എകെജി സെന്ററിന് നേരെ ബോംബാക്രമണം നടത്തിയ പ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനെന്ന് സൂചന. ആക്രമണം നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രതി കെ സുധാകരന്റെ വിശ്വസ്തനാണെന്ന് പ്രചരിക്കുന്നത്.
കഴിഞ്ഞ ജൂൺ മുപ്പത്തിനാണ് സ്കൂട്ടറിലെത്തിയ അക്രമി എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെന്ററിനുള്ളിൽ ഉള്ളപ്പോഴാണ് ആക്രമണം നടന്നത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നതായും പോലീസ് പറഞ്ഞു.
എകെജി സെന്റർ ബോംബാക്രമണം ആസൂത്രണം ചെയ്തയാളും പോലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു വരികയാണ്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്. അതേസമയം എകെജി സെന്റർ ബോംബാക്രമണ കേസിൽ യൂത്ത് കോൺഗ്രസാണ് പ്രതികളെന്നും, ആസൂത്രകൻ വി ഡി സതീശനും കെ സുധാകരനുമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
പോലീസ് അന്വേഷണം ശരിയായ ദിശയിലാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഉടനെ പുറത്തുവരും. തെറ്റായ പ്രചാരണം നടത്തിയവർക്ക് തിരുത്തി പറയേണ്ടി വരും. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പലതരത്തിലും പ്രകോപനം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപെടുത്താൻ ശ്രമിക്കുന്ന തരത്തിൽ പ്രതിഷേധം നടത്തി. അതിന് വേണ്ടി കണ്ണൂരിൽനിന്ന് ഗുണ്ടകളെ ടിക്കറ്റ് എടുത്ത് വിമാനത്തിൽ കയറ്റികൊണ്ടുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഈ ഗൂഢാലോചനയിലുള്ള പങ്ക് മറച്ചുവെയ്ക്കാൻ കഴിയില്ല. കൂടുതൽ പ്രകോപനം സൃഷ് ടിക്കാനാണ് എകെജി സെന്റർ ആക്രമിച്ചത്. അതിലെ സത്യാവസ്ഥ ഉടനെ പുറത്തുവരുമെന്നും സനോജ് പറഞ്ഞു.