ബ്രിട്ടൻ പ്രധാനമന്ത്രി ലിസ് ട്രസ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റതോടെയാണ് പ്രധാനമന്ത്രി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രിക്കൊപ്പം നിരവധി പാർലമെന്റ് അംഗങ്ങളും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
നേരത്തെ പ്രധാനമന്ത്രിയും പാർലമെന്റ് അംഗങ്ങളും, എലിസബത്ത് രാജ്ഞിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്താണ് അധികാരത്തിലെത്തിയത്. രാജ്ഞി മരണപ്പെടുകയും പുതിയ രാജാവായി മകൻ ചാൾസ് മൂന്നാമൻ അധികാരമേൽക്കുകയും ചെയ്തതോടെയാണ് പുതിയ നടപടി. രാജാവിന് കൂറ് പ്രഖ്യാപിച്ച് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് സ്പീക്കർ ലിൻഡ്സെ ഹോയിലിയാണ്. രാജാവ് മാറിയാൽ സത്യപ്രതിജ്ഞ പുതുക്കണമെന്ന് നിലവിൽ നിയമമില്ല. എന്നാൽ 650 പാർലമെന്റ് അംഗങ്ങൾക്കും താൽപര്യമുണ്ടെങ്കിൽ സത്യപ്രതിജ്ഞ പുതുക്കാം.