കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിശ്വാസയോഗ്യമല്ലെന്ന് കോൺഗ്രസ് എംപിമാർ. ലോക്സഭാഗങ്ങളായ ശശി തരൂർ, കാർത്തി ചിദംബരം, പ്രദ്യുത് ബർദോലോയ്, അബ്ദുൾ ഖാലിഖ് എന്നിവരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് വ്യക്തമാക്കിയത്. വോട്ടർപട്ടിക പുറത്തുവിടണമെന്നതാണ് തങ്ങളുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത നേതൃത്വം തെറ്റായ വ്യാഖ്യാനം നൽകുന്നത് നിർഭാഗ്യകരമാണെന്നും പരാതി ഉന്നയിച്ച കോൺഗ്രസ് എംപിമാർ പറഞ്ഞു.
ഇത് സംബന്ധിച്ച് എംപിമാർ എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചു. നേരത്തെയും ഇതേ ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടർപട്ടിക കള്ളക്കണക്കാണെന്നും അവർ ആരോപിച്ചിരുന്നു.
പാർട്ടിയുടെ ഏതെങ്കിലും ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്ന് തങ്ങൾ നിർദ്ദേശിക്കുന്നില്ല. നാമനിർദ്ദേശ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികളുടെ ഒരു ലിസ്റ്റ് നൽകണം. ആർക്കാണ് സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ അർഹതയുള്ളതെന്നും വോട്ട് ചെയ്യാൻ അർഹതയെന്നും പരിശോധിക്കാൻ ഈ ലിസ്റ്റ് പുറത്തുവിട്ടെ മതിയാകു. 28 പിസിസികളിലേക്കും 9 കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വോട്ടർ പട്ടിക പരിശോധിക്കാൻ ഇലക്ട്രേറ്റർമാരും സ്ഥാനാർത്ഥികളും പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് അനാവശ്യമായ സ്വേച്ഛാധിപത്യം നീക്കം ചെയ്യുമെന്നും എംപിമാർ പറഞ്ഞു.
ഒക്ടോബർ പതിനേഴിന് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോപണങ്ങൾ നേതൃത്വത്തിന് തലവേദനയായി. ഒക്ടോബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതൃത്വം രംഗത്ത് വന്നതും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതുമാണ് അനിഷ്ക്രിതത്തിലായിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ കാരണം.