പര്യവേക്ഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട് അതുവരെ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടിരുന്ന കീഴ്ക്കോടതി കോടതി ഉത്തരവിട്ടിരുന്നു. ഈ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഒരു വിഭാഗം അവകാശവാദവും ഉയര്‍ത്തി. ഇതിനിടെ കണ്ടെത്തിയത് ശിവലിംഗമല്ലെന്നും നമസ്കാര സ്ഥലത്തുള്ള ഫൗണ്ടന് ആണെന്നും ചൂണ്ടിക്കാട്ടി പള്ളിക്കമ്മിറ്റി സര്‍വേക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഗ്യാന്‍വാപി കേസ് കിഴ്ക്കോടതിയില് നിന്ന് ജില്ലാക്കോടതിയിലേക്ക് മാറ്റി. ഇതിൻ്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കാന്‍ ആരംഭിച്ച ജില്ലാ കോടതി വിശദമായ വാദം കേട്ട് കഴിഞ്ഞ മാസം വിധി പറയാന്‍ മാറ്റുകയായിരുന്നു. എന്നാല്‍ സര്‍വേ വിലക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. പകരം പള്ളിക്കമ്മിറ്റിയുടെ ഹര്‍ജിയില്‍ ജില്ലാക്കോടതി വിധി വന്ന ശേഷം സര്‍വേ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതി നിലപാട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഒക്ടോബര്‍ 20നാണ് ഈ ഹര്‍ജി പരിഗണിക്കുക.