തിരുവനന്തപുരം : എകെജി സെൻ്റർ ആക്രമണക്കേസിലെ പ്രതിയിലേയ്ക്ക് പോലീസെത്തിയത് സമാനമായ മറ്റൊരു ആക്രമണക്കുറിച്ചുള്ള അന്വേഷണത്തിനിടെ.
മേനംകുളം ഭാഗത്തു നടന്ന സമാനമായ മറ്റൊരു ആക്രമണക്കേസിലെ പ്രതിയെ ചോദ്യം ചെയ്യുതോടെയാണ് അന്വേഷണ സംഘത്തിന് നിർണായകമായ തുമ്പു ലഭിച്ചത്. ഈ പ്രതിയിൽ നിന്ന് സ്ഫോടകവസ്തു വിറ്റ ആളിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു. തുടർന്ന് അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അയാളാണ്, സമാനമായ സ്ഫോടക വസ്തു നേരത്തെ വാങ്ങിക്കൊണ്ടുപോയ കഴക്കൂട്ടത്തെ യൂത്ത് കോൺഗ്രസ് നേതാക്കളെക്കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്. അന്വേഷണം തങ്ങളിൽ കേന്ദ്രീകരിക്കുന്നു എന്നറിഞ്ഞതോടെ പടക്കമെറിഞ്ഞയാൾ വിദേശത്തേയ്ക്ക് കടന്നു.
ജില്ലയിലെ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഉറ്റ അനുയായിയാണ് എകെജി സെൻ്റർ ആക്രമിച്ച പ്രതി. സംഭവം ആസൂത്രണം ചെയ്തത് യൂത്ത് കോൺഗ്രസ് നേതാവാണ് എന്നാണ് വിവരം. ഇയാളുടെ ഭാര്യാവീട് കണ്ണൂരിലാണ്. കണ്ണൂരിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കളെല്ലാം ഇയാളുടെ ഫ്ലാറ്റിലെ നിത്യസന്ദർശകരാണ്.
മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നു എന്നും സൂചനകളുണ്ട്. മുഖ്യമന്ത്രിയ്ക്കുനേരെ വിമാനത്തിനുള്ള ആക്രമണം ആസൂത്രണം ചെയ്തതിൻ്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇതോടെ, സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ അരങ്ങേറിയ വലിയ ഗൂഢാലോചനയാണ് ചുരുളഴിയുന്നത്.
കേരളത്തിൽ കലാപമഴിച്ചുവിടാനുള്ള ചുമതല ഒരു സംഘം യൂത്ത് കോൺഗ്രസുകാരെ ഏൽപ്പിച്ചിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഗൂഢാലോചന നടന്നത് യൂത്ത് കോൺഗ്രസ് തലത്തിലാണോ അതിനു മുകളിലുള്ളവർക്കും പങ്കുണ്ടോ എന്ന് പ്രതിയെ അറസ്റ്റു ചെയ്യുന്നതോടെ വ്യക്തമാകും.
മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചു എന്ന് മനസിലായ ഉടൻ തന്നെ വിദേശത്തേയ്ക്ക് മുങ്ങാനുള്ള സഹായം പ്രതിയ്ക്ക് ലഭ്യമായി. ഉന്നതതലത്തിലുള്ള സംരക്ഷണം പ്രതിയ്ക്ക് ഉറപ്പു നൽകപ്പെട്ടിരുന്നു എന്നാണ് ഇതിനർത്ഥം. പ്രതിയെ അറസ്റ്റു ചെയ്യുന്നതോടെ കോൺഗ്രസ് വൻ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പ്.