തിരുവനന്തപുരം: എ എൻ ഷംസീർ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കേരളാ നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറാണ് ഷംസീർ. 96 വോട്ടുകളാണ് ഷംസീറിന് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു.
എം വി ഗോവിന്ദൻ മാസ്റ്റർ മന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് സ്പീക്കർ എം ബി രാജേഷ് മന്ത്രിസഭയിലെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടതോടെയാണ് എം വി ഗോവിന്ദൻ മാസ്റ്റർ മന്ത്രി സ്ഥാനം രാജിവെച്ചത്. ഇതോടെയാണ് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരിയിൽ നിന്നുള്ള നിയമസഭാംഗമാണ് എ എൻ ഷംസീർ.
സ്പീക്കറായി തെരഞ്ഞെടുക്കപെട്ട എ എൻ ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിനന്ദിച്ചു.
വിദ്യാർത്ഥി യുവജന പ്രവർത്തനങ്ങളിലൂടെയാണ് എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്. കണ്ണൂർ സർവകലാശാല യൂണിയൻ്റെ ആദ്യ ചെയർമാനായിരുന്നു ഷംസീർ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 2016 ലാണ് ഷംസീർ ആദ്യമായി നിയമസഭാംഗമാകുന്നത്. 34117 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഷംസീർ ആദ്യമായി തലശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തിയത്. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു.