ഡൽഹിയിലെ ആം ആദ്മി സർക്കാർ ലോ ഫ്ലോർ ബസ് വാങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്സേനയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. ആം ആദ്മി സർക്കാർ 2021 ഓഗസ്റ്റ് പതിനാറിന് ആയിരം ലോ ഫ്ലോർ ബസ്സുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ലഫ്റ്റനന്റ് ഗവർണർക്ക് ബിജെപി പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയത്.
ഡിടിസി മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ബസ്സുകൾ ടെൻഡർ ചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള കമ്മിറ്റിയുടെ ചെയർമാനായി ഗതാഗത മന്ത്രിയെ നിയമിച്ചതായും പരാതിയുണ്ട്. ടെൻഡറിനായി ഡിഐഎംടിഎസിനെ ബിഡ് മാനേജ്മെന്റ് കൺസൾട്ടന്റായി നിയമിച്ചത് അഴിമതിക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ആയിരം ലോ ഫ്ലോർ ബിഎസ്-IV, ബിഎസ്-VI ബസുകൾക്കായുള്ള 2019 ജൂലൈയിലെ സംഭരണ ബിഡിലും ലോ ഫ്ലോർ ബിഎസ്-VI ബസുകളുടെ വാങ്ങലിനും വാർഷിക അറ്റകുറ്റപ്പണി കരാറിനുമായി 2020 മാർച്ചിൽ നൽകിയ മറ്റൊരു കരാറിലും ക്രമക്കേടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു.
നേരത്തെ മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിലെ അംഗത്തിനെതിരെ ലഫ്റ്റനന്റ് ഗവർണറുടെ ശുപാർശയിലാണ് സിബിഐ കേസെടുത്തത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ കള്ളപ്പണ കേസിൽ ഇ ഡിയും അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ ബിജെപി കെട്ടിച്ചമച്ച കേസുകളാണെന്ന് ആം ആദ്മി പാർട്ടിയും ആരോപിച്ചു. ലഫ്റ്റനന്റ് ഗവർണർ ബിജെപിക്കുവേണ്ടിയാണ് ജോലിചെയ്യുന്നതെന്നും ആം ആദ്മി വ്യക്തമാക്കി.