രാഹുൽ ഗാന്ധിയുടെ ജാഥയെ കേരളാതിർത്തിയിൽ സ്വീകരിക്കാൻ പിണറായി വിജയൻ തയ്യാറാകണമായിരുന്നു എന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ പരാമർശത്തിനെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ. ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടാനും രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിന് ക്ഷണിക്കാനുമായി തന്നെ സന്ദർശിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിലുള്ള സംഘത്തോടായിരുന്നു അടൂരിൻ്റെ പ്രതികരണം. അതിനെതിരെ രൂക്ഷപരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചില പ്രതികരണങ്ങളിലേയ്ക്ക്.
“ഈ സാംസ്കാരിക നായകരെ കൊണ്ട് തോറ്റു. എന്തിനും ഏതിനും എന്തെങ്കിലും മണ്ടത്തരം പറഞ്ഞു കൊണ്ടേയിരിക്കണം. കേരള ജനത ഇവർക്ക് ഈ ദൗത്യം ഏൽപ്പിച്ചു കൊടൂത്തിരിക്കുന്നു എന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്”. – കെ പി അരവിന്ദൻ.
“അതേ യുക്തിവെച്ച് സന്തോഷ് പണ്ഡിറ്റ് തിരുവനന്തപുരത്ത് വരുമ്പോൾ കൊല്ലം ജില്ലയുടെ അതിർത്തിയിൽ പോയി അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കണം!” – ദീപക് ശങ്കരനാരായണൻ
“അടൂർ ഭാസി കോമഡി പറയുന്നത് പോലെ അടൂർ ഗോപാലകൃഷ്ണൻ കോമഡി പറയരുത്. മഹാ ബോറാണ്”. – ഇ എം സുരേഷ്.
“അടൂർ ഗോപാലകൃഷ്ണാനൊക്കെ ഇപ്പോഴും ഏതോ മൂഢ ലോകത്തിലാണ് . കോൺഗ്രസ്സ് ഇപ്പോഴും ഇന്ത്യയെ രക്ഷിക്കും എന്നാണ് കരുതിയിരിക്കുന്നത് പാവം. പിന്നെ പിണറായി കോണ്‍ഗ്രസ്സിന്റെ പരിപാടിയിൽ പങ്കെടുക്കണം എന്നൊക്കെ പറയുന്നത് അൽപ്പം കടന്ന കൈ അല്ലേ? രാഹൂൽ ഇപ്പോഴും കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ്സിന്റെ എം പി ആണ്. പ്രോട്ടോക്കോൾ തന്നെ പ്രശ്നമാണ്. അടൂർ ഗോപാലകൃഷ്ണനെപോലെ ഒരാൾ ഇത്തരം വിവരക്കേടുകൾ പറയുന്നത് ഒഴിവാക്കാമായിരുന്നു…” – സി സുരേഷ്.
“എന്റെ അടൂർ സാറേ പഫ്സ് തിന്നാനും കരിമീൻ പൊള്ളിച്ചതു തിന്നാനും ബീഫ് വിഭവങ്ങൾ മതിയാവോളം കഴിക്കാനും മറ്റു പലതരം ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിക്കാനും ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന നാടാണ് കേരളം അവരെയെല്ലാം മുഖ്യമന്ത്രി പോയി സ്വീകരിക്കണം എന്ന് പറഞ്ഞാൽ നടക്കാത്ത കാര്യമാണ് ഉത്തർപ്രദേശിൽ നിന്നായാലും ഇറ്റലിയിൽ നിന്നായാലും പട്ടായയിൽ നിന്നായാലും അവർ വരട്ടെ കേരളത്തിൻ്റെ അങ്ങോളമിങ്ങോളം ആതിഥ്യവും രുചി വൈവിധ്യങ്ങളും ആസ്വദിച്ചു തിരിച്ചു പോകട്ടെ, അവർക്ക് എന്തെങ്കിലും കാര്യമായ ബുദ്ധിമുട്ട് ഉണ്ടായാൽ തീർച്ചയായും മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കും. അതു പോരേ അടൂര്‍ സാറേ.” – അനിൽ പുളിക്കൻ.
“പിണറായി വിജയൻ രാഹുൽ ഗാന്ധിയെ കേരള അതിർത്തിയിൽ സ്വീകരിക്കണമായിരുന്നു എന്ന കോൺഗ്രസ് അനുഭാവിയായ അടൂർ ഗോപാലകൃഷ്ണൻ്റെ അഭിപ്രായം സ്വീകരിക്കപ്പെടേണ്ട നല്ല മാതൃകയാണ്.
പിണറായി വിജയൻ രാഹുലിനെ കേരള അതിർത്തിയിൽ സ്വീകരിക്കാൻ പോകട്ടെ. ഗോവിന്ദൻ മാഷ് ജാഥ നടത്തുമ്പോൾ മഞ്ചേശ്വരം അതിർത്തിയിൽ വി.ഡി സതീശനും കെ.സുധാകരനും സ്വീകരിക്കാൻ പോകട്ടെ. ഇവരൊക്കെ കൂടി കെ. സുരേന്ദ്രന്റെ ജാഥയുടെ സമാപന സമ്മേളനത്തിൽ മുഖ്യാഥിതികൾ ആകട്ടെ. നെന്മ പരക്കട്ടെ” – ശ്രീകാന്ത് പി കെ
ഇങ്ങനെ പോകുന്നു അടൂരിൻ്റെ പരാമർശത്തിനെതിരെയുള്ള പ്രതികരണങ്ങൾ!