തിരുവനന്തപുരം : എകെജി സെൻ്ററിനുനേരെ നടന്നത്, കോൺഗ്രസിൻ്റെ ചുക്കാൻ തങ്ങളുടെ കൈയിലെത്തിയതോടെ അണികൾ ഉണർന്നു എന്ന് സ്ഥാപിക്കാൻ സുധാകരപക്ഷം ആസൂത്രണം ചെയ്ത ആർഎസ്എസ് മോഡൽ ആക്രമണങ്ങളുടെ ഭാഗം. ഇടുക്കിയിലെ നീരജ് വധം മുതൽ സിപിഎം സംസ്ഥാന കേന്ദ്രത്തിനെതിരെ നടന്ന ആക്രമണം വരെയുള്ള സംഭവങ്ങളിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പ്രതികരണങ്ങളെല്ലാം അക്രമങ്ങളെ ന്യായീകരിക്കുന്നതും അവ തുടരാൻ ആഹ്വാനം ചെയ്യുന്നതുമാണ്. നിസാരമായ വാക്കുതർക്കങ്ങളെപ്പോലും കൊലപാതകത്തിനുള്ള അവസരമാക്കുന്ന ആർഎസ്എസ് ശൈലി ധീരജ് വധം മുതലുള്ള സംഭവങ്ങളിൽ പ്രകടമാണ്.
മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാൻ ആഹ്വാനം നൽകിയ ബിജെപി നേതാക്കളായ എ എൻ രാധാകൃഷ്ണൻ്റെയും ബി ഗോപാലകൃഷ്ണൻ്റെയും ഭാഷയാണ് സുധാകരൻ്റെയും. പ്രകോപനമുണ്ടാക്കാൻ പാർടി ഓഫീസുകളെ ആക്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഘർഷം മുതലെടുത്ത് കൊലപാതകത്തിന് കത്തിയെടുക്കുന്നതും ആർഎസ്എസിൻ്റെ മാത്രം രീതിയാണ്.
സെമി കേഡറുകളെ സൃഷ്ടിക്കാൻ എന്ന പേരിൽ സുധാകരൻ കേരളത്തിലുടനീളം ചുറ്റിക്കറങ്ങിയത് ആർഎസ്എസ് ഹിറ്റ്സ്ക്വാഡുകൾക്ക് സമാനമായി കോൺഗ്രസ് ക്രിമിനൽ സംഘങ്ങളെ സജ്ജീകരിക്കാനാണ്. ക്രിമിനൽ സ്വഭാവമുള്ള പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും വീടുകളിലടക്കം നിത്യസന്ദർശനം നടത്തിയാണ് വീര്യം പകരുന്നത്. സിപിഎമ്മിനെതിരെ അക്രമം നടത്തിയാൽ നേതൃത്വത്തിൻ്റെ സംരക്ഷണമുണ്ടാകുമെന്ന സന്ദേശം നേതാവ് താഴേത്തട്ടിലിറങ്ങിത്തന്നെ നൽകുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിൽ വൻ ക്രമസമാധാനപ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഈ അജണ്ടയ്ക്ക് ബിജെപിയുടെ പൂർണ പിന്തുണയുമുണ്ട്. വയനാട് എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി തികഞ്ഞ പരാജയമായതും ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവ് പ്രതീക്ഷകൾ സമ്പൂർണമായി തകർന്നതും കേരളത്തിലെ അവരുടെ വിജയസാധ്യതയെ തുലോം ദുർബലപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ 19 സീറ്റ് നിലനിർത്താൻ യുഡിഎഫിനു സഹായകരമായ ഒരു സാഹചര്യവും സംസ്ഥാന, ദേശീയ തലങ്ങളിലില്ല. ഇതു മനസിലാക്കിയാണ് ആകെ അറിയുന്ന അക്രമത്തിൻ്റ ശൈലി തീവ്രമാക്കാൻ സുധാകര പക്ഷം തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെത്തന്നെ നേരിട്ട് ആക്രമിച്ചാൽ കേരളത്തിലെ തെരുവുകൾ കലാപഭൂമിയാകുമെന്നായിരുന്നു പ്രതീക്ഷ. അതു പാളിയപ്പോഴാണ് എകെജി സെൻ്ററിനു നേരെ ആക്രമണമുണ്ടാകുന്നത്.
ഇരു സംഭവങ്ങളും എല്ലാ തയ്യാറെടുപ്പുകളോടെയും കൂടിയാണ് നടത്തിയത്. സംസ്ഥാനതലത്തിൽ നടന്ന പ്രബലമായ ഗൂഢാലോചനയിലേയ്ക്കാണ് ഇവയൊക്കെയും വിരൽ ചൂണ്ടുന്നത്. എകെജി സെൻ്റർ ആക്രമണത്തിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങളെക്കണ്ട സുധാകരൻ ഭീഷണിയുടെ സ്വരത്തിൽത്തന്നെയാണ് സംസാരിച്ചത്. ധീരജിൻ്റെ കൊലയാളി നിഖിൽ പൈലിയെ പോലീസ് അറസ്റ്റു ചെയ്തപ്പോഴും സമാനമായ ഭീഷണി സുധാകരൻ മുഴക്കിയിരുന്നു.