പി എം മനോജ്
രണ്ടു സന്ദർഭങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കൈ വിറച്ചിട്ടുണ്ട്-മനസ്സ് പതറിയിട്ടുണ്ട്. ആദ്യത്തേത് കെ വി സുധീഷിൻ്റെ രക്തസാക്ഷിത്വ ഘട്ടത്തിൽ. രണ്ടാമത്തേത് കൂത്തുപറമ്പ് വെടിവെപ്പ് വേളയിൽ. രണ്ടു സമയത്തും ഞാൻ റിപ്പോർട്ടറല്ല. കെ ബാലകൃഷ്ണനായിരുന്നു കണ്ണൂർ റിപ്പോർട്ടർ. 1994 ജനുവരി അവസാനം. കണ്ണൂരിൽ ദേശാഭിമാനി യൂണിറ്റ് ഉദ്ഘാടനം ജനുവരി മുപ്പത്തിനാണ്. ഞങ്ങൾ യാത്രിനിവാസിൽ താമസം. നൂറു പേജോളം വരുന്ന ഉദ്ഘാടന സപ്ലിമെൻ്റിൻ്റെയും പുതിയ പത്രം ഇറക്കുന്നതിൻ്റെയും തിരക്കിട്ട ജോലി. രാത്രി വൈകി ക്ഷീണിച്ചു കിടന്നുറങ്ങുകയാണ്.
പുലരാറായപ്പോൾ ഒരു നിലവിളികേട്ട് ഞെട്ടിയുണർന്നു. മുന്നിൽ ബാലകൃഷ്ണൻ. വാക്കുകൾ പുറത്തുവരുന്നില്ല. “നീ വിഷമിക്കരുത്, സമാധാനമായി കേൾക്കണം..” എന്നൊക്കെ മുഖവുര. ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് ശ്രീനിവാസേട്ടന്റെ (ഓഫിസ് സെക്രട്ടറി) ഫോൺ കോൾ വന്നതിനു ശേഷം സ്വന്തം ഉടുമുണ്ട് പോലും മറന്നുള്ള വരവായിരുന്നു.
ഒരു കൊലപാതകം നടന്നു എന്ന് അവ്യക്തമായി പറഞ്ഞു. അനിയന്മാരിൽ ഒരാൾ കൊല്ലപ്പെട്ടു എന്നാണ് കരുതിയത്. മനസ്സാന്നിധ്യം വരുത്താൻ ശ്രമിച്ചു. പരിഭ്രമവും ആശങ്കയും കടിച്ചമർത്തി. അപ്പോഴാണ്, കൊല്ലപ്പെട്ടത് സുധീഷ് ആണെന്ന് ബാലകൃഷ്ണൻ പറയുന്നത്. അതോടെ പൊട്ടിപ്പോയി. തൊട്ടു മുൻപത്തെ ദിവസങ്ങളിലൊന്നിൽ സുധീഷിനെ ഓഫിസിൽ കൂട്ടിക്കൊണ്ടുവന്നത്, എല്ലാവരെയും പരിചയപ്പെടുത്തിയത്, അവൻ പോകുമ്പോൾ ഇടുക്കി സമ്മേളനക്കാര്യം പറഞ്ഞത്-ഓർമ്മകൾ മിന്നി മറഞ്ഞു. സ്വബോധമില്ലാതായി.
പിറ്റേന്ന് തലശ്ശേരി ആശുപത്രി മോർച്ചറിയിൽ സുധീഷ് കിടക്കുന്നത് ഒരു നോക്കേ കാണാനായുള്ളൂ. തളർന്നു പോയി. അന്ന് വീട്ടിലെ ചില രംഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചുമതല കിട്ടി. എങ്ങനെ എഴുതും? എന്തെഴുതും? ഒരു വാക്കുപോലും വന്നില്ല. എന്നിട്ടും എഴുതി. അങ്ങനെ ഒരു പ്രതിസന്ധി ആദ്യമായിരുന്നു.
ആ വർഷം നവംബർ ഇരുപത്തിനാല് -രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് രാവിലെയേ പോകാൻ പറ്റൂ. നാളെ കൂത്തുപറമ്പിൽ ബാങ്ക് ഉദ്ഘാടനത്തിന് മന്ത്രി രാഘവനെ ഡിവൈഎഫ്ഐ കരിങ്കൊടി കാണിക്കുന്നുണ്ട്. അത് റിപ്പോർട്ട് ചെയ്യുമല്ലോ എന്ന് ബ്യുറോയിൽ നിന്ന് സ്നേഹത്തോടെയുള്ള ആവശ്യപ്രകടനം. സമ്മതിച്ചു. പോയത് പ്രിയപ്പെട്ട രാജീവൻ്റെയും റോഷൻ്റെയും മധുവിൻ്റെയും ബാബുവിൻ്റെയും ഷിബുലാലിൻ്റെയും രക്തസാക്ഷിത്വം റിപ്പോർട്ട് ചെയ്യാനായിരുന്നു എന്ന് കരുതിയതല്ല.
കെ വി വാസുവേട്ടനോട് റോഷൻ്റെ വിയോഗം മറച്ചുവെക്കാനായിരുന്നു എന്ന് നിരൂപിച്ചതല്ല. നരനായാട്ടിന് നേർക്കുനേർ സാക്ഷിയാകാനായിരുന്നു എന്ന് വിദൂര സ്വപ്നം പോലും കണ്ടതുമല്ല. പിന്നീട് എത്ര കോടതിമുറികളിൽ സാക്ഷിയായി. എത്ര എഴുത്തുകൾക്കും വരയ്ക്കും ഹേതുവായി….
1987 ലാണ് കോഴിക്കോട് ദേശാഭിമാനിയുടെ പടി കയറിയത്. പിന്നെ ദേശാഭിമാനിയിൽ നിന്ന് വേറിട്ടു നിൽക്കുന്ന അനുഭവങ്ങൾ കുറവ്. ഇ എം എസ് അടക്കമുള്ള നേതാക്കളുമായി നേരിട്ടിടപഴകുന്ന സന്ദർഭങ്ങൾ അന്നത്തെ സ്വകാര്യ അഹങ്കാരമായിരുന്നു, സി എം അബ്ദുറഹിമാനും സി പി അച്യുതനും ഇ പി ജനാർദ്ദനനും നരിക്കുട്ടി മോഹനനും ഇരിക്കുന്നതിനരികിൽ ജോലി ചെയ്യാൻ കഴിഞ്ഞത് അന്ന് കിട്ടിയ അറുന്നൂറു രൂപാ സ്റ്റൈപ്പൻ്റിൻ്റെ ആയിരം മടങ്ങ് മൂല്യമുള്ള സൗഭാഗ്യം.
1988 ൽ തിരുവനന്തപുരത്ത് ദേശാഭിമാനി യൂണിറ്റ് തുടങ്ങാൻ നിയോഗിക്കപ്പെട്ടവരിൽ ഒരാളായെത്തുമ്പോൾ ഒരപരിചിത ലോകമായിരുന്നു മുന്നിൽ. ആദ്യമായി ഒരു ഭാഷാ പത്രം ഡി ടി പി സംവിധാനത്തിൽ അച്ചടിച്ച് തുടങ്ങുന്നു. അന്ന് കംപ്യുട്ടർ പുതിയ കാഴ്ച. അച്ചു പെറുക്കി വെക്കാതെ കംപോസ് ചെയ്യാൻ കഴിയുന്നത് പുത്തൻ അനുഭവം. പലപ്പോഴും പ്രിൻ്റർ പണിമുടക്കും- കമ്പ്യൂട്ടർ ഹാങ് ആകും. പിന്നെ ഡി ടി പി ചെയ്യുന്ന വീടുകളിലും മറ്റും ചെന്ന് കംപോസ് ചെയ്യിക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പാകും.
അന്നത്തെ പ്രചോദനത്തിന്റെ രണ്ടു കേന്ദ്രങ്ങളുണ്ടായിരുന്നു- മാനേജർ പി കെ ചന്ദ്രാനന്ദനും അസിസ്റ്റൻ്റ് മാനേജർ സോമശേഖരൻ നായരും. സോമണ്ണൻ എന്നാണു സോമശേഖരൻ നായരെ ഞങ്ങൾ വിളിച്ചത്. സ്നേഹനിധിയായ മനുഷ്യൻ. ദേശാഭിമാനിയിൽ ഒരു നാൾ ഹൃദയ സ്തംഭനം മൂലം ആ ജീവൻ പൊലിഞ്ഞു. അന്ന് കാണാനായില്ല. ഇന്നും നീറുന്ന വേദനയാണ് സോമണ്ണൻ.
1989 ജനുവരി പതിനഞ്ച്. അന്ന് വൈകീട്ട് മദിരാശിയിൽ നിന്ന് ഒരു വാർത്ത വന്നു-പ്രേംനസീർ അന്തരിച്ചു എന്ന വലിയ വാർത്ത. അന്നത്തെ യുവാക്കളുടെ ടീമാണ് ഡെസ്കിൽ. ശ്രീകുമാർ, മനോഹരൻ, പി പി രാധാകൃഷ്ണൻ …പിന്നെ ഞങ്ങളെ നയിച്ച് എ കെ ഗോപാലകൃഷ്ണൻ, രവിവർമ്മ, രവീന്ദ്രനാഥ്, തുളസി ഭാസ്കരൻ….പെട്ടെന്ന് തന്നെ ചിത്രവും മറ്റും തെരഞ്ഞെടുത്ത് പത്രം തയാറാക്കി. ഉടനെ വരുന്നു, ഇല്ല മരിച്ചിട്ടില്ല എന്ന വിവരം. തയാറാക്കിയ പത്രം അപ്പാടെ മാറ്റി.
പക്ഷെ നസീറിൻ്റെ നില ഗുരുതരമാണ്. ഏതു നിമിഷവും അന്ത്യമുണ്ടാകാം. അന്ന് ഡെസ്കിൽ തന്നെയിരുന്നു. പുലരും വരെ വിവരമൊന്നുമില്ല. സിറ്റി എഡിഷൻ അച്ചടിച്ച് കൊള്ളാൻ അനുവാദം നൽകി ഡെസ്കിൽ തല ചായ്ച്ചു മയങ്ങി. ഉണരുമ്പോൾ കേരള കൗമുദി പത്രം മുന്നിൽ-അതിൽ പ്രേം നസീർ വിടപറഞ്ഞ വാർത്ത. അന്ന് തോന്നിയ നൈരാശ്യം വേറൊരിക്കലുമുണ്ടായിട്ടില്ല. പിന്നീടറിഞ്ഞു, കൗമുദി രാവിലെ ആദ്യകോപ്പികൾ പിൻവലിച്ചു വീണ്ടും അച്ചടിച്ചതായിരുന്നു എന്ന്.
1991 മാർച്ച് പതിനഞ്ചിന് രാത്രി വൈകി ഓഫിസിലേക്ക് ഒരു കോൾ വന്നു-അരവിന്ദൻ അന്തരിച്ചു എന്ന്. അന്ന് ഫോണെടുത്തയാൾ ഒറ്റവീർപ്പിൽ ഉത്തരം നൽകി-“ചരമ പേജ് ക്ളോസ് ചെയ്തല്ലോ”. പിറ്റേന്ന് ജി അരവിന്ദൻ്റെ മരണ വാർത്തയില്ലാതെ പുറത്തിറങ്ങിയ പത്രം ദേശാഭിമാനിയായിരുന്നു.
വി ജെ ടി ഹാളിൽ (ഇന്നത്തെ അയ്യങ്കാളി ഹാൾ) പൊതു ദർശനം. സാംസ്കാരിക മന്ത്രി ടി കെ ആയിരുന്നു. അവിടെ കണ്ടപ്പോൾ ടി കെ അടുത്തേക്ക് വിളിച്ചു- “എന്തിനാണെടോ നീയൊക്കെ ദേശാഭിമാനി ഇറക്കുന്നത്” എന്ന് ശബ്ദമുയർത്തി ശകാരം. അക്ഷരാർത്ഥത്തിൽ തല കുനിഞ്ഞു പോയ നിമിഷമായിരുന്നു അത്.
പി കെ സിയുടെയും കെ മോഹനേട്ടൻ്റെയും ചെല്ലങ്ങളിൽ നിന്ന് മുറുക്കാൻ അധികാരഭാവത്തിൽ എടുത്ത നാളുകൾ ഓർമ്മയാണോ അഹങ്കാരമാണോ എന്ന് പറയാനാവില്ല. പി കെ സിയെ എല്ലാവരും പിശുക്കനായിട്ടാണ് പറഞ്ഞത്. പക്ഷെ, എനിക്കൊരു കുഞ്ഞു പിറന്നപ്പോൾ 5500 രൂപ കയ്യിൽ കൊണ്ട് വന്നു തന്ന്, ഇത് പിന്നെ പിടിച്ചുകൊള്ളാം, ഇനിയും വേണമെങ്കിൽ പറഞ്ഞോളൂ എന്ന് സ്നേഹം തുളുമ്പിയ മുഖത്തോടെ തോളിൽ തട്ടിയ ആ മഹത്വം ഞാനല്ലേ അനുഭവിച്ചറിഞ്ഞിട്ടുള്ളൂ.
മുഖ്യമന്ത്രിയായിരിക്കെ നായനാർ പരസ്യ വോട്ട് ചെയ്തു എന്നൊരു വ്യാജ വാർത്ത വന്നു. അന്ന് ആ വാർത്ത തെളിവുകൾ നിരത്തി പൊളിക്കാനായത് പത്രപ്രവർത്തന ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണ്. കള്ളം തുറന്നു കാട്ടുക മാത്രമല്ല, അത് ആളിക്കത്തിക്കാൻ മനോരമ നടത്തിയ തെറ്റായ നീക്കങ്ങൾ തുറന്നു കാട്ടാനും കഴിഞ്ഞു.
സ. നായനാരുടെ പ്രതികരണം, “അനക്ക് ഞാനൊരു ബിരിയാണി വാങ്ങിത്തരും” എന്നായിരുന്നു.
ബി ജെ പി കേരളം പിടിക്കാൻ പോകുന്നു എന്ന് കൊണ്ട് പിടിച്ചു പ്രചാരണം നടത്തിയ കാലം. അമിത് ഷാ കണ്ണൂരിൽ നടക്കാനിറങ്ങി. മാധ്യമ പിന്തുണ ബിജെപിക്കായിരുന്നു. അമിത് ഷായുടെ ജാഥ തുടങ്ങിയ ദിവസം ദേശാഭിമാനി ഇറങ്ങിയത്, ബി ജെ പി ഭരണമുള്ള സംസ്ഥാനങ്ങളിൽ അന്ന് നടന്ന അതിക്രമങ്ങൾ സചിത്രം വിവരിക്കുന്ന വാർത്തകൾ നിരത്തിയ ജാക്കറ്റുമായിട്ടായിരുന്നു.
പിറ്റേന്ന് തയാറാക്കിയ ജാക്കറ്റ്, ആർ എസ് എസ് കേരളത്തിൽ കൊന്നൊടുക്കിയ സി പി ഐ എം പ്രവർത്തകരുടെ ചിത്രങ്ങളുമായി. ആ പത്രത്താളുകൾ നാടാകെ ഏറ്റെടുത്തു-പോസ്റ്ററുകളായി കവലകളിലും മറ്റും പ്രചരിച്ചു. രണ്ടു ദിവസം കൊണ്ട് ബി ജെ പി ജാഥ സ്വയം ഒടുങ്ങി. ദേശാഭിമാനിയുടെ രാഷ്ട്രീയ ഇടപെടലിന്റെ വിജയമായിരുന്നു അത്.
ലാവലിൻ കേസ് ഇക്കാലത്തെ വിട്ടുകളയാനാവാത്ത അധ്യായമാണ്. ഓരോ ദിവസവും സൃഷ്ടിക്കപ്പെട്ട ആരോപണങ്ങളെ ഒന്നൊന്നായി പൊളിച്ചടുക്കുന്നതിൽ ദേശാഭിമാനി മുന്നിൽ തന്നെനിന്നൂ. ലാവലിൻ കമ്പനിക്കു കരാർ നൽകാൻ അന്ന് മന്ത്രിയായിരുന്ന പിണറായി വിജയൻ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വരദാചാരിയുടെ തല മനോരോഗ വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കണം എന്ന് ഫയലിൽ കുറിച്ച് എന്നായിരുന്നു മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്ത.
അതൊടുവിൽ സി ബി ഐ യുടെ “കണ്ടെത്തലും” കുറ്റാരോപണവുമായി. പഞ്ചായത്തുകളുടെ ഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കാം എന്ന നിർദേശത്തെ, സഹകരണ സംഘങ്ങൾക്ക് വിശ്വാസ്യതയില്ല എന്ന് ധനസെക്രട്ടറിയായിരുന്ന വരദാചാരി ഫയലിലെഴുതി തള്ളിക്കളഞ്ഞിരുന്നു. തുടർന്ന്, സഹകരണസംഘങ്ങൾക്ക് വിശ്വാസ്യതയില്ല എന്ന് ഫയലിൽ കുറിച്ച ധനസെക്രട്ടറിയുടെ തല പരിശോധിക്കണം എന്ന് സഹകരണ വകുപ്പു മന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന നായനാർക്ക് കുറിപ്പ് നൽകിയിരുന്നു.
ആ സംഭവമാണ് വ്യാജ കഥാ നിർമ്മിതിയുടെ “ലാവലിൻ തെളിവ് ” ആക്കി മാറ്റിയത്. അത് തെളിയിച്ചിത് ദേശാഭിമാനിയാണ്. മൂന്നരപ്പതിറ്റാണ്ടോളം നീളുന്ന അനുഭവ പരമ്പരയിൽ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് “വരദാചാരിയുടെ തല”.
ദേശാഭിമാനി അനുഭവങ്ങൾ ഒരു കുറിപ്പിന്റെയോ പുസ്തകത്തിന്റെയോ അതിരുകളിൽ ഒതുങ്ങുന്നതല്ല. ജീവിതം തന്നെയാണത്. കേരളത്തിന്റെ ബദൽ മാധ്യമമായ ദേശാഭിമാനിയുടെ ഒരരികിൽ ഉണ്ടായിരുന്നു എന്ന് പറയുന്നതിൽ പരം അഭിമാനം വേറെന്ത്…