കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരുമെന്ന് ശ്രീനാരായണ ധർമ്മ സംഘം. സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ ഉൾക്കൊണ്ട്, പക്ഷഭേദമില്ലാതെ ജനങ്ങൾ പിന്തുണച്ചതുകൊണ്ടാണ് കേരളത്തിൽ രണ്ടാം പിണറായി സർക്കാർ വന്നതെന്നും ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ജാതിഭേദമോ മതഭേദമോ ഇല്ലാതെ എല്ലാ ജനതയ്ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അവരെ സഹായിക്കണമെന്നുമുള്ള നീതിബോധത്തോടെ പ്രവർത്തിച്ചതുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ശ്രീനാരായണ ഗുരുവിന്റെ പേര് കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിക്ക് ഇടണമെന്ന് മാറിമാറി വന്ന പല സർക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിണറായി സർക്കാർ ഗുരുവിന്റെ പേരിൽ ഒരു യൂണിവേഴ്സിറ്റി തന്നെ സ്ഥാപിച്ചു. ഇത് ചെറിയൊരു കാര്യമല്ല. വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേരിടാൻ ധൈര്യം കാണിച്ച സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.